കുട്ടികള്‍ക്ക് സാങ്കേതിക വിദ്യയുമായി കൂടുതല്‍ ഇകടപഴകേണ്ടി വരുന്ന ഒരു കാലമാണ് ഇനിയുള്ളത്. പഠനകാര്യത്തിലായാലും പാഠ്യേതര കാര്യത്തിലായാലും ഇന്റർനെറ്റിനെ കൂടുതൽ ആശ്രയിക്കുന്ന ഒരു തലമുറയാണിത്. ഇതിന് പല അപകടകരമായ വശങ്ങളുണ്ടെങ്കിലും കുട്ടികളില്‍ നിന്ന് സാങ്കേതിവിദ്യ മറച്ചു പിടിക്കാനാകാത്ത വിധം അത് സര്‍വ്വ വ്യാപിയായിക്കഴിഞ്ഞു. എന്നാൽ ഇത്തരം കാര്യങ്ങളില്‍ മാതാപിതാക്കളുടേയും മുതിർന്നവരുടേയും നിയന്ത്രണം അത്യാവശ്യമാണ്. പോസിറ്റീവായ കാര്യങ്ങൾക്കല്ലാതെ കുട്ടികളെ ഡിജിറ്റല്‍ ലോകത്തു നിന്ന് അകറ്റി നിര്‍ത്തുന്നതാകും അവരുടെ സുരക്ഷയ്ക്ക് നല്ലത്. അതിനായി മാതാപിതാക്കൾക്ക് ചെയ്യാനാകുന്ന ചില മാർഗങ്ങളിതാ.
ചില നിയമങ്ങളാകാം
കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം ശരിയായ രീതിയിൽ കൊണ്ടുപോകേണ്ടതിന്റെ ഉത്തരവാദിത്വം ഓരോ രക്ഷകർത്താവിനുമുണ്ട്. അതിനായി ചില ചെറു നിയമങ്ങൾ പ്രാവർത്തികമാക്കാം.
- ഇന്റർനെറ്റ് ഉപയോഗിക്കാൻ നിശ്ചിത സമയം അനുവദിക്കാം
- ∙അവർക്ക് ഉപയോഗിക്കാവുന്ന സൈറ്റുകള്‍ തിരഞ്ഞെടുത്ത് നൽകാം
- ആരോടൊക്കെ ചാറ്റ് ചെയ്യാം ആരോടൊക്കെ വേണ്ട, എന്നത് വ്യക്തമായി പറഞ്ഞു കൊടുക്കാം
അപകടങ്ങളെക്കുറിച്ച് പറയാം
യഥാർഥ ലോകത്തിലെന്ന പോലെ വെബ്ലോകത്തും നിരവധി അപകടകാരികളും മോശമായ ആളുകളുമുണ്ടെന്നു പറഞ്ഞുകൊടുക്കണം. കുട്ടികളെ പേടിപ്പെടുത്തുന്ന രീതിയിലാകരുത് ഇത് പറയേണ്ടത്. അത്തരക്കാരോട് എങ്ങനെ പ്രതികരിക്കണമെന്നും അവരിൽ നിന്നും എങ്ങനെ ഒഴിഞ്ഞുമാറണമെന്നും കുട്ടികൾക്ക് മനസിലാകുന്ന ഭാഷയിൽ പറഞ്ഞുകൊടുക്കണം.നിങ്ങളും അറിഞ്ഞിരിക്കണം
പല കുട്ടികൾക്കും മുതിർന്നവരേക്കാൾ നന്നായി ഇത്തരം ഡിവൈസുകളും ഇന്റർനെറ്റും ഉപയോഗിക്കനറിയാം. ഇതൊന്നും തങ്ങള്‍ക്ക് അറിയില്ല എന്നു പറഞ്ഞ് ഒഴിഞ്ഞുമാറാതെ നിങ്ങളും ടെക്നോഫ്രണ്ട്ലി ആയേ മതിയാകൂ. കുട്ടികൾ ഉപയോഗിക്കുന്ന ഡിവൈസുകളെക്കുറിച്ചും സൈറ്റുകളെ കുറിച്ചും നിങ്ങൾക്കും നല്ല ധാരണയുണ്ടാകണം. അവർ കളിക്കുന്ന ഗെയിമുകളിൽ ഡിസ്കഷൻ ഫോറവും ഷെയറിങ് ഓപ്ഷനുമൊക്കെ ഉണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.
നിയന്ത്രണ ഫീച്ചറുകൾ
കുട്ടികൾ ഉപയോഗിക്കുന്ന സൈറ്റുകളിലും ഡിവൈസുകളിലും പേരന്‍റിങ് സേഫ്റ്റി കണ്‍ട്രോൾ ഫീച്ചറുകൾ ഇന്‍സ്റ്റാൾ െചയ്യാം.
മേല്‍നോട്ടം അത്യവശ്യം
കുട്ടികൾ ഇന്റർനെറ്റിൽ എന്താണ് ചെയ്യുന്നതെന്ന വ്യക്തമായ ധാരണ നിങ്ങൾക്കുണ്ടാകണം. അതവരുടെ സ്വകാര്യതയെ ഹനിക്കുന്ന രീതീയിലാകരുത്. അവർ കളിക്കുന്ന കളികളിൽ പങ്കാളിയായും, അവർ നോക്കുന്ന സൈറ്റുകളിൽ തങ്ങൾക്കും പ്രയോജനപ്പെടും എന്ന രീതിയിലും അവരോട് ചങ്ങാത്തം കൂടിക്കൊണ്ടു വേണം ഈ മേല്‍നോട്ടം നടത്താൻ.
എന്തും തുറന്നു പറയാം
നിങ്ങളോട് എന്തും തുറന്നു പറയാവുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കണം. അവർ എന്ത് അബദ്ധത്തിൽപ്പെട്ടാലും അത് നിങ്ങളോട് വന്ന് പറയാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്കുണ്ടാകണം. എന്തിനും നിങ്ങളൊപ്പമുണ്ടെന്ന തോന്നൽ കുട്ടികള്‍ക്കുണ്ടാകണം.
പ്രായത്തിന് ചേരുന്ന സൈറ്റുകൾ
കുട്ടികളുടെ പ്രായത്തിനു ചേരുന്ന സൈറ്റുകളും ഗെയിമുകളും മാത്രം തെരഞ്ഞടുക്കാൻ ശ്രദ്ധിക്കുക. അതും നിങ്ങളുടെ മേൽനോട്ടത്തിൽ വേണം.
കണ്ണും കാതും കുട്ടികൾക്കായി
ഒരു കണ്ണ് എപ്പോഴും കുട്ടികളുടെ മേൽ വേണമെന്നു പറയുന്നതുപോലെ ഒരു കാതും അവർക്കായി നീക്കിവയ്ക്കാം. അവരുണ്ടാക്കുന്ന പുതിയ ഇന്റർനെറ്റ് സൗഹൃദങ്ങൾ അപകടകാരികളല്ലെന്ന് ഉറപ്പുവരുത്താം. നിങ്ങളുമായുള്ള വർത്തമാനങ്ങളിൽ അവർ തരുന്ന കൊച്ചു കൊച്ചു സൂചനകള്‍ നിങ്ങൾ അവഗണിക്കരുതേ.