വൈദ്യശാസ്ത്ര ലോകത്തെ ഞെട്ടിച്ച് ചൈനീസ് കുട്ടി. നാലിഞ്ച് വാലുമായി പിറന്നുവീണ കുഞ്ഞാണ് ഡോക്ടർമാരെ അമ്പരിപ്പിച്ചത്. ഹാംഗ്ഷൗ ചിൽഡ്രൻസ് ആശുപത്രിയിലാണ് സംഭവം. അപൂർവമായ ജനിതക വൈകല്യമാണ് ഇതിന് പിന്നിലെന്ന് പീഡിയാട്രിക് ന്യൂറോ സർജറിയിലെ ഡെപ്യൂട്ടി ചീഫ് ഫിസിഷ്യൻ ഡോ. ലി ഈ വ്യക്തമാക്കി. ഏകദേശം 10 സെൻ്റീമീറ്റർ (3.9 ഇഞ്ച്) നീളമുള്ള, മൃദുവായ, എല്ലില്ലാത്ത ദശ നിറഞ്ഞ മുഴയായ ടെതർഡ് സ്പൈനൽ കോഡ് എന്നറിയപ്പെടുന്ന അവസ്ഥയിൽ നിന്നാണ് ഇത് ഉടലെടുത്തത്. സാധാരണയായി നട്ടെല്ലിന്റെ അടിഭാഗത്തിന് ചുറ്റുമുള്ള കലകളുമായി സുഷുമ്നാ നാഡി അസാധാരണമായി ബന്ധപ്പെട്ടിരിക്കുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. സുഷുമ്നാ കനാലിനുള്ളിൽ സുഷുമ്നാ നാഡി അനിയന്ത്രിതമായി ചലിക്കുന്നുണ്ട്. ചലനവും പ്രവർത്തനവും സുഗമമാക്കുന്നത് ഇപ്രകാരമാണ്. എന്നാൽ സുഷ്മന നാഡിയുടെ ചലനത്തിലുണ്ടാകുന്ന വ്യതിചലനങ്ങൾ നാഡി സംബന്ധമായ പ്രശ്നങ്ങളിലേക്കും വൈകല്യങ്ങളിലേക്കും നയിക്കുന്നു.
നേരത്തെ അമേരിക്കയിലും സമാന രീതിയിൽ വാലുമായി കുഞ്ഞ് ജനിച്ചിരുന്നു. പത്ത് ദിവസം പ്രായമുള്ള കുഞ്ഞിന്റെ വാൽ വിജയകരമായി നീക്കം ചെയ്തിരുന്നു. എന്നാൽ ചൈനയിൽ ജനിച്ച കുട്ടിയുടെ വാൽ നീക്കം ചെയ്യാൻ മാതാപിതാക്കൾ തയ്യാറായിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കുഞ്ഞിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയാണ് ഇതിന് പിന്നിൽ.