മീറ്റ് ദ മിനിസ്റ്റര്‍ പ്രോഗ്രാം

ജില്ലയില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയും സംരംഭങ്ങള്‍ നടത്തുന്നവരുടെയും പ്രശ്‌നങ്ങളും പരാതികളും നേരില്‍ കേള്‍ക്കാന്‍ വ്യവസായ- നിയമ-കയര്‍ വകുപ്പു മന്ത്രി പി.രാജീവ് ഇന്ന് (തിങ്കള്‍) ജില്ലയില്‍. രാവിലെ 10 മുതല്‍ 12 വരെ കല്‍പ്പറ്റ ഹോട്ടല്‍ ഇന്ദ്രിയ ഹാളില്‍ നടക്കുന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയിൽ മന്ത്രി ജില്ലയിലെ സംരംഭകരെ നേരില്‍ കേള്‍ക്കും. വ്യവസായ വകുപ്പ് മന്ത്രിയായ ശേഷം ആദ്യമായി വയനാടില്‍ എത്തുന്ന മന്ത്രി വ്യവസായ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംരംഭകരുമായി സംവദിക്കും.  പരാതികളും പ്രശ്‌നങ്ങളും മന്ത്രിയെ നേരിട്ട് അറിയിക്കാം. നേരത്തെ അപേക്ഷ നല്‍കിയവര്‍ക്ക് പുറമെ പുതുതായി പരാതികള്‍ നല്‍കാനും അവസരമുണ്ട്. ഇതിനായി സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാകും.

വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ജില്ലാ കളക്ടര്‍ എ.ഗീത, കിൻഫ്ര എം.ഡി. സന്തോഷ് കോഷി, കെ.എസ്.ഐ.ഡി.സി. ജനറൽ മാനേജർ ജി. അശോക് ലാൽ, കെ.എസ്.ഇ.ബി, പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ലേബര്‍, ലീഡ് ബാങ്ക്, ഫയര്‍ ആന്റ് സേഫ്റ്റി, മൈനിങ്ങ് ആന്റ് ജിയോളജി തുടങ്ങിയ വിവിധ വകുപ്പുകളുടെ മേധാവികളും ബാങ്ക് പ്രതിനിധികളും മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ പങ്കെടുക്കും. എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കും.

ഉച്ചയ്ക്ക് 12 മുതൽ ഒരു മണി വരെ ജില്ലയിലെ എം.എല്‍.എമാരുമായും മന്ത്രി വിവിധ വികസന സാധ്യതകളും സംരംഭ സാധ്യതകളും വിലയിരുത്തും. ഉച്ചയ്ക്ക് ശേഷം 2.30 ന് ഹോട്ടൽ ഓഷിനിൽ കെ.എസ്.ഐ.ഡി. സി. നടത്തുന്ന മീറ്റ് ദ ഇൻവെസ്റ്റേഴ്സ് പരിപാടിയിലും മന്ത്രി പങ്കെടുക്കും. തുടർന്ന് മാധ്യമങ്ങളെയും കാണും.

ജില്ലയില്‍ സംരംഭങ്ങള്‍ വളര്‍ത്തുന്നതിന്റെ ഭാഗമായി ഉച്ചക്ക് ശേഷം 1.30 മുതല്‍ ഹോട്ടൽ ഇന്ദ്രിയയിൽ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല നിക്ഷേപക സംഗമം നടത്തും. വിദഗ്ധർ ക്ലാസെടുക്കും.

വൈകീട്ട് 6.30 ന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാറിന്റെ അധ്യക്ഷതയില്‍ ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എം.എല്‍.എ മാരായ ഒ.ആര്‍ കേളു, ഐ.സി ബാലകൃഷ്ണന്‍, നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് തുടങ്ങിയവര്‍ പങ്കെടുക്കും.

സംസ്ഥാന സര്‍ക്കാര്‍ 2022-23 വര്‍ഷം സംരംഭക വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയില്‍ വിവിധ വകുപ്പുകളുടെയും ബാങ്കുകളുടെയും സഹകരണത്തോടെ 3687 സംരംഭങ്ങള്‍ ആരംഭിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. ജില്ലയില്‍ ഇതിനകം 2684 യൂണിറ്റുകള്‍ വ്യവസായ വകുപ്പിന്റെ സഹായത്തോടെ ആരംഭിച്ചിട്ടുണ്ട്. ലക്ഷ്യമിട്ടതിന്റെ 73 ശതമാനമാണിത്. സംസ്ഥാന തലത്തില്‍ ജില്ല ഒന്നാം സ്ഥാനത്താണ്. 161.37 കോടിയുടെ നിക്ഷേപവും 5683 തൊഴിലവസരങ്ങളും ഇക്കാലയളവില്‍ സൃഷ്ടിക്കാനും സാധിച്ചു.

കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി നഗരസഭകളും വെളളമുണ്ട, വൈത്തിരി ഗ്രാമപഞ്ചായത്തുകളും നൂറ് ശതമാനം നേട്ടം കൈവരിച്ചിട്ടുണ്ട്. വെളളപ്പൊക്കങ്ങളും കോവിഡും തീര്‍ത്ത പ്രതിസന്ധികളും ജില്ലയുടെ ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും അതിജീവിച്ചാണ് സംരംഭക മേഖലയില്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ വ്യവസായ വകുപ്പിന് കഴിഞ്ഞത്. അടച്ച് പൂട്ടിയ നിരവധി യൂണിറ്റുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനുളള ശ്രമങ്ങളും വ്യവസായ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

 

Verified by MonsterInsights