പ്രമേഹ രോഗികൾ ദുരിതത്തിൽ; ഇൻസുലിൻ കിട്ടാനില്ല .

ഇൻസുലിൻ പേന ഉപയോഗിച്ച്‌ കുത്തിവെക്കുന്നതിന് ഇൻസുലിൻ അടക്കംചെയ്ത കാട്രിജ്‌ കിട്ടാനില്ല.ഇതോടെ, ഈരീതിയിൽ മരുന്ന്‌ കുത്തിവെക്കുന്ന പ്ര‌മേഹരോഗികൾ ദുരിതത്തിലായി. രണ്ടു‌മാസമായി ഇൻസുലിൻ പേനയിലുപയോഗിക്കുന്ന മരുന്നിന്‌ ക്ഷാമമുണ്ട്.. ഒരാഴ്ചയായി പലയിടത്തും മരുന്ന്‌ തീരെ കിട്ടുന്നില്ല. സിറിഞ്ചുപയോഗിച്ച് കുത്തിവെക്കുന്ന മരുന്ന്‌ ഇൻസുലിൻ പേനയിൽ ഉപയോഗിക്കാൻ കഴിയില്ല.
അളവ്‌ കൃത്യമായിരിക്കുമെന്നതിനാൽ, പ്രമേഹരോഗികളിൽ ഒട്ടേറെപ്പേർ ഇൻസുലിൻ പേന ഉപയോഗിക്കുന്നവരാണ്‌.




മൂന്ന്‌ ബ്രാൻഡ്‌ മരുന്നാണ്‌ കേരളത്തിലുള്ളത്‌. ഏറെ പ്രചാരത്തിലുള്ള ഹ്യൂമൻ മിക്സ്‌റ്റാർഡ്‌ എന്ന ബ്രാൻഡാണ്‌ കിട്ടാതായത്‌. വൊക്കാർഡ്, ലില്ലി എന്നീ മറ്റു‌രണ്ട്‌ ബ്രാൻഡിനും ആവശ്യക്കാരേറിയതോടെ മൂന്നിനത്തിനും ക്ഷാമമായി. കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഇപ്പോൾ മരുന്നില്ല.
മരുന്നിന്റെ ലഭ്യത കുറഞ്ഞുതുടങ്ങിയപ്പോൾത്തന്നെ പലരും കൂടുതൽ വാങ്ങിക്കൊണ്ടുപോയതായി മെഡിക്കൽ സ്റ്റോർ ഉടമകൾ പറയുന്നു. ഇതും ഇപ്പോഴത്തെ ക്ഷാമത്തിന്‌ കാരണമാണ്‌. മരുന്ന്‌ നിർമിക്കുന്നതിനുളള ഘടകങ്ങൾ വിദേശത്തുനിന്ന്‌ ഇറക്കുമതി ചെയ്യുന്നതാണ്‌.ഇറക്കുമതിയിലുണ്ടായ തടസ്സങ്ങളാണ്‌ ക്ഷാമത്തിന്‌ ഒരു കാരണം. മരുന്ന്‌ വിതരണക്കമ്പനിയുടെ കാക്കനാട്ടുള്ള യാർഡ്‌ മാറ്റുന്നതുമായി ബന്ധപ്പെട്ട പ്രശ്നവും കാരണമായി പറയുന്നുണ്ട്‌. ഇപ്പോഴത്തെ പ്രതിസന്ധിക്ക്‌ പരിഹാരമുണ്ടാകാൻ കുറഞ്ഞത്‌ മൂന്നാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ്‌ വിതരണക്കാർ പറയുന്നത്‌.






Verified by MonsterInsights