മനോരമ ഓൺലൈനിന് ആഗോള മാധ്യമ സംഘടനയായ വാൻ ഇഫ്ര ഏർപ്പെടുത്തിയ ഡിജിറ്റൽ മീഡിയ പുരസ്കാരം. 2022 ലെ മികച്ച വാർത്താ വെബ്സൈറ്റ്/ മൊബൈൽ സർവീസ് വിഭാഗത്തിലെ വെങ്കല പുരസ്കാരമാണു ലഭിച്ചത്. കഴിഞ്ഞ 3 വർഷവും വാൻ ഇഫ സൗത്ത് ഏഷ്യൻ ഡിജിറ്റൽ മീഡിയ സുവർണ പുരസ്കാരം മനോരമ ഓൺലൈനിനായിരുന്നു.
2016 ൽ ലോകത്തെ മികച്ച വാർത്താ വെബ്സൈറ്റിനുള്ള വാൻ ഇഫ്ര പുരസ്കാരം, 2020 ലും 2021ലും ഇന്റർനാഷനൽ ന്യൂസ് മീഡിയ അസോസിയേഷൻ ആഗോള സുവർണ പുരസ്കാരം തുടങ്ങി മുപ്പതിലേറെ രാജ്യാന്തര അംഗീകാരങ്ങൾ മനോരമ ഓൺലൈൻ നേടിയിട്ടുണ്ട്.
എക്സ്ക്ലൂസീവ് വായനാവിഭവങ്ങൾക്കായി പുതുതായി അവതരിപ്പിച്ച പ്രീമിയം സെക്ഷനും ഏറെ സ്വീകാര്യതയുണ്ട്. മലയാളത്തിനു പുറമേ ഇംഗ്ലിഷിൽ ‘ഓൺമനോരമ’ സൈറ്റുമുണ്ട്.
ആരോഗ്യരംഗത്ത് ക്യുക് ഡോക് വിദ്യാഭ്യാസമേഖലയിൽ ഹൊറൈസൺ, വൈവാഹിക കാര്യങ്ങൾക്കായി എം ഫോർ മാരി തുടങ്ങി വിവിധ വിഭാഗങ്ങളുള്ള മനോരമ ഓൺലൈൻ ലോകത്ത് ഏറ്റവുമധികം മലയാളികൾ വായിക്കുന്ന വെബ്സൈറ്റാണ്. മലയാളത്തിലും ഇംഗ്ലിഷിലുമുള്ള മനോരമ ഓൺലൈൻ മൊബൈൽ ആപ്പിനും വൻ ജനപ്രീതിയുണ്ട്.