ജപ്പാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നിസാന്റെ യാത്ര വളരെ അനായാസമായിരുന്നു. ഇവാലിയ മുതല്‍ മൈക്ര വരെ എല്ലാ ശ്രേണിയിലേക്കുമുള്ള വാഹനവുമായാണ്.എത്തിയതെങ്കിലും ഇവിടെ പിടിച്ചുനില്‍ക്കുക എന്നത് അത്രകണ്ട് എളുപ്പമായിരുന്നില്ല. ഒന്നിന് പുറകെ ഒന്നായി വാഹനങ്ങള്‍ നിരത്തൊഴിഞ്ഞപ്പോഴായിരിക്കണം അവര്‍ വിപണിയെ കൂടുതല്‍ പഠിക്കാന്‍ ആരംഭിച്ചത്. അങ്ങനെ എത്തിയ വാഹനമാണ് മാഗ്‌നൈറ്റ്. ഒടുവില്‍ കിക്‌സ് എന്ന വാഹനവും നിരത്തൊഴിഞ്ഞ് ഒറ്റയാള്‍ പോരാട്ടം നടത്തിവന്നിരുന്ന മാഗ്‌നൈറ്റിനൊപ്പം മറ്റൊരു പടയാളിയെ കൂടി നിസാന്‍ എത്തിച്ചിരിക്കുകയാണ്. ആഗോള വിപണിയില്‍ തരംഗം തീര്‍ത്തിട്ടുള്ള എക്‌സ്-ട്രെയില്‍ എന്ന വാഹനത്തെയാണ് നിസാന്‍ ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് ഇറക്കുന്നത്.നിസാന്‍ എക്‌സ്-ട്രെയില്‍: ആഗോള വിപണിയില്‍ രണ്ടര പതിറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടാനുള്ള വാഹനമാണ് എക്‌സ്-ട്രെയില്‍. എസ്.യു.വികള്‍ വിരളമായിരുന്നു 2000-ത്തിന്റെ തുടക്കത്തില്‍ എത്തിയ ഈ വാഹനത്തെ ലോകം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഒരുവേള എക്‌സ്-ട്രെയില്‍ ഇന്ത്യയിലും എത്തിയിരുന്നെങ്കിലും 2014-ഓടെ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ഇന്ന് ആഗോളതലത്തില്‍ ഏറ്റവുമധികം വില്‍ക്കുന്ന എസ്.യു.വികളുടെ പട്ടിക പരിശോധിച്ചാല്‍ ആദ്യ അഞ്ച് വാഹനങ്ങളില്‍ ഒന്ന് എക്‌സ്-ട്രെയിലിന്റെ നാലാം തലമുറ മോഡലാണ് ഇപ്പോള്‍ വിപണിയില്‍ ഉള്ളത്.
പുറംമോടി
കാഴ്ചയില്‍ കേമനാണ് തലയെടുപ്പുമുള്ള വാഹനമാണ് എക്‌സ്-ട്രെയില്‍ എസ്.യു.വി. നിസാന്റെ പുതുതലമുറ വാഹനങ്ങളുടെ സിഗ്നേച്ചര്‍ ഡിസൈനായ വി-മോഷന്‍ ഗ്രില്ലാണ് പ്രധാന ആകര്‍ഷണം. വെള്ളിപൂശിയ ബോര്‍ഡറില്‍ കറുപ്പണിഞ്ഞാണ് ഗ്രില്ല് തീര്‍ത്തിരിക്കുന്നത്. നാല് നിരയായി എല്‍.ഇ.ഡി. ലൈറ്റുകള്‍ നിരത്തിയാണ് ഹെഡ്‌ലാമ്പ് ഒരുക്കിയത്.ബോണറ്റിന് സമീപത്തായി എല്‍.ഇ.ഡിയില്‍ തന്നെ ഡി.ആര്‍.എല്ലും ടേണ്‍ ഇന്റിക്കേറ്ററും നല്‍കിയിട്ടുണ്ട്. എയര്‍ സ്‌കൂപ്പുകള്‍ക്ക് പ്രധാന്യം നല്‍കിയാണ് ബമ്പറിന്റെ രൂപകല്‍പ്പന. ആവശ്യമുള്ളപ്പോള്‍ തുറക്കുകയും അടയുകയും ചെയ്യുന്ന തരത്തില്‍ വലിയ എയര്‍ഡാമും നല്‍കിയതോടെ മുന്‍വശും വെടിപ്പായി എന്ന് പറയാം.വശങ്ങളുടെ പ്രധാന സൗന്ദര്യം അലോയി വീലാണ്. 