മലപ്പുറം: ഫ്രൈഡ് ചിക്കനിൽ നിന്ന് പുഴുവിനെ കിട്ടിയതിനെ തുടർന്നു ഹോട്ടൽ അടച്ചു പൂട്ടി. മലപ്പുറം കോട്ടക്കല്‍ കുര്‍ബ്ബാനിയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കോസ് ഗ്രില്‍സ് റസ്റ്റോറന്‍റ് ആണ് അടച്ചുപൂട്ടിയത്. വളാഞ്ചേരി സ്വദേശി ജിഷാദിന്‍റെ പരാതിയിൽ കോട്ടക്കല്‍ നഗരസഭ അധികൃതര്‍ ആണ് നടപടികള്‍ സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കോട്ടക്കല്‍ ചെങ്കുവെട്ടിയിലെ സാങ്കോസ് ഗ്രില്‍സില്‍ ഭക്ഷണം കഴിക്കാന്‍ കുടുംബമൊത്ത് എത്തിയതായിരുന്നു ജിഷാദ്. ഫ്രൈഡ് ചിക്കന്‍ കഴിക്കുന്നതിനിടെയാണ് പുഴുവിനെ കിട്ടിയത്. അഞ്ച് വയസ്സായ മകള്‍ക്ക് കഴിക്കാനായി ചെറിയ കഷ്ണങ്ങളാക്കുന്നതിനായി ചിക്കന്‍ പൊളിച്ചപ്പോള്‍ പുഴുവിനെ കണ്ടത്തെത്തുകയായിരുന്നു.
ഇതിനിടയില്‍ ജിഷാദും ഭാര്യയും ചിക്കന്‍ കഴിച്ചിരുന്നു. പുഴുവിനെ കണ്ടെത്തിയ കാര്യം ഷോപ്പിലെ ജീവനക്കാരോട് പറഞ്ഞെങ്കിലും നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായതെന്ന് കുടുംബം പറയുന്നു. ശേഷം എത്തിയ മാനേജര്‍ ഇത് പുഴുവല്ലെന്ന് വാദിക്കുകയാണ് ചെയ്തത്. തെളിവിനായി ഇവര്‍ കാണിച്ചു തന്ന ഇറച്ചി കഷണങ്ങളില്‍ മകള്‍ കഴിച്ച ചിക്കന്‍ പീസിലുള്ളതല്ല കാണാന്‍ കഴിഞ്ഞത്. തുടര്‍ന്ന് വകുപ്പ് മന്ത്രിക്കും ഭക്ഷ്യ സുരക്ഷ വകുപ്പ്, ഡി.എം.ഒ കോട്ടക്കല്‍ നഗരസഭ എന്നവര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പുഴു കണ്ടെത്തിയ ചിക്കന്‍റെ ഫോട്ടോയും വീഡിയോയും ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് കുറുബാനിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ കോട്ടക്കല്‍ നഗരസഭ സെക്രട്ടറി കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. ഒ അനുരൂപ് എന്നിവര്‍ പരിശോധന നടത്തി സ്ഥാപനം പുട്ടുകയായിരുന്നു. പഴകിയ ചിക്കനിലാണ് ഇത്തരം പുഴുക്കളെ കാണുകയെന്നും കടയുടമയോട് വിശദീകരണം ആവശ്യപ്പെട്ടതായും അധികൃതര്‍ വ്യക്തമാക്കി.