ബാങ്കിൽ നിന്ന് ലോണെടുക്കാൻ ഒരുതവണയെങ്കിലും ശ്രമിച്ചിട്ടുള്ളവർക്ക് അറിയാം അതിനുള്ള കഷ്ടപ്പാട്. ഇത്തരം പ്രശ്നങ്ങളൊന്നുമില്ലാതെ എളുപ്പത്തിൽ കിട്ടുന്നു എന്ന കാരണത്താലാണ് കൂടുതൽപ്പേരും സ്വകാര്യ ബാങ്കുകളെയും ചൈനീസ് ആപ്പുകളെയുമൊക്കെ ആശ്രയിക്കുന്നത്. ഇത് പലപ്പോഴും ഊരാക്കുടുക്കാവുകയും ചെയ്യും. എന്നാൽ ഇനി അത്തരം പ്രശ്നങ്ങളൊന്നുമില്ലാതെ അപേക്ഷ നൽകി മണിക്കൂറുകൾക്കകം നിങ്ങൾക്ക് ലോൺ ലഭിക്കും.
രാജ്യത്തെ പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോൺ പേയാണ് ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ലോൺ ലഭ്യമാക്കുന്നത്. അർഹതയുണ്ടെങ്കിൽ അതിവേഗം ലോൺ ലഭിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. രേഖകൾ സമർപ്പിക്കൽ ഉൾപ്പെടെ എല്ലാം നിങ്ങൾക്ക് വീട്ടിലിരുന്ന് മൊബൈൽ ഫോണിലൂടെ തന്നെ ചെയ്യാം. ഫോൺപേ വഴി എങ്ങനെ ലോൺ ലഭിക്കുമെന്ന് പരിശോധിക്കാം.
ഫോൺപേ ആപ്പ് തുറക്കുക. അപ്പോൾ തന്നെ പ്രധാന സ്ക്രീനിൽ ലോൺ ഓപ്ഷൻ ലഭ്യമാണ്. ഏതുതരത്തിലുള്ള ലോൺ വേണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.ബൈക്ക്,കാർ, വിദ്യാഭ്യാസം, വീട്, സ്വർണം, മ്യൂച്ചൽ ഫണ്ടുകൾ- ഷെയറുകൾ എന്നിവയിൽ നിന്നുള്ള ലോൺ എന്നിങ്ങനെ ആ പട്ടികയ്ക്ക് ഏറെ നീളമുണ്ട്. ഏതുതരത്തിലുളള ലോണാണ് വേണ്ടതെന്ന് തീരുമാനിച്ചുകഴിഞ്ഞാൽ ആവശ്യമായ തുകയും ലോൺ അടച്ചുതീർക്കാനുള്ള കാലാവധിയും തിരഞ്ഞെടുക്കാം. ഇ എം ഐയായും ദിവസേനയുള്ള അടവുകളായും തിരിച്ചടവുണ്ട്. ഇതിൽ നിങ്ങളെക്കൊണ്ട് പറ്റുന്നത് തിരഞ്ഞെടുക്കാം. തിരിച്ചടവിനുള്ള തീയതിയും നിങ്ങൾക്കുതന്നെ തീരുമാനിക്കാം..ഇനിയാണ് വളരെ പ്രധാനപ്പെട്ട ഘട്ടം വരുന്നത്. വ്യക്തിഗത വിവരങ്ങൾ നൽകുകയാണ് ഇവിടെ ചെയ്യുന്നത്. ഇവ നൽകുന്നതോടെ കെ വൈ സി പരിശോധിക്കും. എല്ലാം ഓകെയാണെങ്കിൽ നിങ്ങളുടെ അപേക്ഷ അംഗീകരിക്കും. തുടർന്ന് ലോൺ കരാർ വ്യവസ്ഥകൾ അംഗീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നിർദ്ദേശം ലഭിക്കും അങ്ങനെ ചെയ്യുന്നതോടെ വായ്പാ തുക അക്കൗണ്ടിലെത്തും. ചിലപ്പോൾ 48 മണിക്കൂർ വരെ ഇതിന് സമയമെടുക്കും.