ശാസ്ത്രവിഷയങ്ങളിൽ പ്ലസ്ടുക്കാർക്ക് കരസേനയിൽ ടെക്നിക്കൽ എൻട്രിയിലൂടെ സൗജന്യ എൻജിനീയറിങ് ബിരുദപഠനത്തിനും ലഫ്റ്റനന്റ് പദവിയിൽ ജോലി നേടാനും അവസരം. 2025 ജനുവരിയിലാരംഭിക്കുന്ന കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാരായിരിക്കണം. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്ടു/ ഹയർ സെക്കൻഡറി/ തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം.
ജെ.ഇ.ഇ (മെയിൻസ്) 2024 അഭിമുഖീകരിച്ചിട്ടുള്ളവരാകണം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. പ്രായം പതിനാറരക്കും പത്തൊമ്പതരക്കും മധ്യേയാവണം. 2005 ജൂലൈ രണ്ടിന് മുമ്പോ 2008 ജൂലൈ ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindianarmy.nic.inൽ. ഓൺലൈനായി ജൂൺ 13 വരെ അപേക്ഷിക്കാം.
കൺഫർമേഷൻ ലഭിച്ചതിനുശേഷം റോൾ നമ്പറോടുകൂടിയ അപേക്ഷയുടെ രണ്ട് പ്രിന്റൗട്ട് എടുത്ത് ഒരു അപേക്ഷ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പുകൾ സഹിതം 20 പാസ്പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോകൾ സഹിതം സർവിസസ് സെലക്ഷൻ ബോർഡ് മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാവുമ്പോൾ കൈവശം കരുതണം. അപേക്ഷയുടെ മറ്റൊരു പകർപ്പ് റഫറൻസിനായി സൂക്ഷിക്കാം.
സെലക്ഷൻ: മെറിറ്റടിസ്ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി 2024 ആഗസ്റ്റ്/ സെപ്റ്റംബറിൽ നടത്തുന്ന ഇന്റർവ്യൂവിന് ക്ഷണിക്കും. ജെ.ഇ.ഇ മെയിൻസ് 2024ൽ യോഗ്യത നേടിയിരിക്കണം. ബംഗളൂരു, ഭോപാൽ, പ്രയാഗ് രാജ് (യു.പി) എന്നിവിടങ്ങളിലായാണ് ഇന്റർവ്യൂ. അഞ്ചു ദിവസത്തോളം നീളുന്ന ഇന്റർവ്യൂവിൽ സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ് ടെസ്റ്റിങ് മുതലായവ ഉൾപ്പെടും. ജെ.ഇ.ഇ (മെയിൻ)ന്റെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയാറാക്കും. ആകെ 90 ഒഴിവുകളാണുള്ളത്
.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാലുവർഷത്തെ പരിശീലനം നൽകും. ആദ്യത്തെ മൂന്നുവർഷം ഇന്റഗ്രേറ്റഡ് ബേസിക് മിലിട്ടറി ട്രെയിനിങ്ങും എൻജിനീയറിങ് ട്രെയിനിങ്ങും പുണെ, സെക്കന്തരാബാദിലും നാലാം വർഷം ഇന്ത്യൻ മിലിട്ടറി അക്കാദമി ഡെറാഡൂണിലുമാണ്.
വിജയകരമായി പഠന പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദം സമ്മാനിക്കുന്നതോടൊപ്പം ലഫ്റ്റനന്റ് പദവിയിൽ 56,100-1,77,500 രൂപ ശമ്പളനിരക്കിൽ ഓഫിസറായി ജോലിയും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.