ഇന്ന് പ്രവേശനോത്സവം: നാളെ സ്കൂള്‍ അവധിയോ? വോട്ടെണ്ണല്‍ ദിനത്തില്‍ അവധി നല്‍കാറുണ്ടോ.

രണ്ട് മാസത്തെ വേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30ന് എറണാകുളം എളമക്കര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ എന്നിവരും മറ്റു ജനപ്രതിനിധികളും വിശിഷ്ടാതിഥികളായി പങ്കെടുക്കും.പ്രവേശനോത്സവത്തിനായി സ്കൂളുകള്‍ ഇന്നലെ തന്നെ അണിഞ്ഞൊരുങ്ങി കഴിഞ്ഞു. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ വിദ്യാലയങ്ങള്‍ നേരത്തെ തന്നെ വൃത്തിയാക്കിയിരുന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി പതിവ് പോലെ വിവിധ കലാപരിപാടികളാണ് എല്ലാ വിദ്യാലയങ്ങളിലും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തിയിരിക്കുന്നത്. ഈ വർഷം മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ.

വിവിധ മാറ്റങ്ങളോടെയാണ് പുതിയ അധ്യയന വർഷം തുടങ്ങാന്‍ പോകുന്നത്. പത്ത് വർഷത്തിന് ശേഷമുള്ള പാഠപുസ്തക മാറ്റമാണ് പ്രധാനപ്പെട്ടത്. വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച എസ് എസ് എല്‍ സി പരീക്ഷയിലെ മാറ്റവും ഈ വർഷം ഉണ്ടായേക്കാം.

നാളെ സ്കൂള്‍ അവധി ?

 

അതേസമയം തന്നെ, ലോക്സസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്ച സ്കൂള്‍ അവധിയെന്ന പ്രചരണവും ചില കോണുകളില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇത് സത്യമല്ല. വോട്ടെണ്ണല്‍ ദിനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൊത്തത്തില്‍ അവധി പ്രഖ്യാപിക്കാറില്ല. വോട്ടെണ്ണല്‍ കേന്ദ്രമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. അതിന് പുറമെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അല്ലാത്ത തരത്തിലുള്ള ഏതെങ്കിലും അവധി പ്രഖ്യാപനമുണ്ടെങ്കില്‍ ഔദ്യോഗികമായി തന്നെ അത് അറിയിക്കും. നിലവില്‍ അത്തരത്തില്‍ ഒരു അവധി പ്രഖ്യാപനവും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

Verified by MonsterInsights