യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പുതിയ നികുതി സമ്പ്രദായം ഏര്‍പ്പെടുത്തിയതോടെ നികുതിയുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളിലെ നികുതി സേവന വിപണി (Tax Advisory Market) മറ്റ് ലോകരാഷ്ട്രങ്ങളേക്കാള്‍ നാല് മടങ്ങ് വളരുമെന്നാണ് വിലയിരുത്തല്‍. യു.എ.ഇയില്‍ കോര്‍പറേറ്റ് നികുതിയും ഒമാനില്‍ ആദായ നികുതിയും ഏര്‍പ്പെടുത്തിയ മാതൃകയില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളും പുതിയ നികുതി ഘടന കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഈ മേഖലയില്‍ പണിയെടുക്കാന്‍ മതിയായ ആളെക്കിട്ടുന്നില്ലെന്ന് ലണ്ടന്‍ ആസ്ഥാനമായ സോഴ്‌സ് ഗ്ലോബല്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ടാക്‌സ് കണ്‍സള്‍ട്ടന്‍സി പോലുള്ള ജോലികളില്‍ മതിയായ പരിജ്ഞാനം ഉള്ളവരെ കിട്ടാനില്ലെന്ന് മിക്ക കമ്പനികളും പരാതി പറയുന്നതായും ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നികുതി ഏര്‍പ്പെടുത്താന്‍ കൂടുതല്‍ രാജ്യങ്ങള്‍
2018ല്‍ അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതിയും (വാറ്റ്) കഴിഞ്ഞ വര്‍ഷം 9 ശതമാനം കോര്‍പറേറ്റ് നികുതിയും യു.എ.ഇയില്‍ നടപ്പിലാക്കിയിരുന്നു. പുകയില ഉത്പന്നങ്ങള്‍, ചില പാനീയങ്ങള്‍ എന്നിവക്ക് കനത്ത എക്‌സൈസ് നികുതിയും യു.എ.ഇ ചുമത്തി. അടുത്ത് തന്നെ വ്യക്തികള്‍ക്ക് ആദായ നികുതി ഏര്‍പ്പെടുത്തുമെന്ന് ഒമാനും അറിയിച്ചിട്ടുണ്ട്.ആദായ നികുതി സമ്പ്രദായം ഏര്‍പ്പെടുത്തുന്ന ആദ്യ ഗള്‍ഫ് രാജ്യമാണ് ഒമാന്‍. ഏകദേശം ആറ് ലക്ഷം ഇന്ത്യക്കാരെ ഇത് ബാധിക്കുമെന്നാണ് കണക്ക്. മറ്റ് ഗള്‍ഫ് രാജ്യങ്ങളായ ബഹറൈന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയവരും വിവിധ തരത്തിലുള്ള നികുതി ഈടാക്കുന്നുണ്ട്. 15 ശതമാനമാണ് സൗദി അറേബ്യ ഈടാക്കുന്ന മൂല്യവര്‍ധിത നികുതി. കൂടുതല്‍ നികുതി രീതികളിലേക്ക് ഗള്‍ഫ് രാജ്യങ്ങള്‍ കടക്കുമെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്)യും കണക്കുകൂട്ടല്‍.
മലയാളികള്‍ക്ക് വന്‍ തൊഴിലവസരം
ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കാരായ ടാക്‌സ് പ്രൊഫഷണലുകള്‍ക്ക് എല്ലാകാലത്തും വലിയ ഡിമാന്‍ഡുണ്ട്, പ്രത്യേകിച്ചും മലയാളികള്‍ക്ക്. ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ നികുതിയിലേക്ക് കടക്കുന്നതോടെ ഈ മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ധിക്കും. മേഖലയിലെ 41 ശതമാനം കമ്പനികളും ടാക്‌സ് പ്രൊഫഷണലുകളുടെ ക്ഷാമം നേരിടുന്നതായി പ്രതികരിച്ചിട്ടുണ്ട്. പുതിയ ആളുകളെ നിയമിച്ചും നിലവിലുള്ള ജീവനക്കാര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കിയുമാണ് കമ്പനികള്‍ ഇതിനെ നേരിടുന്നത്.