മൊബൈൽ നമ്പർ പോർട്ടിങ് സൗകര്യം ദുരുപയോഗിച്ചുള്ള തട്ടിപ്പുകൾ തടയാനായി ടെലികോം റഗുലേറ്ററി അതോറിറ്റി ചട്ടം ഭേദഗതി ചെയ്തിരിക്കുകയാണ് . അതനുസരിച്ച് ജൂലൈ 1 മുതൽ, സിം കാർഡ് മാറിയെടുക്കുന്നവർക്ക് തുടർന്നുള്ള 7 ദിവസത്തിനകം മൊബൈൽ കണക‍്ഷൻ മറ്റൊരു ടെലികോം കമ്പനിയിലേക്ക് പോർട്ട് ചെയ്യാൻ കഴിയില്ല.ഈ സാഹചര്യത്തിൽ നിങ്ങൾ സിം കാർഡ് തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് കണ്ടെത്താനും വഴിയുണ്ട്. തട്ടിപ്പുകാർ നിങ്ങളുടെ പേരിലുള്ള സിം കാർഡ് എടുത്ത് തട്ടിപ്പ് നടത്തുന്നുണ്ടോയെന്ന് വളരെവേഗം അറിയാനുള്ള മാർഗമാണിത്.ടെലികോം ഡിപ്പാർട്ട്‌മെന്റിന്റെ പോർട്ടൽ സന്ദർശിച്ച് നിങ്ങളുടെ പേരിൽ എത്ര സിമ്മുകൾ സജീവമാണെന്ന് എളുപ്പത്തിൽ പരിശോധിക്കാനാകും . സഞ്ചാര സാഥി പോർട്ടൽ (tafcop.sancharsaathi.gov.in) ഇതിനായി ഉപയോഗിക്കാം. tafcop.sancharsaathi.gov.in സന്ദർശിക്കുക അല്ലെങ്കിൽ sancharsaathi.gov.in എന്ന സൈറ്റ് ഓപ്പൺ ചെയ്യുക. സിറ്റിസൺ സെൻട്രിക് സേവനങ്ങളിൽ ടാപ്പ് ചെയ്യുക.
അതിന് ശേഷം Know Your mobile connections എന്നതിൽ ക്ലിക്ക് ചെയ്ത് മൊബൈൽ കണക്ഷനെ കുറിച്ച് പരിശോധിക്കാം. ഇതിനായി ആദ്യം 10 അക്ക മൊബൈൽ നമ്പർ നൽകി കാപ്ച്ച ടൈപ്പ് ചെയ്യുക. ഇതിന് ശേഷം നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് വരുന്ന OTP നൽകുക. തുടർന്ന് വിശദാംശങ്ങൾ സ്ക്രീനിൽ കാണിക്കും. നിങ്ങളുടെ പേരിൽ എത്ര കാർഡുകൾ നൽകിയിട്ടുണ്ടെന്ന് ഇവിടെ കാണാം.അനധികൃത നമ്പർ കണ്ടെത്തിയാൽ, അത് തടയാനും കഴിയും.