ഇന്ത്യയില്‍ യൂസ്ഡ് കാര്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ധനയെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: ഇന്ത്യയിൽ യൂസ്ഡ് കാറുകൾക്ക് പ്രിയമേറുന്നു. വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ രാജ്യത്തെ ജനങ്ങൾ പഴയ കാറുകൾ വിറ്റഴിച്ചത് ഏകദേശം 1250 കോടി രൂപയ്ക്കാണ്.ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ പ്രീ-ഓൺഡ് കാറുകളുടെ വിൽപ്പനയിൽ വൻ കുതിച്ചുച്ചാട്ടം ഉണ്ടായതായി CARS24-ന്റെ ഡ്രൈവ് ടൈം റിപ്പോർട്ടിൽ പറയുന്നു. 2022 ജനുവരി മുതൽ മാർച്ച് വരെയുള്ള കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ യൂസ്ഡ് കാർ വിൽപ്പനയിൽ 100 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഓഫീസിലിരുന്ന് ജോലി ചെയ്യുന്ന രീതി പുനരാരംഭിച്ചതോടെ സെക്കൻഡ് ഹാൻഡ് കാർ വിപണിയിൽ വളർച്ച രേഖപ്പെടുത്തിയിരിക്കുകയാണ്,’ കമ്പനി സഹസ്ഥാപകൻ ഗജേന്ദ്ര ജൻഗിദ് പറഞ്ഞു.

മറ്റ് ചില രസകരമായ കാര്യങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ശരാശരി മൂന്ന് മണിക്കൂറാണ് കാർ വാങ്ങുന്നതിനായി ഇന്ത്യക്കാർ ഓൺലൈനിൽ ചെലവഴിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

മെട്രോ നഗരങ്ങളിലും യുസ്ഡ് കാർ വിൽപ്പന വളരെ സജീവമാണ്. ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്നത് ഡൽഹിയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. തൊട്ടടുത്ത സ്ഥാനത്ത് ബംഗളൂരുവാണ്. മുംബൈ, ഹൈദരാബാദ്, ഗുഡ്ഗാവ് എന്നീ നഗരങ്ങളാണ് ഇതിനു പിന്നിലുള്ളത്. ലക്‌നൗവിലും പാട്‌നയിലും സെക്കൻഡ് ഹാൻഡ് കാറുകൾക്കും ആവശ്യക്കാർ ഏറെയാണ്. മാരുതി സ്വിഫ്റ്റാണ് ഭൂരിഭാഗം പേരും സ്വന്തമാക്കാനാഗ്രഹിക്കുന്നത്. ഹ്യുണ്ടായി ഗ്രാൻഡ് ഐ10 ആണ് ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.

മാരുതി സുസുകി 800 ആണ് ഈ വിപണിയിലെ ഏറ്റവും വില കുറഞ്ഞ കാറിനം. ബംഗളൂരുവിൽ ഇവയുടെ ശരാശരി വില 1,25000 ആണ്. മാരുതി സുസുകി ആൾട്ടോയ്ക്കും താരതമ്യേന വിലക്കുറവുണ്ട്. ഡൽഹിയിൽ ആൾട്ടോയുടെ വില 1,32000 ആണ്. അതേസമയം ഫോക്സ് വാഗൻ പോളോയാണ് ഏറ്റവും കൂടുതൽ പേർ തിരയുന്ന കാർ.

എന്നാൽ വാഹനത്തിന്റെ എഞ്ചിനിന്റെയും മറ്റ് ഭാഗങ്ങളുടെയും പ്രകടനം നിരീക്ഷിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് സംവിധാനമായ ഓൺ-ബോർഡ് ഡയഗ്‌നോസ്റ്റിക്‌സ് സിസ്റ്റം 2 (OBD2) അവതരിപ്പിക്കുന്നതോടെ യൂസ്ഡ് കാർ വിപണിയിൽ 10 മുതൽ 15 ശതമാനം വരെ വളർച്ച കൈവരിച്ചേക്കുമെന്നാണ് കരുതുന്നത്. സെക്കൻഡ് ഹാൻഡ് കാർ വിപണിയിലും ഇതിന്റെ ഭാഗമായി മാറ്റങ്ങളുണ്ടാകും. ഇത് കാർ ഉപഭോക്താക്കൾക്ക് കാര്യക്ഷമവും വിശ്വസിക്കാവുന്നതുമായ വാഹനങ്ങളെയാകും സമ്മാനിക്കുക. അതേസമയം ഹരിത ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾക്കും ഇന്ന് ആവശ്യക്കാരേറെയാണ്. ഇലക്ട്രിക് വാഹനങ്ങളെ കൂടാതെ സിഎൻജി കാറുകളിലേക്കും ഉപഭോക്താക്കൾ മാറുന്നുണ്ട്.

Verified by MonsterInsights