ഫ്രാൻസിലെ പെൻഷൻ പരിഷ്കരണ നിയമത്തിൽ ഒപ്പിട്ട് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. രാജ്യത്തെ പെൻഷൻ പ്രായം 62 ൽ നിന്ന് 64 ആക്കി ഉയർത്തുന്നതാണ് പുതിയ നിയമം. നിയമം നടപ്പാക്കരുത് എന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിഷേധങ്ങളെ അവഗണിച്ചാണ് സർക്കാരിന്റെ നടപടി. പുതിയ പ്രഖ്യാപനത്തിനു പിന്നാലെ പ്രതിഷേധക്കാരിൽ ചിലർ പാരീസിലെ ചിലയിടങ്ങളിൽ തീയിട്ടു. 112 പേരെ പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
പുതിയ പെൻഷൻ പരിഷ്കാരങ്ങളെ എതിർക്കുന്നത് തുടരുമെന്ന് രാജ്യത്തെ വിവിധ യൂണിയനുകൾ അറിയിച്ചിട്ടുണ്ട്. നിയമം പിൻവലിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. മെയ് ഒന്നിന് ഫ്രാൻസിലുടനീളമുള്ള തൊഴിലാളികളോട് പ്രതിഷേധത്തിനായി ഒത്തുകൂടണമെന്നും ഇവർ ആഹ്വാനം ചെയ്തിട്ടുണ്ട്.
എന്നാൽ, നിലവിലെ പെൻഷൻ സമ്പ്രദായത്തിൽ ചില പരിഷ്കാരങ്ങൾ അനിവാര്യമാണെന്നാണ് പ്രസിഡന്റ് മാക്രോണിന്റെ വാദം. ഇക്കഴിഞ്ഞ മാർച്ചിൽ, ഭരണഘടനാപരമായ പ്രത്യേക അധികാരം ഉപയോഗിച്ചാണ് സർക്കാർ വോട്ടെടുപ്പില്ലാതെ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഈ നിർദേശത്തിന് വെള്ളിയാഴ്ചയാണ് കോടതിയുടെ അംഗീകാരം ലഭിച്ചത്. പിന്നാലെ, ശനിയാഴ്ച രാവിലെ പുതിയ നിയമത്തിൽ പ്രസിഡന്റ് ഒപ്പു വെച്ചു.
സെപ്തംബർ ആദ്യത്തോടെ പുതിയ പരിഷ്‌കാരങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നതായി തൊഴിൽ മന്ത്രി ഒലിവിയർ ഡസ്സോപ്റ്റ് പറഞ്ഞു. പുതിയ നിയമം 50 വയസിനു മുകളിലുള്ളവരുടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്ന നിയമത്തിൽ ഒപ്പിടരുതെന്ന് ട്രേഡ് യൂണിയനുകൾ പ്രസിഡന്റിനോട് ആവർത്തിച്ച് അഭ്യർത്ഥന നടത്തിയെങ്കിലും സർക്കാർ നിയമവുമായി മുന്നോട്ടു പോകുകയായിരുന്നു. പുതിയ പരിഷ്‌കാരങ്ങളിൽ ചേർത്തിട്ടുള്ള ആറ് ഇളവുകൾ കോടതി നിരസിച്ചു,
തങ്ങളുടെ അഭിപ്രായം സർക്കാർ പരിഗണിക്കുന്നില്ല എന്നതിൽ താൻ നിരാശയാണെന്ന് പാരിസിലെ സിറ്റി ഹാളിന് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാരിൽ ഒരാളും 21 കാരിയുമായ ലൂസി ബിസിസിയോട് പറഞ്ഞു. തങ്ങൾ ഇത്രത്തോളം ശബ്ദമുയർത്തിയിട്ടും ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ല എന്നും എങ്കിലും ഇനിയും പ്രതിഷേധം തുടരുമെന്നും ലൂസി കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ചോർത്ത് തനിക്ക് ആശങ്കയുണ്ടെന്ന് 27 കാരനായ ലൂക്കാസ് പറഞ്ഞു. ”രാജ്യത്തെ ജനങ്ങളെക്കാൾ പ്രസിഡന്റിന്റെ രാജവാഴ്ചയ്ക്ക് അനുസരിച്ചാണ് ഭരണഘടനാ കൗൺസിൽ തീരുമാനങ്ങൾ എടുക്കുന്നത്”, അദ്ദേഹം കൂട്ടിച്ചേർത്തു. “ഇതിൽ ആരും ജയിച്ചിട്ടില്ല, ആരും പരാജയപ്പെട്ടിട്ടുമില്ല”, എന്നാണ് ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ വെള്ളിയാഴ്ച ട്വീറ്റ് ചെയ്തത്.
പെൻഷൻ പരിഷ്കരണത്തിനെതിരെ കഴിഞ്ഞ മൂന്ന് മാസമായി ഫ്രാൻസിൽ ഉടനീളം നടക്കുന്ന പ്രതിഷേധങ്ങൾ ഉടൻ അവസാനിക്കുമെന്ന് താൻ കരുതുന്നില്ലെന്ന് ഫ്രഞ്ച് രാഷ്ട്രീയ നിരീക്ഷകൻ അന്റോയിൻ ബ്രിസ്റ്റിൽ ബിബിസിയോട് പറഞ്ഞു. നിയമം നടപ്പിലാക്കുന്നതിൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “വരും ദിവസങ്ങളിൽ രാജ്യത്ത് ധാരാളം കലാപങ്ങളും ഹർത്താലുകളുമെല്ലാം ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു, കാരണം ഫ്രഞ്ച് ജനസംഖ്യയുടെ 70 ശതമനവും ഇപ്പോഴും പെൻഷൻ പരിഷ്കരണത്തിന് എതിരാണ്”, അന്റോയിൻ ബ്രിസ്റ്റിൽ പറഞ്ഞു.