അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച വെബിനാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. പരസ്പര ബഹുമാനം, സൗഹൃദം, മികവ് എന്നീ മൂല്യങ്ങളാണ് ഒളിമ്പിക് ദിനം ഓർമ്മപ്പെടുത്തുന്നതെന്ന് ഗവർണർ പറഞ്ഞു. പ്രായ ലിംഗ ഭേദമന്യേ എല്ലാവരും കായികയിനങ്ങളിൽ പങ്കെടുക്കുന്നതിനായാണ് ഒളിമ്പിക് ദിനാഘോഷം സംഘടിപ്പിക്കുന്നത്. ആരോഗ്യമുള്ള ഭാവിയിലേക്ക് ശാരീരികവും മാനസികവുമായി കരുത്താർജിക്കുന്നതിന് കായിക പരിശീലനം ആവശ്യമാണ്. ശാരീരിക ക്ഷമത കൈവരിച്ചാൽ മാത്രമേ മാനസിക ഉണർവ് ഉണ്ടാവൂ എന്നും ഏവരും വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കണമെന്നും ഗവർണർ പറഞ്ഞു. ഒളിമ്പിക് ദിനാചരണം സംഘടിപ്പിച്ച കേരള ഒളിമ്പിക് അസോസിയേഷനെ ഗവർണർ അഭിനന്ദിച്ചു.
സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കേരള താരങ്ങളെ ഭാവിയിൽ ഒളിമ്പിക്സിലേക്ക് തയ്യാറാക്കുന്നതിനുള്ള ശ്രമത്തിലാണ് കായിക വകുപ്പെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയ്ക്കായി ഒളിമ്പിക് മെഡൽ കേരളത്തിൽ നിന്നുള്ളവർ നേടണമെന്നാണ് ആഗ്രഹം. ദേശീയ സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പട്യാലയിലേക്ക് തിരിച്ച 43 അംഗ കേരള ടീമിൽ ഏറെ പ്രതീക്ഷയുണ്ട്. ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടാനുള്ള അവസരമാണിത്. കഴിഞ്ഞ ദിവസം വിടപറഞ്ഞ കായിക താരം മിൽഖാസിംഗിനെ ചടങ്ങിൽ അനുസ്മരിച്ചു.
ദേശീയ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് ഡോ.നരിന്ദർ ദ്രുവ് ബത്ര മുഖ്യപ്രഭാഷണം നടത്തി. ജേക്കബ് പുന്നൂസ് ആശംസ അറിയിച്ചു. ചടങ്ങിൽ കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് ബി സുനിൽ കുമാർ, ട്രഷറർ എം ആർ രഞ്ജിത്ത്, ഡോ. ജി കിഷോർ, പത്മിനി തോമസ്, ബാലഗോപാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു