കോഴിക്കോട്: നിപ രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ സ്രവം പുണെ വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ടില്‍ പരിശോധനയ്ക്ക്.
മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിന്നാലുകാരനാണ് ചികിത്സയിലുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു..കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള മൂന്ന് പേര്‍ നീരീക്ഷണത്തിലാണ്. നിപ പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2018 മുതൽ ഇതുവരെയുള്ള കാലയളവിൽ നാല് തവണയാണ് കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യതവണ നിപ രോഗബാധയേത്തുടർന്ന് 17 പേർക്ക് ജീവഹാനി സംഭവിച്ചിരുന്നു. 2021 ൽ പന്ത്രണ്ടുകാരനും 2023 ൽ ഓഗസ്റ്റിലും സെപ്റ്റംബറിലുമായി രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു.
നിപ രോഗബാധ സംശയിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേരും. ഉച്ചയ്ക്ക് ശേഷം മലപ്പുറത്താണ് യോഗം. ആരോഗ്യമന്ത്രി വീണ ജോർജ് മലപ്പുറത്തേക്ക് തിരിച്ചു.