കുട്ടികളിൽ ഷോട്ട്സൈറ്റ് അഥവാ ‘മയോപിയ’ കൂടുന്നു; വില്ലനായത് ലോക്ക്ഡൗൺ!

കോവിഡ് ലോക്ക്ഡൗണുകൾക്ക് ശേഷം മൂന്നിലൊന്ന് കുട്ടികളിലും കാഴ്ച്ചാപ്രശ്നങ്ങൾ ഉണ്ടാകുന്നതായി പുതിയ പഠനറിപ്പോര്‍ട്ട്. ഷോട്ട്സൈറ്റ് അഥവാ മയോപിയ തുടങ്ങി കാഴ്ച്ചയെ സാരമായി തന്നെ ബാധിക്കുന്ന നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾ കുട്ടികൾക്കുണ്ടാവുന്നതായാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. 2050 ആകുമ്പോഴേക്കും ലക്ഷക്കണക്കിന് കുട്ടികളെ മയോപിയ ബാധിക്കുമെന്നും പഠനം പറയുന്നു.

കോവിഡ് കാലഘട്ടങ്ങളിൽ ലോക്ക്ഡൗൺ മൂലം പുറത്ത് പോകാതെ വീടുകളിൽ ഇരുന്ന് ഫോണുകളിൽ മുഴുവൻ സമയവും ചെലവഴിക്കാൻ തുടങ്ങിയത് തന്നെയാണ് കുട്ടികളിൽ ഈ അവസ്ഥയ്ക്ക് കാരണമായത്. ജപ്പാനിലെ 85% കുട്ടികളെയും ദക്ഷിണ കൊറിയയിലെ 73% കുട്ടികളെയും ഇതിനോടകം മയോപിയ ബാധിച്ചു കഴിഞ്ഞു. ചൈനയിലെയും റഷ്യയിലെയും 40% കുട്ടികളെയും ഷോട്ട്സൈറ്റ് ബാധിച്ചിട്ടുണ്ട്. ഏഷ്യൻ രാജ്യങ്ങളാണ് ഷോട്ട്സൈറ്റ് ബാധിക്കുന്നവരുടെ എണ്ണത്തിൽ മുന്നിട്ട് നിൽക്കുന്നതെന്നും പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്.

ആറ് ഭൂഖണ്ഡങ്ങളിലെ 50 രാജ്യങ്ങളിൽ നിന്ന് അഞ്ച് ദശലക്ഷത്തിലധികം കുട്ടികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷ് ജേണൽ ഓഫ് ഒഫ്താൽമോളജിയിൽ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. റിപ്പോർട്ട് അനുസരിച്ച് പരാഗ്വേയിലെയും ഉ​ഗാണ്ടയിലെയും കുട്ടികളെയാണ് ഷോട്ട്സൈറ്റ്നെസ് കാര്യമായി ബാധിക്കാത്തത്. 1990 മുതൽ 2023 വരെ കാലത്തിനിടയിൽ കുട്ടികളിൽ മയോപിയയുടെ വ്യാപനം മൂന്നിരട്ടിയായി വർദ്ധിച്ചതായാണ് പറയുന്നത്. കോവിഡിന് ശേഷം ലോകമെമ്പാടുമുള്ള 36% കുട്ടികളെയും മയോപിയ ബാധിച്ചിട്ടുണ്ട്.

 

സാധാരണയായി പ്രൈമറി സ്കൂളിലെ കുട്ടികളെയാണ് മയോപിയ പെട്ടെന്ന് ബാധിക്കുന്നത്. ഇത് ഇവരുടെ പ്രായം കൂടുതോറും കൂടിവരും. പിന്നീട് പൂർണ്ണമായി കാഴ്ച്ചശക്തിയെ ബാധിക്കും. കുട്ടികൾ പുസ്തകങ്ങളിലും സ്ക്രീനുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കൂടുതൽ സമയം ചെലവഴിക്കുന്നതുകൊണ്ട് തന്നെ ഇത് കുട്ടികളുടെ കണ്ണുകളുടെ പേശികളെ ബാധിക്കുന്നുണ്ട്. പാൻഡെമിക് ലോക്ക്ഡൗൺ തന്നെയാണ് ഇതിനെല്ലാം പ്രധാന കാരണമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2050 ആകുമ്പോഴേക്കും ലോകത്തെ പകുതിയിലധികം കൗമാരക്കാരെയും മയോപിയ ബാധിച്ചേക്കാം എന്നും റിപ്പോട്ടിൽ പ്രതിപാദിക്കുന്നുണ്ട്. എന്നാൽ പെൺകുട്ടികളിൽ അസുഖത്തിൻ്റെ വ്യാപ്തി കുറവാണെന്ന് പഠനം പറയുന്നുണ്ട്.

കാഴ്ച്ചശക്തി കുറയല്‍ അഥവാ മയോപിയ തടയാൻ എന്തെല്ലാം ചെയ്യാം

  1. കുട്ടികൾ ദിവസവും കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും പുറത്ത് ചെലവിടണം (പ്രത്യേകിച്ച് ഏഴ് മുതൽ ഒമ്പത് വയസ്സ് വരെയുള്ള കുട്ടികൾ)
  2. സ്ക്രീൻ സമയം (ടെലിവിഷൻ, മൊബൈൽ, കമ്പ്യൂട്ടർ) പരിമിതപ്പെടുത്തുക.
  3. കുട്ടികളിൽ വ്യായാമം പ്രോത്സാഹിപ്പിക്കുക. ഇത് കണ്ണിന്റെ ആരോഗ്യത്തിനും ഗുണകരമാണ്
  4. എഴുത്ത്, വായന, അല്ലെങ്കിൽ സ്ക്രീനിൽ ഫോക്കസ് ചെയ്യുമ്പോൾ 20-20-20 നിയമം അനുസരിക്കുക. 20 മിനിറ്റുകൾക്കിടെ , 20 അടി അകലെ 20 സെക്കൻഡ് നോക്കുക.
  5. കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കാൻ പരിശോധനകൾ നടത്തുക
Verified by MonsterInsights