നിങ്ങളുടെ കുട്ടികളുടെ ഇഷ്ട പാനീയങ്ങള്‍ ഏതൊക്കെയാണ്. ലിസ്റ്റില്‍ പാല്, കോള, ചായ, കാപ്പി,ജ്യൂസ് തുടങ്ങി പച്ചവെള്ളം വരെയുണ്ടാവും അല്ലേ. പക്ഷേ കുട്ടികള്‍ക്ക് കുടിക്കാന്‍ പുറത്തുനിന്നും മറ്റും വാങ്ങി നല്‍കുന്ന പല പാനീയങ്ങളും എത്രത്തോളം വിശ്വാസയോഗ്യമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? കുട്ടികള്‍ക്ക് മുതിര്‍ന്നവരെ അപേക്ഷിച്ച് രോഗപ്രതിരോധ ശേഷി വളരെ കുറവാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് കൊടുക്കുന്ന ആഹാരത്തിലും ആ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കുട്ടികള്‍ക്ക് കൊടുക്കാന്‍ കഴിയുന്ന നല്ലതും ചീത്തയുമായ പാനീയങ്ങളുടെ ലിസ്റ്റ് ഇതാ..
വെള്ളവും പാലും
വെള്ളവും പാലുമാണ് കുട്ടികള്‍ക്ക് കുടിക്കാന്‍ കൊടുക്കാന്‍ ഏറ്റവും അനുയോജ്യം. പഞ്ചസാരയോ കലോറിയോ ചേര്‍ക്കാതെ ജലാംശം നിലനിര്‍ത്താന്‍ കുട്ടികള്‍ക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല പാനീയമാണ് സാധാരണ വെള്ളം. അതുപോലെതന്നെ കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവയുടെ നല്ല ഉറവിടമാണ് പാല്‍. കുട്ടിക്ക് പാലിനോട് അലര്‍ജിയോ മറ്റോ ആണെങ്കില്‍ പാലിന് പകരം ബദാംമില്‍ക്ക്, ഓട്ട്‌സ്
പാല്‍ എന്നിവയും പകരമായി നല്‍കാവുന്നതാണ്.
ഫ്രഷ് ജ്യൂസ്
പഞ്ചസാര ചേര്‍ക്കാതെ അടിച്ചെടുത്ത ഫ്രഷ്ജ്യൂസ് കുട്ടികള്‍ക്ക് കൊടുക്കുന്നത് വളരെ ആരോഗ്യകരമായ ഒന്നാണ്. പഴച്ചാറുകളില്‍ ധാരാളം വിറ്റാമിനുകളും ആന്റി ഓക്‌സിഡന്‍ഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.
ഹെര്‍ബല്‍ ടീ
ചമോമൈല്‍, പെപ്പര്‍മിന്റ് തുടങ്ങിയ ഹെര്‍ബല്‍ ടീകള്‍ അധിക മധുരം ചേര്‍ക്കാതെ ചൂടോടെ കൊടുക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
കുട്ടികള്‍ക്ക് കൊടുക്കരുതാത്ത മോശം പാനീയങ്ങള്‍
പഞ്ചസാരയുടെ അളവ് കൂടുതലുള്ള ജ്യൂസുകളും കോളകളും മറ്റും ദന്തക്ഷയം, പൊണ്ണത്തടി, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇവ വര്‍ദ്ധിപ്പിക്കുന്നു.
കോളകള്‍
കോളകള്‍ കുട്ടികള്‍ക്ക് നല്‍കരുതാത്ത ഏറ്റവും മോശം പാനീയങ്ങളാണ്. ഇവയില്‍ പഞ്ചസാരയുടെ അംശം കൂടുതലാണ്. ഇത് പതിവായി കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.
എനര്‍ജി ഡ്രിങ്കുകള്‍
എനര്‍ജി ഡ്രിങ്കുകളില്‍ ധാരാളമായി കഫീന്‍ അടങ്ങിയിട്ടുണ്ട്. ചില പാനീയങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമായ ഉത്തേജകങ്ങളും അടങ്ങിയിട്ടുണ്ട്.ഇത് കുട്ടികളുടെ ഉറക്കത്തെ തടസപ്പെടുത്തുന്നു.
സ്‌പോര്‍ട്ട് പാനീയങ്ങള്‍
ഈ പാനീയങ്ങള്‍ ആരോഗ്യമുള്ളതായി പറയപ്പെടുന്നുവെങ്കിലും അവയില്‍ അസാധാരണമായ അളവില്‍ പഞ്ചസാരയും കൃത്രിമ നിറവും അടങ്ങിയിരിക്കുന്നു.
ഫ്‌ളേവേര്‍ഡ് മില്‍ക്ക്
ഇത്തരം പാലുകള്‍ ആരോഗ്യകരമായ നല്ല ഓപ്ഷനാണെന്ന് പറയുമെങ്കിലും ഇവയില്‍ ധാരാളമായി പഞ്ചസാരയും ഫ്‌ളേവറുകളും അടങ്ങിയിരിക്കുന്നതിനാല്‍ ഇതൊരു നല്ല തിരഞ്ഞെടുപ്പായിരിക്കില്ല.