നിയോകോവ് വൈറസിനെക്കുറിച്ചുള്ള വാർത്തകളിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവിദഗ്ധർ. ആൽഫ, ഡെൽറ്റ, ഒമിക്രോൺ തുടങ്ങിയവപോലെ കോവിഡിന് കാരണമാകുന്ന ‘സാർസ് കോവ്-2’ വൈറസിന്റെ വകഭേദമല്ല നിയോകോവ്. നേരത്തേത്തന്നെ വവ്വാലുകളിൽ കണ്ടെത്തിയിട്ടുള്ള നിയോകോവ് മനുഷ്യരെ ബാധിക്കാനുള്ള സാധ്യതയില്ലെന്നും ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നു.
അതിവ്യാപനശേഷിയും മൂന്നിലൊരാളിൽ മരണത്തിന് കാരണമാവുകയും ചെയ്തേക്കാവുന്ന പുതിയ വൈറസിനെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയെന്ന തരത്തിൽ കഴിഞ്ഞദിവസങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ചൈനയിലെ വുഹാനിൽനിന്നുള്ള ശാസ്ത്രജ്ഞർ ‘ബയോആർക്കൈവ്സ്’ എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് നിയോകോവ് മനുഷ്യരെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ, ഈ പഠനം വേണ്ടത്ര വിശകലനങ്ങൾക്ക് വിധേയമായിട്ടില്ല.
വർഷങ്ങൾക്കുമുമ്പേ ദക്ഷിണാഫ്രിക്കയിൽ വവ്വാലുകളിൽ നിയോകോവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളതാണ്. കൊറോണ വൈറസ് കുടുംബത്തിലെ ഒരു അംഗമാണ് നിയോകോവും. ‘മിഡിൽ ഈസ്റ്റേൺ റെസ്പിറേറ്ററി സിൻഡ്രോം’ എന്ന രോഗത്തിന് കാരണമാകുന്ന മെഴ്സ് കോവ് വൈറസുകളോട് 75 ശതമാനത്തോളം സാമ്യമുണ്ട് നിയോകോവിന്. എന്നാൽ, വവ്വാലുകളുടെ കോശങ്ങളിൽ കയറിപ്പറ്റുംപോലെ മനുഷ്യകോശങ്ങളെ ബാധിക്കാനുള്ള ജനിതകഘടന നിലവിൽ വൈറസിനില്ല. സ്പൈക് പ്രോട്ടീനിൽ ജനിതകമാറ്റം സംഭവിച്ചാൽമാത്രമേ മനുഷ്യർക്ക് നിയോകോവ് ഭീഷണിയാവുകയുള്ളൂ. ഇതിനുള്ള വിദൂരസാധ്യത ചൂണ്ടിക്കാട്ടുകമാത്രമാണ് പുതിയ പഠനത്തിലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
2013-ലാണ് നിയോകോവ് വൈറസിനെ കണ്ടെത്തിയത്. ഇതുവരെ മനുഷ്യരെ ബാധിച്ചതായി റിപ്പോർട്ടില്ല. വവ്വാലുകളിൽ അനേകം വൈറസുകളുണ്ട്. അവയെക്കുറിച്ചുള്ള ഒരു പഠനം മാത്രമാണിപ്പോൾ പുറത്തുവന്നത്. വവ്വാലിന്റെ കോശത്തിൽ പ്രവേശിക്കാൻ വൈറസിനെ സഹായിക്കുന്ന റിസപ്റ്ററുകളും മനുഷ്യകോശത്തിൽ പ്രവേശിക്കാൻ സഹായിക്കുന്ന റിസപ്റ്ററുകളും തമ്മിൽ വ്യത്യാസമുണ്ട്. ലളിതമായിപ്പറഞ്ഞാൽ വവ്വാൽ കോശങ്ങളിലെ പൂട്ടുതുറക്കാനുള്ള താക്കോൽ മാത്രമേ വൈറസിന്റെ കൈവശമുള്ളൂ. അതുപയോഗിച്ച് മനുഷ്യകോശങ്ങളുടെ പൂട്ടുതുറക്കാനാവില്ല.