കേരളം വെന്തുരുകുന്നു; ചൂട് നാലുഡിഗ്രിവരെ കൂടും, പാലക്കാട്‌ 41 ഡിഗ്രിയിലേക്ക്……

ഏപ്രിൽ 11 വരെ കേരളത്തിൽ സാധാരണനിലയെക്കാൾ രണ്ടുഡിഗ്രി സെൽഷ്യസുമുതൽ നാലുഡിഗ്രിവരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. പാലക്കാട്ട് 41 ഡിഗ്രിയായും കൊല്ലത്ത് 40 ഡിഗ്രിയായും താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. വിവിധ ജില്ലയിൽ നേരിയ മഴയ്ക്കുള്ള സാധ്യതയുമുണ്ട്.

അടുത്ത ദിവസങ്ങളിൽ തൃശ്ശൂരിൽ ഉയർന്ന താപനില 39 ആവും. കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38 ഡിഗ്രിവരെ ആയേക്കും. എറണാകുളം, ആലപ്പുഴ ജില്ലകളിൽ 37 വരെയും തിരുവനന്തപുരം, മലപ്പുറം, കാസർകോട് എന്നിവിടങ്ങളില്‍ 36 വരെയും ഉയരും.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോരമേഖലകൾ ഒഴികെയുള്ളിടങ്ങളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പുനൽകി. സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ തിങ്കളാഴ്ച നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച എല്ലാജില്ലയിലും നേരിയ മഴയുണ്ടാകാം.

Verified by MonsterInsights