സൂര്യൻ ചക്രവാളത്തിന് താഴെയ്ക്ക് മറയും തോറും, ഓറഞ്ച്, പിങ്ക് നിറങ്ങൾ കൂടിച്ചേർന്നുള്ള ഊർജ്ജസ്വലമായ നിറങ്ങളാൽ ആകാശം സുന്ദരമാകും. ഇത് ജലാശയങ്ങളിൽ ഒരു മാന്ത്രിക തിളക്കം നൽകുകയും കാഴ്ചക്കാരിൽ എന്തെന്നില്ലാത്ത അനുഭൂതി നിറയ്ക്കുകയും ചെയ്യും.
വിശാലവും വൈവിധ്യപൂർണ്ണവുമായ നമ്മുടെ രാജ്യത്ത്, നിരവധി സ്ഥലങ്ങൾ അതിന്‍റെ സമ്പന്നമായ സംസ്കാരവും ചരിത്രവും പ്രകൃതി സൗന്ദര്യവും ഉൾക്കൊള്ളുന്നുണ്ട്. ഇന്ത്യയിലെ ഗുജറാത്തിലെ കച്ച് ജില്ലയിലെ ഗുഹാർ മോട്ടി ഗ്രാമം (Guhar Moti village) അത്തരത്തിലൊരു കൗതുകം പേറുന്ന സ്ഥലമാണ്. ഇന്ത്യയുടെ പടിഞ്ഞാറേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലാണ്, രാജ്യത്ത് ഏറ്റവും ഒടുവിൽ സൂര്യനസ്തമിക്കുന്നത്. ഏകദേശം 07:40 PM -നാണ് ഗുഹാർ മോട്ടിയിൽ സൂര്യാസ്തമയം സംഭവിക്കുന്നത്.
അതിമനോഹരമായ കാഴ്ചയാണ് ഗുഹാർ മോട്ടിയിലെ സൂര്യാസ്തമയം സമ്മാനിക്കുന്നത്. സൂര്യൻ ചക്രവാളത്തിന് താഴെയ്ക്ക് മറയും തോറും, ഓറഞ്ച്, പിങ്ക് നിറങ്ങൾ കൂടിച്ചേർന്നുള്ള ഊർജ്ജസ്വലമായ നിറങ്ങളാൽ ആകാശം സുന്ദരമാകും. ഇത് ജലാശയങ്ങളിൽ ഒരു മാന്ത്രിക തിളക്കം നൽകുകയും കാഴ്ചക്കാരിൽ എന്തെന്നില്ലാത്ത അനുഭൂതി നിറയ്ക്കുകയും ചെയ്യും. അതേസമയം ഇന്ത്യയില്‍ ഒരു ദിവസം ആദ്യം സൂര്യ കിരണങ്ങള്‍ പതിക്കുന്നത്, അരുണാചൽ പ്രദേശിലെ ഡോങ്ങിലാണ്. ഭൂമി അതിന്‍റെ അച്ചുതണ്ടിൽ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് കറങ്ങുന്നതാണ് ഇതിന് കാരണം. സൂര്യാസ്തമയം അനുഭവിച്ചറിയാനുള്ള അവസാന സ്ഥലം എന്നതിന് പുറമേ, ശൈത്യകാലത്ത് പക്ഷിനിരീക്ഷകരുടെ പറുദീസ എന്ന നിലയിലും ഗുഹാർ മോട്ടി ഗ്രാമം പ്രശസ്തമാണ്.
അരയന്നങ്ങളും പെലിക്കനുകളും ഉൾപ്പെടെയുള്ള ധാരാളം പക്ഷികളാണ് പക്ഷി നിരീക്ഷകരെ ഓരോ ശൈത്യകാലത്തും ഇവിടേയ്ക്ക് ആകർഷിക്കുന്നത്. ഗുഹാർ മോട്ടിക്ക് സമീപത്തായി നാരായൺ സരോവർ എന്ന് പേരിട്ടിരിക്കുന്ന വിശാലമായ ഒരു തടാകവും ഉണ്ട്. ഈ തടാകം ഒരു ആരാധനാലയവും ഒരു പ്രശസ്തമായ തീർത്ഥാടന കേന്ദ്രവുമാണ്. ഭാഗവത പുരാണമനുസരിച്ച് അഞ്ച് പുണ്യ തടാകങ്ങളിൽ (പഞ്ച്-സരോവർ) ഒന്നാണിത്. ഈ തടാകത്തിന് അടുത്തായി 444 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു വന്യജീവി സങ്കേതവമുണ്ട്. 2011 ലെ സെൻസസ് അനുസരിച്ച്, ഗുഹാർ മോട്ടി ഗ്രാമത്തിന്‍റെ മൊത്തം ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം 773.37 ഹെക്ടറാണ്. എന്നാല്‍ ആകെ 195 ആളുകൾ മാത്രമാണ് ഈ ഗ്രാമത്തിലുള്ളത്. ഗുഹാർ മോട്ടി ഗ്രാമത്തിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ഭുജ്, ആണ് ഇവർ സാമ്പത്തിക, വാണിജ്യ പ്രവർത്തനങ്ങൾക്കായി ആശ്രയിക്കുന്ന ഏറ്റവും അടുത്തുള്ള പട്ടണം.