ലിസ്ബണ്‍: ബാഴ്‌സലോണയിലേക്ക് കുടുംബസമേതം എത്തി ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സി. പതിനഞ്ചോളം സ്യൂട്ട്‌കേസുമായാണ് മെസ്സി എത്തിയത്. മെസ്സി ബാഴ്‌സലോണ ക്യാംപിലേക്ക് തിരിച്ചെത്തുമോ എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഈ വരവ്.
പിഎസ്ജിയുമായുള്ള മെസ്സിയുടെ കരാര്‍ കാലാവധി ജൂണില്‍ അവസാനിക്കാനിരിക്കുകയാണ്. തുടർന്ന് മെസ്സി എങ്ങോട്ടേക്കാണ് പോകുന്നതെന്ന കാര്യത്തില്‍ സ്ഥിരീകരണമൊന്നും ആയിട്ടില്ല.
ഇക്കഴിഞ്ഞ ആഴ്ചയാണ് മെസ്സി തിരികെ ബാഴ്‌സലോണയിലേക്ക് എത്തിയത്. കുടുംബാംഗങ്ങളോടൊന്നിച്ചാണ് മെസ്സി എത്തിയത്. പതിനഞ്ച് സ്യൂട്ട്‌കേസുകളുമായി കുടുംബസമേതമാണ് മെസ്സിയുടെ വരവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മെസ്സിയെ ക്ലബ്ബിലേക്ക് വീണ്ടും സ്വീകരിക്കാന്‍ ബാഴ്‌സലോണ തയ്യാറാണ്. എന്നാല്‍ അതിനായുള്ള കരാര്‍ ഉറപ്പിക്കുന്നതിനാവശ്യമായ സാമ്പത്തിക പ്രശ്‌നങ്ങള്‍ ക്ലബ്ബ് മറികടക്കേണ്ടതുണ്ട്. അടുത്ത സീസണില്‍ പുതിയ കളിക്കാരെ എത്തിക്കുന്നതിന് മുമ്പ് ക്ലബ്ബിന് 178 മില്യണ്‍ പൗണ്ട് സ്വരൂപിക്കേണ്ടതാണ്.
അതേസമയം മെസ്സിയുടെ യാത്രയും ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ഒരു പ്രത്യേക ദിവസത്തിലാണ് മെസ്സിയുടെ ബാഴ്‌സലോണയിലേക്കുള്ള വരവ്. ഈ ദിവസം സെന്റ് ജോര്‍ഡിയയുടെ ദിവസമായിട്ടാണ് ആചരിക്കുന്നത്. നഗരത്തിലെ ഒരു പ്രധാന ദിവസമാണിത്. സന്ദര്‍ശകരും റോസാപ്പൂക്കളും നഗരത്തില്‍ നിറയുന്ന ദിവസമാണിത്.
അതേസമയം ഈയടുത്ത് ബാഴ്‌സലോണ പ്രതിനിധികള്‍ മെസ്സിയുടെ പിതാവുമായി സംസാരിച്ചിരുന്നു. തുടര്‍ന്ന് മെസ്സി തിരികെയെത്തുമോ എന്ന ആരാധകന്റെ ചോദ്യത്തിന് താരം മടങ്ങിവരാന്‍ സാധ്യതയുണ്ടെന്ന് ക്ലബ്ബ് പ്രസിഡന്റ് ജോവാന്‍ ലാപോര്‍ട്ട ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
” നമുക്ക് നോക്കാം. ബാഴ്‌സലോണയുടെ വാതിലുകള്‍ അദ്ദേഹത്തിനായി എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹത്തിന് അറിയാം. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനാണ് അദ്ദേഹം. ബാഴ്‌സലോണ ചരിത്രത്തില്‍ ഒഴിച്ച് നിര്‍ത്താനാകാത്ത വ്യക്തിയാണ് മെസ്സി,” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.