കലയിലൂടെ ഏവരേയും ഒപ്പം ചേർത്ത് കേരള സർവകലാശാല യൂണിയൻ യുവജനോത്സവം ‘ഏകത്വ’. കെട്ടിലും മട്ടിലും വ്യത്യസ്തതകൾ ഒരുക്കിയാണ് എട്ട് വർഷങ്ങൾക്ക് ശേഷം യുവജനോത്സവം ജില്ലയിൽ എത്തിയത്. എല്ലാ മത്സരങ്ങളിലും ആൺ, പെൺ, ട്രാൻസ് ജെൻഡർ എന്നിങ്ങനെ വിഭാഗങ്ങൾ നൽകി സമത്വത്തിന്റെയും ചേർത്തുപിടിക്കലിന്റെയും വേദി കൂടിയാവുകയാണ് കലോത്സവം. ഗവൺമെന്റ് കോളേജ് കാര്യവട്ടം, ടി.കെ.എം. കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവയിൽ നിന്നുൾപ്പെടെ ആറ് വിദ്യാർഥികളാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നും ഇതുവരെ മത്സരങ്ങൾക്കായി രജിസ്ട്രർ ചെയ്തിട്ടുള്ളത്.
പൂർണമായി ഗ്രീൻ പ്രോട്ടോകോൾ പാലിച്ചും ഹരിത കർമസേനയുടെ സജീവമായ പ്രവർത്തനങ്ങൾകൊണ്ടും മാലിന്യ മുക്തമാണ് ഓരോ വേദിയും.
വയലാർ നഗറിൽ ഒരുക്കിയിരിക്കുന്ന
വർണചിറകുകൾ വിരിച്ച സെൽഫി പോയിൻറാണ് വിദ്യാർഥികളുടെ ഇഷ്ട സ്പോട്ട്. ചിത്രങ്ങൾ എടുക്കാൻ വലിയ തിരക്കാണ് ഇവിടെ. വേനൽ ചൂടിൽ ആശ്വാസം പകരാൻ ശീതള പാനീയങ്ങളും ഭക്ഷണ ശാലയും ഒരുക്കി സജീവമാണ് എസ്.ഡി. കോളേജിലെ നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സ്. കുരുത്തോലകൾ കൊണ്ട് അലങ്കരിച്ച് വിവിധ കലാരൂപങ്ങളുടെ ചിത്രങ്ങളും ഒരുക്കി വർണ്ണാഭമാണ് രണ്ടാം വേദിയായ ഗവ.മോഡൽ എച്ച്.എസ്.എസ്. സ്കൂളിലെ കുമാരനാശാൻനഗർ.
കൂട്ടം കൂടിയും പാട്ടുപാടിയും നൃത്തം ചെയ്തും സെൽഫിയും റീൽസും എടുത്തുമെല്ലാം വേനലവധിയിലെ മറ്റൊരദ്യായം ആഘോഷിക്കുകയാണ് ഇവിടെ വിദ്യാർഥികൾ.