ഫെഡറൽ സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച വീട്ടിലിരുന്ന് ജോലിചെയ്യാൻ അനുമതി

യു.എ.ഇ.യിലെ പുതിയ വാരാന്ത്യ അവധി തുടങ്ങുന്ന വെള്ളിയാഴ്ചകളിൽ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലിചെയ്യാൻ അനുമതി. ജോലിസ്ഥലങ്ങളിൽനിന്നും അകലെ താമസിക്കുന്നവർക്കും പ്രത്യേക സാഹചര്യങ്ങളിലുള്ളവർക്കുമാണ് ഇതിന് അനുമതി നൽകിയിരിക്കുന്നത്. സൗകര്യപ്രദമായ ജോലി സമയവും അല്ലെങ്കിൽ വർക്ക് ഫ്രെംഹോം രീതിയും സ്വീകരിക്കാം. എങ്കിലും 70 ശതമാനം സർക്കാർ ജീവനക്കാരും സേവനനിരതരായി തൊഴിലിടങ്ങളിലുണ്ടെന്ന് ഉറപ്പാക്കണം.

വർക്ക് ഫ്രെം ഹോമിന് അനുയോജ്യമായ ജോലികൾ ഓരോ സ്ഥാപനവും നിശ്ചയിക്കണം. ഇതിന് ജീവനക്കാർ മാനേജരുടെ മുൻകൂർ അനുമതി വാങ്ങിയിരിക്കണം. വകുപ്പ് മേധാവിയുമായും എച്ച്.ആർ. വകുപ്പുമായും ഏകോപിപ്പിച്ചാണ് തീരുമാനമെടുക്കേണ്ടത്. യു.എ.ഇ. പുതിയ വാരാന്ത്യഅവധിയിലേക്ക് മാറിയതിനാൽ ഫെഡറൽ അതോറിറ്റി ഫോർ ഗവ.ഹ്യൂമൻ റിസോഴ്‌സസ് പുറത്തിറക്കിയ റിമോട്ട് വർക്ക് റെഗുലേഷനിലാണ് ഇക്കാര്യമുള്ളത്. സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലെ ചില ജീവനക്കാരും വെള്ളിയാഴ്ചകളിൽ പകുതിദിവസം ജോലിചെയ്യുന്നതാണ് പുതിയ സമ്പ്രദായം.

 ശനി, ഞായർ ആണ് രാജ്യത്തെ പുതിയ വാരാന്ത്യ അവധി. മെച്ചപ്പെട്ട ജീവിതസാഹചര്യമൊരുക്കി തൊഴിൽ ജീവിത സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് ജീവനക്കാരെ സഹായിക്കുന്നതിനുമാണ് പുതിയ വാരാന്ത്യ അവധി നടപ്പാക്കിയത്. സർക്കാർ ജീവനക്കാർക്ക് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30-ന് ആരംഭിച്ച് 3.30-ന് അവസാനിക്കും. വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 വരെയാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights