30 വയസിന് മുകളിലുള്ള ഒട്ടുമിക്ക സ്ത്രീകളും പുരുഷന്മാരും നേരിടുന്നൊരു പ്രശ്നമാണ് മാനസികസമ്മർദ്ദം. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഇസ്ട്രജൻ, പ്രൊജസ്ട്രോൺ തുടങ്ങിയ പ്രത്യുത്പാദന ഹോർമോണുകളുടെ ഉത്പാദനം കുറയുമ്പോഴാണ് ഇത്തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഈ സമയത്താണ് ചിലർക്ക് പെട്ടെന്ന് ദേഷ്യവും സങ്കടവുമൊക്കെ വരുന്നത്. തന്നെ ആർക്കും വേണ്ട, താൻ ഒറ്റയ്‌ക്കാണ് എന്നിങ്ങനെയുള്ള ചിന്തകൾ 30 വയസിന് ശേഷം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇങ്ങനെ ഉണ്ടാകുമ്പോൾ പലരും മാനസികമായി തളർന്ന് പോകാറുണ്ട്. തനിക്ക് മാത്രം എന്താണ് ഇങ്ങനെയുണ്ടാകുന്നതെന്ന് പലരും ചിന്തിക്കും. എന്നാൽ ഇത് ഒരാളെയോ ഒരു കൂട്ടം ആളുകളെയോ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. നെഗറ്റീവ് ചിന്തകൾ കാരണം ഹാപ്പി ഹോർമോണുകൾ ഉണ്ടാകാനുള്ള സാധ്യതയും കുറവായിരിക്കും. ഇതാണ് പല തരത്തിലുള്ള മാനസിക വിഷമങ്ങൾക്ക് കാരണമാവുന്നത്.
പല തരത്തിലുള്ള ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുന്നൊരു പ്രായമാണ് 30-45 വയസുവരെയുള്ള സമയം. ഉച്ചത്തിൽ സംസാരിക്കുക, നിയന്ത്രിക്കാനാകാതെ ദേഷ്യം വരിക, കാരണമില്ലാതെ കരയുക എന്നിവയൊക്കെയാണ് ഹോർമോൺ വ്യതിയാനങ്ങളുടെ ലക്ഷണങ്ങളാണ്. കൃത്യമായ ദിനചര്യങ്ങൾ ഉണ്ടാക്കി എടുക്കുക എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന പ്രതിവിധി. എല്ലാ ദിവസവും വ്യായാമം, യോഗ എന്നിവ ശീലമാക്കുക. സന്തോഷം തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക, മൊബൈൽ ഫോണിന്റെ അമിത ഉപയോഗം ഒഴിവാക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ, ഹോർമോൺ വ്യതിയാനങ്ങൾ മൂലം ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ കുറയ്‌ക്കാനാവുമെന്നാണ് വിദഗ്ധർ പറയുന്നത്.