“നട്ടുച്ചയെ പോലും ഇരുട്ടിലാഴ്ത്തും; സമ്പൂര്‍ണ സൂര്യഗ്രഹണം വരുന്നു.

നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം ഏപ്രില്‍ ആദ്യവാരം നടക്കും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഹ്രണമാണ് ഏപ്രില്‍ എട്ടിന് നടക്കുക. വടക്കേ അമേരിക്കയിലായിരിക്കും ഇത്തവണ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകുക. 2017 ഓഗസ്റ്റ് 21ന് അമേരിക്കയില്‍ അനുഭവപ്പെട്ട സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് ശേഷം ആറു വര്‍ഷങ്ങള്‍ക്കും ഏഴ് മാസവും 18 ദിവസത്തിനും ശേഷമാണ് അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണം എത്തുന്നത്.
സൂര്യനും ഭൂമിക്കും ഇടയിൽ നേർരേഖയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണു സമ്പൂര്‍ണ സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. 

ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെട്ടിട്ടുള്ളൂ. ഗ്രഹണ ദിവസം ഭൂമിയും ചന്ദ്രനും  സൂര്യനിൽ നിന്ന് ശരാശരി 150 ദശലക്ഷം കിലോമീറ്റർ ദൂരം നിലനിർത്തിയായിരിക്കും സ്ഥിതി ചെയ്യുക. ഇത് 7.5 മിനിറ്റ് നേരത്തേക്ക് സൂര്യനെ പൂര്‍ണമായി മറയ്ക്കും. ഇത്രയും സമയം അപൂർവ സംഭവമാണെന്നാണ് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നത്. ഇതിന് മുന്‍പ് 1973 ലാണ്  ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ സൂര്യഗ്രഹണം നടന്നത്. ഗ്രഹണത്തിന് തൊട്ടുമുമ്പുള്ള ദിവസം ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് എത്തുമ്പോൾ സാധാരണ കാണുന്നതിനേക്കാള്‍ വലിപ്പത്തില്‍ ചന്ദ്രനെ ആകാശത്ത് കാണാനാകും. വെറും 3,60,000 കിലോമീറ്റർ മാത്രം അകലെയായിരിക്കും ചന്ദ്രന്‍ ആ ദിവസം.

വിദഗ്ധരുടെ അഭിപ്രായത്തിൽ സമ്പൂർണ ഗ്രഹണങ്ങൾ മറ്റേതൊരു ചന്ദ്രഗ്രഹണത്തേക്കാളും സൂര്യഗ്രഹണത്തേക്കാളും മനോഹരമാണ്. ഈ സമയം സന്ധ്യപോലെ ആകാശം ഇരുണ്ടിരിക്കാം എന്നും വിദഗ്ദര്‍ പറയുന്നു. ഇത്തവണ സമ്പൂർണ സൂര്യഗ്രഹണത്തോടൊപ്പം ഡെവിൾസ് കോമറ്റ് അഥവാ ചെകുത്താൻ വാൽനക്ഷത്രം എന്നറിയപ്പെടുന്ന വാൽനക്ഷത്രവും ദൃശ്യമായേക്കാം എന്നും പറയുന്നു. ഏപ്രിൽ 8ന് ശേഷം ഇരുപത് വര്‍ഷത്തിനു ശേഷമേ അടുത്ത സമ്പൂര്‍ണ സൂര്യഹ്രണം സാക്ഷ്യം വഹിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കൂ എന്നാണ് നാസ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights