ഒരു കുപ്പി പൊട്ടിച്ചാലോ എന്ന് ആരെങ്കിലും ചോദിച്ചാൽ ഭരണി പൊട്ടിക്കാം എന്ന് ധൈര്യമായി പറഞ്ഞോളൂ. വെറും ഭരണിയല്ല, നല്ല സൊയമ്പൻ വീഞ്ഞ് ഭരണി തന്നെ. പഴകും തോറും വീര്യം കൂടും എന്നാണെങ്കിലും ക്രിസ്തുമസ് അടുത്തിരിക്കുന്ന വേളയിൽ അത്രയ്ക്ക് ക്ഷമ ആർക്കും തന്നെ ഉണ്ടാകില്ല. അതിനാൽ ഇപ്പോൾ കെട്ടി വച്ചാൽ ക്രിസ്തുമസിന് പകരാൻ സാധിക്കുന്ന തരത്തിലുള്ള ഒരു വൈൻ തന്നെ തയ്യാറാക്കാം. കരുതലോടെയുള്ള മുന്നൊരുക്കങ്ങൾ അതിന് ആവശ്യമാണ്. മുന്തിരി വൈൻ ആണ് ഏറെ പ്രചാരത്തിലുള്ളത്. അത് തയ്യാറാക്കേണ്ട വിധവും, എന്തെല്ലാം ശ്രദ്ധിക്കണം എന്നും അറിയാം.
വൈൻ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഗ്ലാസ് ഭരണികളെക്കാളും മണ്ണ് കൊണ്ടുള്ള ഭരണിയിൽ വൈൻ ഉണ്ടാക്കുന്നതാണ് എല്ലായിപ്പോഴും നല്ലത്. ഭരണി നല്ലവണ്ണം ഉണങ്ങി, നനവ് ഒട്ടും ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുക.
മുന്തിരിയോ അല്ലെങ്കിൽ മറ്റെന്ത് ചേരുവകളാണെങ്കിലും വെള്ളത്തിൻ്റെ അംശം അൽപ്പം പോലും ഉണ്ടാകരുത്.
ചേരുവകൾ ഇളക്കാൻ മെറ്റൽ തവി ഉപയോഗിക്കരുത്. പകരം തടി കൊണ്ടുള്ള തവി ഉചിതമായിരിക്കും. കറുവാപ്പട്ടയുടെ കമ്പ് ഉപയോഗിക്കുന്നതും നല്ലതാണ്.
ഭരണിയുടെ പകുതിവരെ ഏകദേശം മുക്കാൽ ഭാഗം വരെ മാത്രമേ ചേരുവകൾ നിറയ്ക്കാവൂ.
ഭരണി നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത സ്ഥലത്ത് വേണം സൂക്ഷിക്കാൻ.
കട്ടിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് വേണം ഭരണിയുടെ വായ മൂടി കെട്ടുവാൻ.
വീടുകളിലെ വൈൻ നിർമാണത്തിൽ അതീവ ശ്രദ്ധ പുലർത്തുക. വീട്ടിലെ ആവശ്യത്തിനോ കേക്ക് നിർമിക്കാനോ മാത്രം വൈൻ തയ്യാറാക്കുക
വൈൻ വാണിജ്യാടിസ്ഥാനത്തിൽ തയ്യാറാക്കുന്നതിനും വിപണനം ചെയ്യുന്നതിനും ലൈസൻസ് ആവശ്യമാണ്.
“മുന്തിരി വൈൻ എങ്ങനെ തയ്യാറാക്കാം എന്ന് പരിചയപ്പെടാം.
