രണ്ട് മുൻനിര സ്മാർട്ഫോൺ ഓഎസുകളാണ് ആൻഡ്രോയിഡും ഐഓഎസും. രണ്ടിനും ജനപ്രീതി ഏറെയാണ്. ആൻഡ്രോയിഡ് ഉപയോഗിച്ചവർ ചിലപ്പോൾ ഐഓഎസിലേക്കും ഐഫോൺ ഉപയോഗിച്ചവർ ചിലപ്പോൾ ആൻഡ്രോയിഡിലേക്കും മാറാൻ ആഗ്രഹിക്കാറുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ ഈ രണ്ട് ഓഎസുകളും തമ്മിൽ ചേരാറില്ല. വാട്സാപ്പ് ചാറ്റ് ഹിസ്റ്ററി പരസ്പരം കൈമാറ്റം ചെയ്യുന്ന കാര്യത്തിലും അങ്ങനെയാണ്. ഐഫോണിൽ നിന്ന് ആൻഡ്രോയിഡിലേക്ക് മാറുന്നവർക്ക് അവരുടെ വാട്സാപ്പ് ചാറ്റ് ഹിസ്റ്ററി പുതിയ ഫോണിലേക്ക് മാറ്റാനുള്ള സൗകര്യമുണ്ടായിരുന്നില്ല.
എന്നാൽ ആൻഡ്രോയിഡ് 12 ഓഎസിൽ പ്രവർത്തിക്കുന്ന ഫോണുകളിലേക്ക് ഐഫോണിലെ വാട്സാപ്പ് ചാറ്റ് ഹിസ്റ്ററി കൊണ്ടുപോവാൻ സാധിക്കുമെന്ന് പ്രഖ്യപിച്ചിരിക്കുകയാണ് ഗൂഗിൾ. അതായത് ഗൂഗിളിന്റെ പിക്സൽ ഉപഭോക്താക്കൾക്ക് ഈ സൗകര്യം ഇപ്പോൾ പ്രയോജനപ്പെടുത്താനവും. ഈ സൗകര്യം നേരത്തെ ചില സാംസങ് ഫോൺ ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നു.വാട്സാപ്പുമായി സഹകരിച്ചാണ് ഈ പുതിയ സൗകര്യം ഒരുക്കിയത് എന്ന് ഗൂഗിൾ പറഞ്ഞു. സാംസങ് ഫോണുകളിലോ ഗൂഗിൾ പിക്സൽ ഫോണുകളിലോ മാത്രമല്ല ആൻഡ്രോയിഡ് 12 ൽ പ്രവർത്തിക്കുന്ന ഏത് ഫോണിലും ഈ ട്രാൻസ്ഫർ ടൂൾ ഉപയോഗിക്കാനാവും.
* എങ്ങനെയാണ് വാട്സാപ്പ് ചാറ്റ് ഐഫോണിൽ നിന്ന് ആൻഡ്രോയിഡിലേക്ക് മാറ്റുക
ഗൂഗിൾ പിക്സൽ ഉപഭോക്താക്കൾക്ക് അതിനായി ഒരു ലൈറ്റ്നിങ് റ്റു യുഎസ്ബി കേബിൾ വേണം. രണ്ട് ഫോണുകളും തമ്മിൽ ബന്ധിപ്പിച്ചാൽ പിക്സൽ ഫോണുകളിൽ ചില സെറ്റ് അപ്പുകൾ ചെയ്യേണ്ടതായുണ്ട്. ഇത് നിർദേശമനുസരിച്ച് ചെയ്യുക. ശേഷം ഐഫോണിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് വാട്സാപ്പ് തുറക്കുക. ചാറ്റുകൾ, മീഡിയ, മറ്റ് വിവരങ്ങൾ എല്ലാം പിക്സൽ ഫോണിലേക്ക് മാറ്റാം.വിവരങ്ങൾ ഒരു ഫോണിൽ നിന്ന് മറ്റൊരു ഫോണിലേക്ക് സുരക്ഷിതമായാണ് കൈമാറ്റം ചെയ്യപ്പെടുക എന്ന് ഗൂഗിൾ വ്യക്തമാക്കി. അതിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ചാറ്റുകൾ മാറ്റുന്ന സമയത്ത് ഐഫോണിൽ പുതിയ സന്ദേശങ്ങൾ ലഭിക്കില്ല.