കൊച്ചി: സംസ്ഥാന സർക്കാരുമായി ചേർന്നുള്ള 3,500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും പിന്മാറുന്നുവെന്ന് കിറ്റെക്സ്. കഴിഞ്ഞ വർഷം നിക്ഷേപ സംഗമത്തിൽ സർക്കാരുമായി ഒപ്പു വെച്ച ധാരണ പത്രത്തിൽ നിന്നും പിൻമാറുകയാണെന്ന് എംഡി സാബു ജേക്കബ് അറിയിച്ചു. ഒരു അപ്പാരൽ പാർക്കും 3 വ്യവസായ പാർക്കും തുടങ്ങാമെന്നായിരുന്നു ധാരണ. ഇതിൽ നിന്നാണ് പിന്മാറ്റം. കിറ്റെക്സിൽ നടന്ന സർക്കാർ വകുപ്പുകളുടെ പരിശോധനകളിൽ പ്രതിഷേധിച്ചാണ് കമ്പനി പുറകോട്ട് പോകുന്നത്. ഒരു മാസത്തിനുള്ളിൽ പരിസ്ഥിതി, തൊഴിൽ, തുടങ്ങി വിവിധ വകുപ്പുകളുടെ 11 പരിശോധനകളാണ് കിറ്റെക്സ് കമ്പനിയിൽ നടന്നതെവന്നാണ് പത്രക്കുറിപ്പിൽ ആരോപിക്കുന്നത്.
നിലവിലെ വ്യവസായം പോലും മുന്നോട്ടുകൊണ്ടുപോകാനാകാത്ത സ്ഥിതിയാണെന്നും ഇങ്ങനെയെങ്കിൽ കേരളത്തിൽ പുതിയ സംരംഭം തുടങ്ങാൻ ആരും വരില്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു. താൻ രാഷ്ട്രീയത്തിലിറങ്ങിയതിന്റെയും പ്രധാനമുന്നണികൾക്കെതിരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെയും പ്രതികാരമാണ് ഈ പരിശോധനകളെന്ന് സാബു ജേക്കബ് ആരോപിച്ചു.
സർക്കാർ വകുപ്പുകൾ തുടർച്ചയായി പരിശോധനകൾ നടത്തി. ഒരു മാസത്തിനിടെ വിവിധ വകുപ്പുകളുടെ 11 പരിശോധനയാണ് കിറ്റക്സിൽ നടന്നത്. ഇതുവരെ നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ല. പരിശോധനകളുടെ വിവരങ്ങളോ ഏത് വകുപ്പാണ് പരിശോധന നടത്തുന്നതെന്നോ തങ്ങൾ അറിയില്ലെന്നും ചില ഓൺലൈൻ മാധ്യമങ്ങളിലൂടെയാണ് താനടക്കം വിവരങ്ങളറിയുന്നതെന്നും കിറ്റക്സ് എംഡി സാബു ഏഷ്യാനെറ്റിനോട് പ്രതികരിച്ചു.
താൻ രാഷ്ട്രീയത്തിലിറങ്ങിയതിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെയും പ്രതികാരമായാണ് തന്റെ കമ്പനിയിൽ മാത്രം ഇത്രയേറെ പരിശോധന നടക്കുന്നതെന്നും കുന്നത്ത് നാട് എംഎൽഎയാണ് ഇതിന് നേതൃത്വം നൽകുന്നതെന്നും സാബു ആരോപിച്ചു. വ്യവസായത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കിറ്റക്സ് കമ്പനി പരിശോധനകൾക്ക് എതിരല്ല. എന്താണ് പ്രശ്നമെന്ന് അറിയിച്ചാൽ അത് പരിഹരിക്കാൻ ശ്രമിക്കും.എന്നാൽ പ്രശ്നങ്ങളറിയിക്കാൻ പോലും തയ്യാറാകുന്നില്ല. മാനസികമായി പീഡിപ്പിക്കുന്ന രീതിയാണ് നടത്തുന്നുവെന്നും സാബു ആരോപിച്ചു.