മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ ഇന്ത്യ കുതിക്കുന്നു, അയൽ രാജ്യങ്ങളേക്കാൽ പിന്നിലും

ഇന്ത്യ ഒന്നടങ്കം ഡിജിറ്റൽ ഗ്രാമങ്ങളാക്കുക എന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിക്ക് നേരിയ ആശ്വാസം നൽകുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയിലെ ഇന്റർനെറ്റ് വേഗത്തിൽ വലിയ മുന്നേറ്റം രേഖപ്പെടുത്തിയതായാണ് ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസിയായ ഊക്ലയുടെ റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും മികച്ച മൊബൈൽ ഇന്റർനെറ്റ് വേഗമാണ് ഒക്ടോബറിൽ ലഭിച്ചതെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇന്റർനെറ്റ് വേഗത്തിന്റെ രാജ്യാന്തര കണക്കെടുത്താൽ ഇന്ത്യ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയിൽ പോലുമില്ല. ലോകത്തെ ദരിദ്ര രാജ്യങ്ങളേക്കാൾ പിന്നിലാണ് ഇന്ത്യ എന്നത് മറ്റൊരു വസ്തുതയാണ്.

ഊക്ലയുടെ 2021 ഒക്ടോബറിലെ മൊബൈൽ ഇന്റർനെറ്റ് സ്പീഡ് പട്ടികയിൽ യുഎഇ ആണ് ഒന്നാമത്. മുൻ റാങ്കിങ്ങിലും യുഎഇയായിരുന്നു ഒന്നാം സ്ഥാനത്ത്. യുഎഇയിലെ ശരാശരി ഡൗൺലോഡ് വേഗം 273.87 എംബിപിഎസും ശരാശരി അപ്ലോഡ് വേഗം 32.97 എംബിപിഎസും ആണ്. ആഗോള ശരാശരി ഡൗൺലോഡിങ് വേഗം 68.44 എംബിപിഎസും അപ്ലോഡിങ് വേഗം 13.79 എംബിപിഎസും ആയി രേഖപ്പെടുത്തിയിട്ടുണ്ട്.

ഒക്ടോബറിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്റർനെറ്റ് വേഗത്തിൽ അഞ്ച് സ്ഥാനം കയറി ഇന്ത്യ 122-ാം സ്ഥാനത്താണ്. മൊബൈൽ ഡൗൺലോഡ് വേഗത്തിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള പ്രകടനം മികച്ചതാണ്. ഏപ്രിലിലെ 12.82 എംബിപിഎസിൽ നിന്ന് ഒക്ടോബറിൽ 18.98 എംബിപിഎസ് ആയി വർധന രേഖപ്പെടുത്തി. എന്നാൽ, മറ്റു ചില രാജ്യങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചതിനാലാണ് ആഗോള റാങ്കിങ്ങിൽ നൂറിൽ താഴേക്ക് പോയത്. ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗത്തിൽ ഇന്ത്യ 71-ാം സ്ഥാനത്താണ്.

2021 ഒക്ടോബർ അവസാനത്തിലെ കണക്കുകൾ പ്രകാരം ലോകത്തെ ശരാശരി മൊബൈൽ ഇന്റർനെറ്റ് വേഗം ഡൗൺലോഡ് 68.44 എംബിപിഎസും അപ്ലോഡ് 13.79 എംബിപിഎസുമാണ്. ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗം ഡൗൺലോഡ് 116.86 എംബിപിഎസും അപ്ലോഡ് 64.73 എംബിപിഎസുമാണ്. എന്നാൽ വികസനത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലുള്ള പാക്കിസ്ഥാൻ മൊബൈൽ ഇന്റർനെറ്റ് വേഗത്തിന്റെ പട്ടികയിൽ 115-ാം സ്ഥാനത്താണ്. പാക്കിസ്ഥാനിലെ ശരാശരി ഇന്റർനെറ്റ് വേഗം ഡൗൺലോഡ് 20,92 എംബിപിഎസും അപ്ലോഡ് 11.47 എംബിപിഎസുമാണ്. പട്ടികയിൽ 105-ാം സ്ഥാനത്തുള്ള നൈജീരിയയിലെ ശരാശരി ഇന്റർനെറ്റ് വേഗം ഡൗൺലോഡ് 24.54 എംബിപിഎസും അപ്ലോഡ് 9.76 എംബിപിഎസുമാണ്.

ട്രായിയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ജിയോ നെറ്റ്വർക്ക് മാത്രമാണ് 15 എംബിപിഎസിനു മുകളിൽ വേഗം നൽകുന്നത്. എന്നാൽ മറ്റു ടെലികോം കമ്പനികളെല്ലാം 10 എംബിപിഎസിന് താഴെയാണ് വേഗം. ഏറ്റവും കൂടുതൽ പേർ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ചൈന പട്ടികയിൽ 7-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം ഇതേസമയം ചൈന 3-ാം സ്ഥാനത്തായിരുന്നു.

പട്ടികയിൽ രണ്ടാം സ്ഥാനത്ത് ദക്ഷിണ കൊറിയയാണ്. ദക്ഷിണ കൊറിയയിലെ ഇന്റർനെറ്റ് വേഗം 214.47 എംബിപിഎസ് ആണ്. ഖത്തർ (178.83 എംബിപിഎസ്), നോർവെ (178.70 എംബിപിഎസ്), കുവൈത്ത് (170.67 എംബിപിഎസ്) എന്നീ രാജ്യങ്ങളാണ് ഇന്റർനെറ്റ് വേഗത്തിൽ തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഏറ്റവും കുറഞ്ഞ ഇന്റർനെറ്റ് വേഗം പലസ്തീനിലാണ്. സെക്കൻഡിൽ 7.66 എംബിപിഎസ് ആണ് 141-ാം സ്ഥാനത്തുള്ള പലസ്തീനിലെ ശരാശരി ഇന്റർനെറ്റ് വേഗം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights