മഴക്കാലത്ത് വസ്ത്രങ്ങൾ ഉണക്കിയെടുക്കുക ഏറ്റവും പ്രയാസം നിറഞ്ഞ ഒന്നാണ്. സമയത്ത് ഉണങ്ങിക്കിട്ടില്ലെന്ന് മാത്രമല്ല ചിലപ്പോൾ അസഹ്യമായ ദുർഗന്ധവും ഉണ്ടാവും. മുന്തിയ ഇനം വാഷിംഗ് മെഷീൻ ഉള്ളവർക്ക് ഇതൊരു പ്രശ്നമേ അല്ല. എന്നാൽ അത് ഇല്ലാത്തവർക്ക് ശരിക്കും തലവേദന തന്നെയാണ്. അടിവസ്ത്രങ്ങളും കട്ടികൂടിയ വസ്ത്രങ്ങളുമാണ് ഉണക്കിയെടുക്കാൻ ഏറെ പ്രയാസം.മഴക്കാലത്ത് അതിവേഗം വസ്ത്രങ്ങൾ ഉണക്കിയെടുക്കാൻ വളരെ എളുപ്പമായ ഒരു വഴി നോക്കാം. പരീക്ഷണത്തിനായി കഴുകിയിട്ട നല്ല കട്ടിയുള്ള വസ്ത്രം തന്നെ തിരഞ്ഞെടുക്കുക. ഇനി വേണ്ടത് നന്നായി ഉണങ്ങിയ ഒരു ടവലോ ബെഡ് ഷീറ്റോ ആണ്. ഉണക്കേണ്ട വസ്ത്രത്തിന്റെ അളവും വലിപ്പവും അനുസരിച്ച് ഇത് തിരഞ്ഞെടുക്കാം. ഇത് വൃത്തിയുള്ള തറയിൽ നിവർത്തി ഇടുക. ഇതിലേക്ക് കഴുകിയ തുണി ഒരുതവണകൂടി നന്നായി പിഴിഞ്ഞശേഷം വയ്ക്കുക. തുടർന്ന് വിരിച്ചിരിക്കുന്ന വസ്ത്രംകൊണ്ട് ഈ വസ്ത്രങ്ങളെ നന്നായി ചുറ്റിയശേഷം രണ്ട് അറ്റത്തും പിടിച്ച് ബലമായി പിഴിയുക. ഇങ്ങനെ ചെയ്യുന്നതിലൂടെ കഴുകിയ തുണിയിലെ ജലാംശം ഏറക്കുറെ മുഴുവനായും മാറിയിക്കിട്ടും. ഇനി കുറച്ചുസമയം ഫാനിന്റെ കാറ്റുകൊള്ളാനായി തുണികൾ വിരിച്ചാൽ പെട്ടെന്നുതന്നെ മുഴുവനായി ഉണങ്ങിക്കിട്ടുകയും ചെയ്യും.