മങ്കിപോക്സിന്റെ ലക്ഷണങ്ങളുമായി വിദേശത്തു നിന്നുവന്ന കണ്ണൂർ സ്വദേശി.

മങ്കിപോക്സ് ലക്ഷണങ്ങൾ (Monkey Pox symptoms) കണ്ടെത്തിയതിനെ തുടർന്ന് വിദേശത്തു നിന്നെത്തിയ കണ്ണൂർ സ്വദേശിയെ പരിയാരത്തുള്ള ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്രവം വിദഗ്ധ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഗൾഫിൽ നിന്നും മംഗളൂരു വിമാനത്താവളം വഴിയാണ് ഇയാൾ കഴിഞ്ഞ ദിവസം എത്തിയത്. ഇപ്പോൾ ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ മുറിയിൽ നിരീക്ഷണത്തിലാണ്. ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിച്ച കുരങ്ങുപനി കേസ് യുഎഇയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ 35 വയസ്സുള്ള പുരുഷനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ രോഗം സ്ഥിരീകരിച്ചു. കൊല്ലം സ്വദേശിയായ ഇയാളെ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ (എംസിഎച്ച്) ചികിത്സയ്ക്കായി ഐസൊലേറ്റ് ചെയ്തിട്ടുണ്ട്.

പനിയും മറ്റ് രോഗലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പരിശോധന നടത്തിയത്. യുഎഇയിൽ താനുമായി അടുത്ത് സമ്പർക്കത്തിൽ ഏർപ്പെട്ടവർക്ക് കുരങ്ങുപനി ബാധിച്ചതായി സ്ഥിരീകരിച്ച കാര്യം ഇദ്ദേഹം തന്നെ സ്വമേധയാ അറിയിക്കുകയായിരുന്നു. രോഗി പറഞ്ഞതനുസരിച്ച് ഫേസ് മാസ്ക് ധരിച്ചാണ് വിമാനത്തിൽ യാത്ര ചെയ്തതെന്നും ശരീരം പൂർണമായി മറയ്ക്കുന്ന വസ്ത്രമാണ് ധരിച്ചിരുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അടുത്ത സമ്പർക്കത്തിലൂടെ മാത്രമാണ് രോഗം വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പടരുന്നതെന്നും ഈ സമയത്ത് പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights