മഴയെന്നു കേട്ടാലുടൻ ഉയരുന്ന ചോദ്യമാണ് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയുണ്ടോ?വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തലേദിവസം തന്നെ അവധി പ്രഖ്യാപിക്കാതിരുന്നതിനു പഴികേൾക്കാത്ത കലക്ടർമാർ ചുരുക്കം. എന്തൊക്കെ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് കലക്ടർ അവധി പ്രഖ്യാപിക്കുന്നത്?
കാലാവസ്ഥ പ്രതികൂലമാവുകയും മഴക്കെടുതി ആരംഭിക്കുകയും ചെയ്യുന്നുവെന്നു വിവരം ലഭിച്ചാൽ കലക്ടർ തഹസിൽദാർമാരോടു വിവരം ആരായും. കനത്തമഴയെന്നാണു തഹസിൽദർമാർ റിപ്പോർട്ട് ചെയ്യുന്നതെങ്കിൽ ജില്ലയ്ക്കു മുഴുവൻ അവധി പ്രഖ്യാപിക്കും. അതല്ലെങ്കിൽ ഏതു താലൂക്കിലാണോ സ്ഥിതി ഗുരുതരം അവിടെ മാത്രം അവധി പ്രഖ്യാപിക്കും.
ഇതു കൂടാതെ കാലാവസ്ഥാ പ്രവചനം, റോഡുകളിൽ വെള്ളക്കെട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും കലക്ടർ പരിശോധിക്കും. ചില അവസരങ്ങളിൽ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്നും വിവരം തേടും. സ്ഥിതിഗതി കൂടുതൽ രൂക്ഷമെന്നു തോന്നുമ്പോഴാണ് പ്രഫഷനൽ കോളജുകൾക്ക് ഉൾപ്പെടെ അവധി പ്രഖ്യാപിക്കുന്നത്. അവധി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ടു കലക്ടർക്കു മേലധികാരികളെ ബോധിപ്പിക്കേണ്ടതില്ല.