ചേരുവകൾ
മുന്തിരി- 6 കിലോ
പഞ്ചസാര- 4 കിലോ
യീസ്റ്റ്- 9 ഗ്രാം
വെള്ളം- 2 ലിറ്റർ
ഗോതമ്പ്- 1/2 കിലോ
ഗ്രാമ്പൂ
കറുവാപ്പട്ട
ഏലയ്ക്ക
തയ്യാറാക്കുന്ന വിധം
ആറ് കിലോ കറുത്ത മുന്തിരി ഉപ്പ് ചേർത്ത വെള്ളത്തിൽ നന്നായി കഴുകി വൃത്തിയാക്കിയെടുക്കാം.കഴുകിയെടുത്ത മുന്തിരി അൽപ്പം പോലും വെള്ള മയം ഇല്ലാതെ ഉണക്കിയെടുക്കുക.അര കിലോ ഗോതമ്പ് കഴുകി ഉണക്കിയെടുത്ത് വെയ്ക്കാം.ഒരു മൺ ഭരണി കഴുകി തുടച്ച് ഒട്ടും നനവില്ലാതെയെടുക്കാം.അതിലേക്ക് പഞ്ചസാരയും മുന്തിരിയും പല ലെയറുകളായി ചേർക്കുക.മുകളിലായി അര കിലോ ഗോതമ്പ് ഉണക്കിയെടുത്തത് ചേർക്കാം.ഏറ്റവും മുകളിലായി മൂന്ന് ബോട്ടിൽ, ഏകദേശം ഒമ്പത് ഗ്രാം യീസ്റ്റ് തിളച്ച വെള്ളത്തിൽ അലിയിച്ചെടുത്ത് ഒഴിക്കൂ.2 ലിറ്റർ തിളപ്പിച്ചാറിയ വെള്ളം ഒഴിച്ച് ഭരണി അടയ്ക്കാം.കട്ടിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് വായുസഞ്ചാരം ഉണ്ടാകാത്ത വിധത്തിൽ ഭരണിയുടെ വായ ഭാഗം മുറിക്കി കെട്ടുക.മൂന്ന് ദിവസം വരെ അത് അനക്കാതെ, നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത സ്ഥലത്ത് സൂക്ഷിക്കാം
മൂന്ന് ദിവസം കൂടുമ്പോൾ സൂര്യൻ ഉദിക്കുന്നതിനു മുമ്പ് അതിരാവിലെ ഭരണി തുറന്ന് തടി കൊണ്ടുള്ള തവി ഉപയോഗിച്ച് ഇളക്കാം. വീണ്ടും ഭരണി സുരക്ഷിതമായി അടച്ച് വെയ്ക്കുക.15ാം ദിവസം ഒരു പിടി ഗ്രാമ്പൂ, കറുവാപ്പട്ട, ഏലയ്ക്ക എന്നിവ നന്നായി ചതച്ചെടുത്ത് ഭരണിയിലേക്ക് ചേർത്ത് സുരക്ഷിതമായി മൂടി കെട്ടി വയ്ക്കാം. ഇനി ഇടയ്ക്ക് ഇളക്കി കൊടുക്കേണ്ടതില്ല.21ാമത്തെ ദിവസം ഇത് തുറന്ന് മറ്റൊരു ചില്ല് ഭരണിയിലോ അല്ലെങ്കിൽ മൺഭരണയിലേക്കോ ഒരു കോട്ടൺ തുണി ഉപയോഗിച്ച് അരിച്ചെടുക്കാം.12 മണിക്കൂർ അനക്കാതെ വച്ചതിനു ശേഷം ഭരണി വീണ്ടും മുറുക്കി കെട്ടിവയ്ക്കാം. സൂര്യപ്രകാശം നേരിട്ട് എൽക്കാത്ത സ്ഥലത്ത് ഈ ഭരണി സൂക്ഷിക്കാം.ഇത് 7, 14, 21 ദിവസങ്ങൾ വരെ ഇഷ്ടാനുസരണം സൂക്ഷിക്കാം. അതിനു ശേഷം തുറന്ന് കുപ്പികളിലാക്കി പകർന്ന് രുചിച്ചു നോക്കൂ