20 ഇഞ്ച് വലിപ്പത്തില്‍ ഡയമണ്ട് കട്ട് ഡിസൈനിലാണ് ഇതിന്റെ രൂപകല്‍പ്പന. വെള്ളിവര പോലെ ക്രോമിയം വിന്‍ഡോ ബോര്‍ഡറും, പിന്‍കാഴ്ചകള്‍ വിശാലമാക്കുന്നതിനായി ഡോറില്‍ സ്ഥാനമുറപ്പിച്ച റിയര്‍വ്യൂ മിററും വശങ്ങളിലെ കാഴ്ച ആകര്‍ഷകമാക്കും. പൂര്‍ണമായും എസ്.യു.വിക്ക് ഡോറിലേക്കും വശങ്ങളിലേക്കും ഒരുപോലെ നീളുന്ന ടെയ്ല്‍ലാമ്പ്, റൂഫിന്റെ തുടര്‍ച്ചയെന്നോണം കാണുന്ന സ്‌പോയിലര്‍, വലിയ ബാഡ്ജിങ്, സ്‌കിഡ് പ്ലേറ്റ് നല്‍കിയ ബമ്പറും ചേരുന്നതോടെ വാഹനത്തിന്റെ പുറംമോടി പൂര്‍ത്തിയാകുന്നു
അകമഴക്
ലാളിത്യമാണ് അകത്തളത്തിന്റെ മുഖമുദ്ര. എന്നാല്‍, ഫീച്ചറുകളുടെ കാര്യത്തില്‍ യാതൊരു പിശുക്കും കാണിച്ചിട്ടില്ല. ആഗോള മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ അല്‍പ്പം വലിപ്പം കുറഞ്ഞതാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. എന്നാല്‍, വിനോദത്തിലും കണക്ടിവിറ്റിക്കും ഒന്നും കുറവ് വരുത്തിയിട്ടുമുല്ല. ഇഷ്ടാനുസരണം തണുപ്പിക്കാവുന്ന ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളാണ്. 12.3 ഇഞ്ച് വലിപ്പത്തില്‍ പൂര്‍ണമായും ഡിജിറ്റലായാണ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ ഒരുക്കിയിട്ടുള്ളത്. പല വര്‍ണങ്ങള്‍ നിറയുന്നതിനൊപ്പം വാഹനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ സ്‌ക്രീനില്‍ തെളിയും. ലെതറും നേര്‍ത്ത പ്ലാസ്റ്റിക്കുകളും,ഉപയോഗിച്ചാണ് ഡാഷ്‌ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്. രണ്ട് പാളികളായി നല്‍കിയിട്ടുള്ള സണ്‍റൂഫ് എക്‌സ്-ട്രെയിലിന് മാത്രമാണ് ഈ ശ്രേണിയില്‍ നല്‍കിയിട്ടുള്ളത്.
ആഡംബര വാഹനങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ് സെന്റര്‍ കണ്‍സോള്‍. ഷിഫ്റ്റ് സെലക്ടറിന് ഒരു ഇന്റര്‍നാഷണല്‍ ഭാവമുണ്ട്. വുഡന്‍ ആവരണമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. വയര്‍ലെസ് ചാര്‍ജര്‍, രണ്ട് കപ്പ് ഹോള്‍ഡര്‍, ഇലക്ട്രിക് പാര്‍ക്കിങ്ങ് ബ്രേക്ക്, ഓട്ടോ ഹോള്‍ഡ്, മോഡ് സെലക്ടര്‍ എന്നിവയാണ് ഈ പാലനിലുള്ളത്. ബട്ടര്‍ഫ്‌ളൈ ആംറെസ്റ്റിലാണ് സെന്റര്‍ കണ്‍സോള്‍ അവസാനിക്കുന്നത്. ഫാബ്രിക് ഫിനിഷിങ്ങിലാണ് സീറ്റുകള്‍. ഇലക്ട്രിക് അഡ്ജസ്റ്റ് ഇല്ലാത്തത് പോരായ്മയാണ്. രണ്ടാം നിര സീറ്റുകള്‍ 40:20:40 അനുപാതത്തിലും മൂന്നാം നിര സീറ്റുകള്‍ 50:50 അനുപാതത്തിലുമാണ് നല്‍കിയിട്ടുള്ളത്. മൂന്നാം നിര സീറ്റുകള്‍ കുട്ടികള്‍ക്ക് ഇണങ്ങുന്നതാണ്. ഇത് മടക്കിവെച്ചാല്‍ വിശാലമായി സ്റ്റോറേജ് സ്‌പേസും ലഭിക്കും.
