ജൂലൈ മാസത്തിൽ കേരളത്തിൽ അതിതീവ്ര മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂൺ മാസത്തിൽ ശക്തി കുറഞ്ഞിരുന്ന കാലവർഷക്കാറ്റ് ജൂലൈയിൽ ശക്തി പ്രാപിക്കുന്നതോടെ ഈ മാസം കേരളത്തിൽ കനത്ത മഴ ഉണ്ടാകാനാണ് സാധ്യതയുള്ളതെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ജൂൺ മാസത്തിൽ കേരളത്തിലെ മഴയിൽ 25 ശതമാനത്തോളം കുറവുണ്ടായിരുന്നു. എന്നാൽ ജൂലായിൽ മഴ വർദ്ധിക്കാൻ ആണ് സാധ്യത എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
രാജ്യത്ത് മൊത്തമായി ജൂലൈ മാസത്തിൽ മഴ വർദ്ധിക്കാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നു. കാലവർഷക്കാറ്റ് ദുർബലമായിരുന്നതിനാൽ ജൂണിൽ പകുതിയിൽ അധികം ദിവസങ്ങളിൽ കേരളത്തിൽ കാര്യമായ മഴ ലഭിച്ചിരുന്നില്ല. ജൂൺ 20ന് ശേഷം കേരളതീരത്ത് ന്യൂനമർദ്ദ പാത്തി രൂപപ്പെടുകയും കാലവർഷക്കാറ്റ് ശക്തി പ്രാപിക്കുകയും ചെയ്തു.

ജൂലൈ മാസത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ പ്രതിഭാസം ന്യൂട്രൽ സ്ഥിതിയിൽ തുടരാനാണ് സാധ്യതയുള്ളത്. പസഫിക് സമുദ്രത്തിൽ എൻസോ പ്രതിഭാസവും തുടരും. ഇത് ശക്തമായ മഴയ്ക്ക് കാരണമാകും എന്നാണ് വിലയിരുത്തൽ.
