കുട്ടികളിലെ അമിത ഫോൺ ഉപയോഗം; ജാഗ്രതയോടെ പരിഹരിക്കാം

സ്മാർട്ട്‌ഫോണുകൾ മിക്കവാറും എല്ലാവരുടെയും ദൈനംദിന ജീവിതത്തിൻ്റെ ഭാ​ഗമായി മാറി കഴിഞ്ഞു. ഇന്ന് ഫോൺ ഇല്ലാത്ത ഒരു ജീവിതം പലർക്കും ചിന്തിക്കാൻ പോലും കഴിയില്ല. കുട്ടികളുടെ ജീവിതത്തെ പോലും സ്വാധീനിക്കുന്ന ഒന്നായി ഫോൺ മാറിയിട്ടുണ്ട്. പലപ്പോഴും കുറച്ചൊരു അഭിമാനബോധത്തോടെ രക്ഷിതാക്കൾ പോലും പറയാറുണ്ട് ഫോൺ ഉണ്ടെങ്കിൽ അവന്/അവൾക്ക് മറ്റൊന്നും വേണ്ടെന്ന്. പഠനത്തിനായും മറ്റും വിദ്യാർത്ഥികൾ ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിലും അത് പലപ്പോഴും പ്രതികൂല ഫലമാണ് ഉണ്ടാക്കാറുള്ളത്. പലപ്പോഴും പഠനത്തിലുള്ള ഏകാഗ്രതയേയും ചിലപ്പോൾ ആരോഗ്യത്തെ തന്നെയും ബാധിക്കുന്ന നിലയിലേയ്ക്ക് ഫോൺ ഉപയോഗം മാറുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മാതാപിതാക്കൾക്ക് എന്തുചെയ്യാനാകും? കുട്ടികളെ ഇത് എങ്ങനെയെല്ലാം ബാധിക്കും എന്നതിൽ എല്ലാവർക്കും വ്യക്തമായ അവബോധം വേണ്ടതുണ്ട്.

 
പഠനത്തിൽ ശ്ര​ദ്ധകുറവ്

ഒരു വ്യക്തിയുടെ ശ്രദ്ധ ആകർഷിക്കുക എന്നതാണ് സ്മാർട്ട്ഫോണുകളുടെ പ്രധാന ലക്ഷ്യം. ഇത്തരം സ്മാർട്ട്ഫോണുകളുടെ നിരന്തര ഉപയോ​ഗം കുട്ടികളിൽ ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. നിരന്തരമായ ഫോൺ ഉപയോഗം കുട്ടികളുടെ അക്കാദമിക് പ്രവർത്തനങ്ങളിലുള്ള ശ്രദ്ധ കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ മാതാപിതാക്കൾ ഏറെ ശ്ര​ദ്ധിക്കണം. കുട്ടികൾ ഫോൺ ഉപയോ​ഗിക്കുന്ന കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടത് മാതാപിതാക്കളാണ്. കുട്ടികൾ എത്ര സമയം ഫോൺ ഉപയോ​ഗിക്കണം, കുട്ടികൾ ഫോണിൽ എന്തെല്ലാം ചെയ്യുന്നു എന്നെല്ലാം മാതാപിതാക്കളുടെ ശ്രദ്ധ ഉണ്ടായിരിക്കണം. ഫോൺ ഉപയോ​ഗിക്കാത്ത സമയങ്ങളിൽ പഠനത്തിൽ ശ്രദ്ധ കേന്ദീകരിക്കാൻ മാതാപിതാക്കൾ കുട്ടികളെ സഹായിക്കണം.

ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെടുന്നത്

കുട്ടികൾക്ക് പലപ്പോഴും ഫോൺ കൊടുത്താൽ അത് തിരിച്ചുകിട്ടാൻ ഏറെ ബുദ്ധിമുട്ടാണ്. ഇവരിൽ പലരും ഓൺലൈൻ ഗെയിമുകൾക്കായി മണിക്കൂറുകളാണ് ചെലവഴിക്കുക. ഇത് കുട്ടികളിൽ ഉറക്കകുറവിന് വരെ കാരണമാകാറുണ്ട്. മാതാപിതാക്കൾ സമയം കണക്കാക്കി കുട്ടികൾക്ക് ഫോൺ കൊടുക്കുക. ഒപ്പം സ്‌പോർട്‌സ്, വായന അടക്കമുള്ള മറ്റ് മാനസിക വ്യാപാരങ്ങളിലേയ്ക്ക് കുട്ടികളുടെ ശ്രദ്ധ തിരിച്ചു വിടാൻ ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടാകണം.

Verified by MonsterInsights