ഡ്രൈവിങ്
ഗുരുഗ്രാമില്‍ നിന്ന് ആരംഭിച്ച് കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയിലുടെയായിരുന്നു എക്‌സ്-ട്രെയിലിനൊപ്പമുള്ള യാത്ര. ഡ്രൈവ്മോഡിലേക്ക് മാറ്റി കാല്‍ ആക്‌സിലേറ്ററില്‍ അമര്‍ത്തിയപ്പോഴേക്കും വേഗം 80 കിലോമീറ്റര്‍ കഴിഞ്ഞതിന്റെ മുന്നറിപ്പ് എക്‌സ്-ട്രെയില്‍ നല്‍കി. വളരെ അനായാസമായി 100 കടന്നു.ആക്‌സിലറേറ്ററില്‍ കാല്‍ അമര്‍ത്തുന്നതിന് അനുസരിച്ച് സ്പീഡിന്റെ അകങ്ങള്‍ മാറി മറിഞ്ഞു. 1.5 ലിറ്റര്‍ ടര്‍ബോ എന്‍ജിനോട് ഉണ്ടായിരുന്ന എല്ലാ മുന്‍വിധികളും പമ്പകടന്നുവെന്നാണ് പറഞ്ഞുവരുന്നത്. എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന 163 പി.എസ്. പവറും 300 എന്‍.എം. ടോര്‍ക്കും വാഹനത്തിന്റെ കുതിപ്പില്‍ തിരിച്ചറിയാണ്. വേഗമെടുക്കാന്‍ വാഹനം ഒട്ടും തന്നെ കഷ്ടപ്പെടുന്നില്ലെന്ന് സാരം.1.5 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എന്‍ജിന്‍ എന്നതിനെക്കാള്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന വേരിബിള്‍ കംപ്രഷന്‍ സാങ്കേതികവിദ്യയാണ് ഹൈലൈറ്റ്. എന്‍ജിനില്‍ നല്‍കിയിട്ടുള്ള ആക്ചുവേറ്ററിന്റെ സഹായത്തോടെ രണ്ട് കംപ്രഷന്‍ അനുപാതത്തിലാണ് എന്‍ജിന്റെ പ്രവര്‍ത്തനം 14:1 എന്ന അനുപാതത്തില്‍ ഉയര്‍ന്ന ഇന്ധനക്ഷമതയാണെങ്കില്‍ 8:1 എന്ന അനുപാതത്തില്‍ കൂടിയ പവറും എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ബമ്പറില്‍ കണ്ട എയര്‍ സ്‌കൂപ്പുകളുടെ ഗുണം തിരിച്ചറിഞ്ഞത് ഡ്രൈവിങ്ങിലാണ്. ഡ്രാഗ് ഒട്ടും അനുഭവപ്പെടാതിരിക്കാന്‍ അത് സഹായിക്കുന്നുണ്ട്. എക്‌സ്‌ട്രോണിക് സി.വി.ടിയാണ് ഇതിലെ ട്രാന്‍സ്മിഷന്‍. താരതമ്യേന മെച്ചപ്പെട്ട ട്രാന്‍സ്മിഷന്‍ സംവിധാനമാണെങ്കിലും റബര്‍ബാന്റ് എഫക്ട് സി.വി.ടിയുടെ പോരായ്മയാണ്. ഇത് ഒഴിവാക്കുന്നതിനായി ഡി സ്‌റ്റെപ്പ് ലോജിക് കണ്‍ട്രോള്‍ സംവിധാനവും ഡ്യുവല്‍ ഓയില്‍ പമ്പും ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ട്രാന്‍സ്മിഷന്‍ ലാഗ് പൂര്‍ണമായും ഒഴിവാകുകയും പലപ്പോഴും ഡി.സി.ടിയുടെ ഫീല്‍ നല്‍കുകയും ചെയ്യുന്നുണ്ട്.
സുരക്ഷയിലും മുന്നില്‍
എക്‌സ്-ട്രെയിലിന്റെ ശ്രേണിയില്‍ വരുന്ന വാഹനങ്ങളിലെല്ലാം 4×4 സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ ഈ വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. ഈ എസ്.യു.വി. ചെളിയിലോ മറ്റും താഴുകയാണെങ്കില്‍ താഴ്ന്ന ആ ടയര്‍ ലോക്ക് ആകുകയും എതിര്‍ദിശയിലുള്ള ടയറിലേക്ക് പരമാവധി ടോര്‍ക്ക് നല്‍കി അതില്‍ നിന്ന് കയറി വരാന്‍ സാധിക്കുകയും ചെയ്യുന്നതാണ് ഈ സംവിധാനം. ഇതിന് പുറമെ, ഏഴ് എയര്‍ബാഗ്, എ.ബി.എസ്-ഇ.ബി.ഡി. ബ്രേക്കിങ്ങ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഇതില്‍ നല്‍കുന്നുണ്ട്
വില്‍പ്പന
പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചാണ് ഈ വാഹനം ഇന്ത്യയില്‍ എത്തുന്നത്. ആദ്യഘട്ടത്തില്‍ 150 യൂണിറ്റ് മാത്രമാണ് എത്തിച്ചിട്ടുള്ളത്. ഓഗസ്റ്റ് ഒന്നാം തീയതി മുതലാണ് ബുക്കിങ് ആരംഭിക്കുന്നത്. ആവശ്യകത അനുസരിച്ച് എക്‌സ്-ട്രെയിലിന്റെ കൂടുതല്‍ യൂണിറ്റുകള്‍ എത്തിക്കുമെന്നാണ് നിസാന്‍ ഉറപ്പുനല്‍കിയിട്ടുള്ളത്.ഇറക്കുമതി നയം അനുസരിച്ച് ഒരുവര്‍ഷം പരമാവധി 2500 യൂണിറ്റ് വരെ ഇന്ത്യയില്‍ എത്തിക്കാന്‍ സാധിക്കും. ഓഗസ്റ്റ് ഒന്നാം തിയതിയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ വില നിസാന്‍ പ്രഖ്യാപിക്കുന്നത്