ബഹിരാകാശത്ത് ആദ്യ കൊമേഷ്യൽ സ്പേസ് വാക്ക് നടത്തി ജാറഡ് ഐസക്മാൻ, സാറാ ഗിലിസ് എന്നിവർ. പൊളാരിസ് ഡൗൺ ദൗത്യത്തിലൂടെ ഇലോൺ മസ്കിന്റെ സ്പേസ് എക്സാണ് പുതു ചരിത്രം കുറിച്ചത്. ഭൂമിയിൽ നിന്ന് 650 ൽ ഏറെ കിമീ അകലെയാണ് സ്‌പേസ് വാക്ക് നടത്തിയത്. നാസയുടെ അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യർ ഇതുവരെ എത്തിയിട്ടില്ലാത്ത മേഖലയിലായിരുന്നു സംഘത്തിന്റെ സപേസ് വാക്ക്. ജാരെഡ് ഐസക്മാൻ, സ്‌കോട്ട് പൊറ്റീറ്റ്, സാറാ ഗില്ലിസ്, അന്നാ മേനോൻ എന്നിവരാണ് ദൗത്യത്തിലുള്ളത്. സ്പേസ് എക്സ് വികസിപ്പിച്ച ബഹിരാകാശ വസ്ത്രം ധരിച്ചുള്ള ആദ്യ ബഹിരാകാശ നടത്തം കൂടിയാണിത്.
മടങ്ങി വീട്ടിലെത്തുമ്പോൾ ഒരുപാട് ജോലികൾ ബാക്കിയാണെങ്കിലും ഇവിടെനിന്നു നോക്കുമ്പോൾ ഭൂമി എല്ലാം തികഞ്ഞൊരു ലോകമാണെന്നാണ് ആദ്യ യാത്രക്ക് പിന്നാലെ ജാറഡ് ഐസക്മാന്റെ പ്രതികരണം. വ്യാഴാഴ്ച രാവിലെ 6.52ന് ശതകോടീശ്വരൻ കൂടിയായ ജാറഡ് ഐസക്മാൻ ആണ് ആദ്യമായി ബഹിരാകാശത്ത് ചുവടുവെച്ചത്. പിന്നാലെ സ്പേസ് എക്സിന്റെ എഞ്ചിനീയർ സാറാ ഗിലിസും ബഹിരാകാശത്തേക്കിറങ്ങി. മുപ്പത് മിനിറ്റായിരുന്നു നടത്തം. തയ്യാറെടുപ്പുകൾക്ക് മാത്രം ഒരു മണിക്കൂറും 46 മിനിറ്റുമെടുത്തിട്ടുണ്ട്.
ഈ മാസം 10ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നായിരുന്നു പൊളാരിസിന്റെ വിക്ഷേപണം. ചൊവ്വാഴ്ച പുലർച്ചെ മുതൽ ഭൂമിയെ ചുറ്റുന്ന പേടകത്തിൽ 4 യാത്രികരാണ് ഉണ്ടായിരുന്നത്.