“ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യം ഏത്”

എങ്ങോട്ടു യാത്ര പോകണമെന്ന തിരഞ്ഞെടുപ്പില്‍ ഇക്കാലത്തു സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും വലിയ സ്വാധീനം ചെലുത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ കണ്ട ശ്രദ്ധേയമായ ചിത്രമോ കുറിപ്പോ ഒക്കെയാണ് പല സ്ഥലങ്ങളെയും നമ്മുടെ ശ്രദ്ധയിലെത്തിക്കുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യം ഏതെന്ന് സോഷ്യല്‍ മീഡിയയെ അടിസ്ഥാനമാക്കി നടത്തിയ തിരഞ്ഞെടുപ്പില്‍ ഇന്ത്യക്ക് അഭിമാന നേട്ടം. ട്രാവല്‍ പോര്‍ട്ടലായ ടൈറ്റന്‍ ട്രാവലാണ് സോഷ്യല്‍ മീഡിയയിലെയും ഗൂഗിളിലേയും തിരച്ചിലുകളുടെയും ട്രെന്‍ഡുകളുടെയും അടിസ്ഥാനത്തില്‍ ഇന്ത്യയെ ഭൂമിയിലെ ഏറ്റവും മനോഹരമായ രാജ്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. 

ഇന്ത്യയെക്കുറിച്ച് 21.93 കോടി പോസ്റ്റുകളാണ് ഇന്‍സ്റ്റഗ്രാമിലുള്ളതെന്ന് ടൈറ്റന്‍ ട്രാവല്‍ പറയുന്നു. ഇന്ത്യയുടെ വൈവിധ്യവും സൗന്ദര്യവും കുറിക്കുന്നവയാണ് ഇവയില്‍ വലിയൊരു പങ്കും. ഇക്കാരണം കൊണ്ടുതന്നെയാണ് ഇന്ത്യ മനോഹര രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയതെന്നും ടൈറ്റന്‍ ട്രാവലിന്റെ റിപ്പോര്‍ട്ട് പറയുന്നു. 

കടല്‍തീരങ്ങളും മഞ്ഞു മലകളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോട്ടകളും കൊട്ടാരങ്ങളും വൈവിധ്യമാര്‍ന്ന ഭക്ഷണവും ഭാഷകളും സംസ്‌കാരങ്ങളും വന്‍ നഗരങ്ങളും ജനങ്ങളും ജീവിതവുമൊക്കെ ചേർന്നാണ് ഇന്ത്യയെ സമാനതകളില്ലാത്ത രാജ്യമാക്കി മാറ്റുന്നത്. പ്രാദേശിക സഞ്ചാരികള്‍ മാത്രമല്ല നിരവധി വിദേശ സഞ്ചാരികളും ഇന്ത്യയെ അറിയാന്‍ എത്തുന്നുണ്ട്. ഇന്ത്യയിലേക്കുള്ള യാത്ര, യുനെസ്‌കോയുടെ ഒരു ലോക പൈതൃക കേന്ദ്രമെങ്കിലും സന്ദര്‍ശിക്കാതെ പൂര്‍ത്തിയാവില്ലെന്നും ടൈറ്റന്‍ ട്രാവല്‍ പറയുന്നു. 

മനോഹരമായ രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തു ജപ്പാനാണ്. ആ രാജ്യത്തെക്കുറിക്കുന്ന 16.43 കോടി ഇന്‍സ്റ്റഗ്രാം പോസ്റ്റുകളാണുള്ളത്. മൗണ്ട് ഫുജി, ചെറി തോട്ടങ്ങള്‍, വ്യത്യസ്തമായ സംസ്‌കാരവും ഭക്ഷണങ്ങളും, ഒരേസമയം പഴമയേയും പാശ്ചാത്യ സംസ്‌കാരത്തേയും സ്വീകരിക്കാനുള്ള മനസ്സ്, ലോകത്ത് മറ്റെവിടെയും കാണാത്ത തനതായ രീതികള്‍ എന്നിങ്ങനെ ജപ്പാന്റെ മേന്മകളായി സഞ്ചാരികള്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ പലതുണ്ട്. 

മൂന്നാം സ്ഥാനത്തുള്ള ഇറ്റലിക്കും പാരമ്പര്യത്തിന്റെയും തനതായ രുചിവൈവിധ്യത്തിന്റെയുമെല്ലാം മേന്മകള്‍ അവകാശപ്പെടാനുണ്ട്. ഏകദേശം 15.96 കോടി ഇന്‍സ്റ്റഗ്രാം പോസ്റ്റുകളാണ് ഇറ്റലിയുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമിലുള്ളത്. ഇറ്റലിക്കു പിന്നില്‍ ഇന്തൊനീഷ്യ, ഫ്രാന്‍സ്, മെക്‌സിക്കോ, കാനഡ, ഓസ്‌ട്രേലിയ, തായ്‌ലന്‍ഡ്, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ഭൂമിയിലെ മനോഹര രാജ്യങ്ങളുടെ ആദ്യ പത്തു സ്ഥാനങ്ങളിലെത്തിയത്.”

friends travels
Verified by MonsterInsights