സാധാരണ ജനങ്ങൾക്കും രാജ്യത്തിൻ്റെ അതിർത്തിയിൽ നിന്ന് ദൂരെ യാത്ര ചെയ്യുന്ന കപ്പലുകൾക്കും വിമാനങ്ങൾക്കും കൂടി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഇന്ത്യയുടെ സ്വന്തം പ്രാദേശിക നാവിഗേഷൻ സാറ്റലൈറ്റ് സംവിധാനമായ നാവിക് വികസിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുന്നു.
ഇന്ത്യ വിക്ഷേപിച്ച ഏഴ് ഉപഗ്രഹങ്ങൾ ചേർന്ന്, ഇന്ത്യയിലും രാജ്യത്തിൻ്റെ അതിർത്തിയിൽ നിന്ന് 1500 കിലോമീറ്റർ ദൂരം വരെയും തത്സമയ പൊസിഷനിംഗ്, ടൈമിംഗ് സേവനങ്ങൾ നൽകുന്നതാണ് നാവിക് എന്ന നാവിഗേഷൻ സംവിധാനം.
എന്നാൽ, ഉപഗ്രഹ സമൂഹത്തിലെ പല ഉപഗ്രഹങ്ങളുടെയും കാലാവധി കഴിഞ്ഞതിനാൽ ഇവയിൽ അഞ്ചെണ്ണമെങ്കിലും മാറ്റി പകരം മെച്ചപ്പെട്ട എൽ-ബാൻഡ് ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ. പൊതു ജനങ്ങൾക്ക് മെച്ചപ്പെട്ട ഗ്ലോബൽ പൊസിഷനിംഗ് സേവനം നൽകാൻ ഇത് സഹായിക്കും.
“നമ്മൾ അഞ്ച് ഉപഗ്രഹങ്ങൾ കൂടി നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്, പ്രവർത്തനം നിലച്ച ഉപഗ്രങ്ങൾക്ക് പകരമായി സമയാസമയങ്ങളിൽ ഇവ വിക്ഷേപിക്കേണ്ടതുണ്ട്. പുതിയ ഉപഗ്രങ്ങൾക്ക് എൽ-1, എൽ-5, എസ് ബാൻഡുകളാണ് ഉണ്ടാകുക,” എന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പിടിഐക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
സാറ്റ്കോം ഇൻഡസ്ട്രി അസോസിയേഷൻ സംഘടിപ്പിച്ച ഇന്ത്യൻ സ്പേസ് കോൺഗ്രസിൽ സംസാരിക്കാൻ എത്തിയതായിരന്നു സോമനാഥ്. നാവിക്കിലെ ഏഴ് ഉപഗ്രങ്ങളിൽ ചിലത് പ്രവർത്തനം നിർത്തിയതിനാൽ അത് പൂർണ്ണമായും പ്രവർത്തിക്കാവുന്ന അവസ്ഥയിലായിരുന്നില്ല. നാവിക്കിൻ്റെ പരിധി വർദ്ധിപ്പിക്കുന്നതിനായി മീഡിയം എർത്ത് ഓർബിറ്റിൽ (എംഇഒ) 12 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കുന്നതിന് സർക്കാരിൻ്റെ അനുമതി തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജിഇഒ-എംഇഒ ഉപഗ്രഹ സമൂഹം ഉണ്ടെങ്കിൽ, പ്രാദേശിക തലത്തിൽ നിന്ന് ആഗോള തലത്തിലേക്കുള്ള മാറ്റം വേഗത്തിൽ സാധ്യമാകുമെന്നും ഇത് സംബന്ധിച്ച് സർക്കാരുമായി ചർച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ നാവിക് ഉപയോഗിക്കുന്ന ഏഴ് ഉപഗ്രഹങ്ങളിൽ, മൂന്നെണ്ണം ജിയോസ്റ്റേഷനറി ഓർബിറ്റിലും നാലെണ്ണം ജിയോസിങ്ക്രണസ് ഓർബിറ്റിലുമാണ്. മാത്രവുമല്ല, നിലവിലെ സാറ്റലൈറ്റുകൾ എൽ-ബാൻഡിലും എസ്-ബാൻഡിലുമാണ് പ്രവർത്തിക്കുന്നത്. ഇത് ഗതാഗതത്തിനും വ്യോമഗതാഗത്തിനുമായി ഉപയോഗിക്കുന്നതാണ്.
പൊതു ഉപയോഗത്തിനുള്ള സാധാരണ ജിപിഎസ്സിൽ ഉപയോഗിക്കുന്ന എൽ-1 ബാൻഡ് പുതിയ ഉപഗ്രഹങ്ങളിൽ ഉപയോഗിക്കണം. നാവിക്കിൽ ഇത് ഇല്ലാത്ത കാരണമാണ് ഈ സംവിധാനം പൊതു ഉപയോഗത്തിന് വലിയ രീതിയിൽ ലഭ്യമാകാത്തത്.
വിവിധ ഉപയോഗങ്ങൾക്കുള്ള, പ്രത്യേകിച്ച് പ്രതിരോധ മേഖലയ്ക്കുള്ള, സുരക്ഷാ സിഗ്നലുകൾക്ക് വേണ്ടിയുള്ള മെച്ചപ്പെട്ട സവിശേഷതകൾ, നാവിക്കിനു വേണ്ടി പുതിയതായി നിർമ്മിക്കുന്ന പുതിയ ഉപഗ്രഹങ്ങളിൽ ഉണ്ടാകുമെന്ന് ഐഎസ്ആർഒ തലവൻ വെളിപ്പെടുത്തി.
“നിലവിൽ നമ്മൾ ഷോർട്ട് കോഡ് മാത്രമാണ് നൽകുന്നത്. തന്ത്രപ്രധാന മേഖലകളിൽ ഉപയോഗിക്കാനായി, സിഗ്നൽ തടസ്സപ്പെടുത്താനോ അനുകരിക്കാനോ ലഭ്യമല്ലാതാക്കാനോ കഴിയാത്ത തരത്തിലുള്ള ലോംഗ് കോഡാക്കി ഇതിനെ ഇനി മാറ്റണം. കൂടുതൽ പേർക്ക് ഉപയോഗിക്കാനായി നമ്മൾ ഇത് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത് ചെയ്യുന്നത് വരെ ഇത് ഉപയോക്തൃ സൗഹൃദം ആകണമെന്നില്ല,” സോമനാഥ് പറഞ്ഞു.
രാജ്യത്തെ ഉപഗ്രഹ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി, രാജ്യത്തെ സാറ്റലൈറ്റുകളുടെ ആങ്കർ ഉപഭോക്താവായി മാറാനും ഐഎസ്ആർഒയ്ക്ക് താൽപ്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനുള്ള സാറ്റലൈറ്റ് സ്വകാര്യ സ്ഥാപനങ്ങൾ നിർമ്മിച്ച്, ഐഎസ്ആർഒയുടെ ലോഞ്ചർ ഉപയോഗിച്ച് വിക്ഷേപിക്കുന്ന രീതിയാണ് ആങ്കർ ഉപഭോക്താവ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
ഉപഗ്രഹ നിർമ്മാണ മേഖലയിലെ വ്യാവസായിക ശേഷി വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും ഐഎസ്ആർഒ ആങ്കർ ഉപഭോക്താവായി മാറുന്നത് ഇതിന് സഹായിച്ചേക്കാമെന്നും സോമനാഥ് അഭിപ്രായപ്പെട്ടു.