പ്രസവാനന്തര കാലഘട്ടത്തിലെ പരിചരണവും ചികിത്സയും ശാസ്ത്രീയമാണോ?.

 പ്രസവം കഴിഞ്ഞാൽ പാത്രം നിറയെ ചോറ്, ദേഹം അനങ്ങരുതെന്ന് ചട്ടം; എപ്രകാരമാകണം പ്രസവാനന്തര പരിചരണം ?

 ആരോഗ്യ സൂചിക വളരെ മെച്ചപ്പെട്ട നിലവാരത്തിൽ നിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. ഗർഭകാലത്തും പ്രസവസമയത്തും ശാസ്ത്രീയമായുള്ള പരിചരണം കാംക്ഷിക്കുകയും അതിനുവേണ്ട തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യുന്നവരാണ് കേരളീയർ എന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ പ്രസവാനന്തര കാലഘട്ടത്തിലെ പരിചരണവും ചികിത്സയും ശാസ്ത്രീയമാണോ എന്ന് ചോദിച്ചാൽ ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

 പ്രസവാനന്തര കാലത്തു ലഭിക്കേണ്ട പരിചരണം എന്തായിരിക്കണം എന്ന് പറയുന്നതിനു മുമ്പ് പ്രസവാനന്തര കാലഘട്ടത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

പ്രസവാനന്തര വ്യതിയാനങ്ങൾ പ്രസവം കഴിഞ്ഞാലുടൻ തന്നെ ആരംഭിക്കും. പ്രസവം കഴിഞ്ഞുള്ള ആദ്യത്തെ 12 ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രകടമായ മാറ്റങ്ങളുണ്ടാകുമെങ്കിലും ഗർഭ പാത്രം, യോനീഭാഗം മുതലായ പ്രത്യുൽപാദന അവയവങ്ങൾ പൂർവസ്ഥിതിയിൽ ആക്കാൻ 4-6 ആഴ്ച വരെ എടുക്കും.

ഗർഭസമയത്ത് ഒരു കിലോഗ്രാം വരെ ഭാരം വയ്ക്കുന്ന ഗർഭാശയം ചുരുങ്ങി ഏകദേശം ഒരു മാസം കൊണ്ട് 100 ഗ്രാം ആകും. ഗർഭാശയത്തിൽ മാത്രമല്ല ഗർഭാശയ മുഖത്തും, യോനീഭാഗത്തും ഈ വ്യത്യാസങ്ങൾ പ്രകടമാണ്. ഗർഭസമയത്ത് കുഞ്ഞിന് വേണ്ട രക്തവും അതുവഴി ഓക്സിജനും പോഷകങ്ങളും കൊടുത്തു കൊണ്ടിരിക്കുന്ന മറുപിള്ളയിരുന്ന സ്ഥലത്തെ പാടയും ബാക്കി ഗർഭാശയത്തിന്റെ പാടയും കൊഴിഞ്ഞു പോവുകയും ചുരുങ്ങി പൂർവസ്ഥിതിയിൽ ആവുകയും ചെയ്യുന്നു. ഇങ്ങനെ കൊഴിഞ്ഞു പോകുന്ന പാടയാണ് പ്രസവം കഴിഞ്ഞ് കാണുന്ന യോനീസ്രവത്തിനു കാരണം. നല്ല ചുവപ്പു നിറത്തിൽ വരുന്ന ഈ സ്രവത്തിന് നിറവ്യത്യാസം വന്ന് വെള്ളനിറത്തിൽ ആയിരിക്കും അവസാന ദിവസങ്ങളിൽ പോവുക. 24 മുതൽ 36 ദിവസം വരെ ഈ യോനി സ്രവം നിലനിൽക്കാം.

Verified by MonsterInsights