സാധാരണ പേപ്പറിൽ പ്രിന്റ് ചെയ്ത് ലാമിനേറ്റ് ചെയ്ത് എത്തുന്ന ഡ്രൈവിങ് ലൈസൻസിന് ഗ്ലാമർ കുറഞ്ഞ് പോകുന്നത് കണക്കിലെടുത്താണ് പെറ്റ് ജി ലൈസൻസ് അല്ലെങ്കിൽ സ്മാർട്ട് കാർഡ് രൂപത്തിലുള്ള ഡ്രൈവിങ് ലൈസൻസുകൾ മോട്ടോർ വാഹന വകുപ്പ് എത്തിച്ചത്. എന്നാൽ, ഒരു വർഷം പോലും ഇത് മര്യാദയ്ക്ക് നടപ്പാക്കാൻ സാധിച്ചില്ല. പ്രിന്റിങ് കമ്പനിയുടെ പ്രതിഫലം കുടിശ്ശിക വരുത്തിയതോടെ ലൈസൻസ് അച്ചടി നിലച്ച് തുടങ്ങിയത് ഇതുവരെ ശരിയായിട്ടില്ല.
ലൈസൻസ് അനുവദിക്കുന്നതിലെ പ്രതിസന്ധി രൂക്ഷമായതോടെയാണ് മോട്ടോർ വാഹന വകുപ്പ് പുതിയ അടവ് പുറത്തെടുത്തത്. ഡിജിറ്റൽ ലൈസൻസ്. പ്രിന്റ് ചെയ്ത ലൈസൻസിന് പകരം ഡിജിറ്റൽ ഫോമിലുള്ള ലൈസൻസ് അപേക്ഷകന് നൽകും. ഡിജിറ്റൽ ഫോം മോട്ടോർ വാഹന വകുപ്പ് സ്വന്തം നിലയ്ക്ക് ഒരുക്കുമെന്നാണ് ഗതാഗത മന്ത്രി ഉൾപ്പെടെ അറിയിച്ചത്. കേന്ദ്രസർക്കാരിന്റെ മൊബൈൽ ആപ്പുകളായ ഡിജി ലോക്കറിലും എം. പരിവാഹനിലും ലൈസൻസ് 2018 മുതൽ ഡിജിറ്റൽ രൂപത്തിൽ ലഭിക്കുന്നുണ്ട്.
വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കുമുന്നിൽ ഇനി മുതൽ ഡ്രൈവിങ് ലൈസൻസിന്റെയും വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെയും ഡിജിറ്റൽ പകർപ്പ് കാണിച്ചാൽ മതിയെന്ന ഉത്തരവാണ് മോട്ടോർ വാഹന വകുപ്പ് ഏറ്റവും ഒടുവിൽ പുറത്തിറക്കിയിരിക്കുന്നത്. എം. പരിവാഹൻ, ഡിജി ലോക്കർ എന്നിവയിൽ ഡിജിറ്റലായി സൂക്ഷിക്കുന്ന രേഖകൾ കാണിച്ചാലും പരിശോധ നടത്തുന്ന ഉദ്യോഗസ്ഥർ അസൽ പകർപ്പ് ആവശ്യപ്പെട്ടിരുന്നു. ഇത് പരാതിയായതോടെ ഇക്കാര്യം ട്രാൻസ്പോർട്ട് കമ്മീഷണറിന്റെ നിർദേശമായി പുറത്തിറങ്ങിയിരിക്കുന്നത്. അസൽ രേഖകൾ കാണിക്കുന്നതിന് ഉദ്യോഗസ്ഥർ വാശി പിടിക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്.