ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ് നമ്മുടെയൊക്കെ അടുക്കളകളിലെ സ്ഥിരം സാന്നിധ്യമായ നെയ്യ്. ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവയുമൊക്കെ നെയ്യിലുണ്ട്. അതുകൊണ്ടുതന്നെ മഴക്കാലത്ത് നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്.
വൈറൽ പനി മുതൽ പല രോഗങ്ങളും മഴക്കാലത്ത് പിടിമുറുക്കും. അണുബാധകൾ പിടിപെടാനും അസുഖങ്ങൾ വരാനും സാധ്യത കൂടുതലായതിനാൽ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. നെയ്യ് ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തും. ബ്യൂട്ടിറേറ്റ് എന്ന സംയുക്തം നെയ്യിൽ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്താനും കഴിയും. മറ്റ് ഭക്ഷണങ്ങളിൽ നിന്ന് ധാതുക്കളും വിറ്റാമിനുകളും ആഗിരണം ചെയ്ത് കൊഴുപ്പിനെ ലയിപ്പിക്കാനും നെയ്യ് സഹായിക്കും.

മഴക്കാലത്ത്, മലബന്ധം, ദഹനക്കേട് തുടങ്ങി പല അസ്വസ്ഥതകളും പതിവായി പിടിമുറുക്കാറുണ്ട്. ഇതുമൂലം അന്നനാളത്തിൽ ഇൻഫ്ലമേഷൻ ഉണ്ടായേക്കാം. നെയ്യ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അന്നനാളത്തിന് അയവ് വരുകയും വയറിൽ ആരോഗ്യകരമായ ബാക്ടീരിയയുടെ അളവ് വർദ്ധിക്കുകയും ചെയ്യും. ഓർമശക്തി വർധിപ്പിക്കാനും നെയ്യ് നല്ലതാണ്. ശരീരത്തിനും മനസ്സിനും ഒപ്പം ചർമത്തിന്റെ ആരോഗ്യത്തിലും നെയ്യ് പങ്കുവഹിക്കുന്നുണ്ട്. മുഖക്കുരു, മുഖത്തെ പാടുകൾ ഇവയെല്ലാം അകറ്റാൻ നെയ്യ് ഉപയോഗിക്കാം. ചർമ്മം മൃദുലമാകാനും ജലാംശം ഉള്ളതാക്കാനും നെയ്യ് സഹായിക്കും. വരൾച്ച മാറ്റി ചർമത്തിന് സ്വാഭാവികമായ തിളക്കം നൽകും.
