പിടി 7 ആനയ്ക്ക് വലത് കണ്ണിന് കാഴ്ചയില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്; പെല്ലറ്റ് തറച്ചതാവാമെന്ന് സംശയം

ധോണി മേഖലയിൽ നിന്ന് വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ പിടി 7 എന്ന കാട്ടാനയ്ക്ക് വലത് കണ്ണിന് കാഴ്ചയില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. ഹൈക്കോടതി നിയോഗിച്ച സമിതിയുടേതാണ് കണ്ടെത്തൽ. പെല്ലറ്റ് തറച്ചതോ അപകടത്തിലോ ആകാം കാഴ്ച ശക്തി നഷ്ടമായതെന്നാണ് സമിതിയുടെ നിഗമനം. അതേസമയം ആനയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ല.മയക്ക് വെടിവെച്ച് പിടികൂടുന്നതിന് മുൻപ് തന്നെ കാഴ്ച ശക്തി നഷ്ടമായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പിടികൂടുമ്പോൾ ആനയുടെ ശരീരത്തിൽ നിന്നും പെല്ലറ്റ് കണ്ടെത്തിയിരുന്നു. ഒരുക്ഷേ ജനവാസ മേഖലയിൽ ഇറങ്ങിയപ്പോൾ കമ്പി കൊണ്ടോ അല്ലെങ്കിൽ പെല്ലറ്റ് തറച്ചോ ആകാം കാഴ്ചശക്തി നഷ്ടമായതെന്നാണ് വിലയിരുത്തൽ.




കാഴ്ച പ്രശ്നത്തിന് ആനയ്ക്ക് മരുന്ന് നൽകിയെങ്കിലും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. കൂട്ടിലടച്ചത് മുതൽ ആനയ്ക്ക് തുള്ളി മരുന്ന് നൽകി വരുന്നുണ്ടായിരുന്നുവെന്നും വനംവകുപ്പ് അറിയിച്ചു.നിലവിൽ ആനയുടെ ഇടതുവശത്ത് നിന്നാണ് പാപ്പാൻമാർ അതിന് ഭക്ഷണവും വെള്ളവും നൽകുന്നത്. 20 വയസാണ് ആനയുടെ പ്രായം.ആനയ്‌ക്ക് തുടര്‍ചികിത്സ ആവശ്യമാണെന്ന് വനം വകുപ്പ് വിദഗ്‌ധ സമിതിയെ അറിയിച്ചിട്ടുണ്ട്. ടി 7 പൂർണ തോതിൽ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും ഡ. അരുൺ സക്കറിയയുടെ സഹായം തേടാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു




visat 1

പാലക്കാട് ധോണി മേഖലയെ വിറപ്പിച്ച കാട്ടാനയെ ആറ് മാസങ്ങൾക്ക് മുൻപായിരുന്നു മയക്കുവെടിവെച്ച് വനംവകുപ്പ് പിടികൂടിയത്. 72 അംഗ ദൗത്യ സംഘമായിരുന്നു ആനയെ പിടികൂടിയത്. ചീഫ് വെറ്റിനറി സർജനായ ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറും അമ്പത് മീറ്റർ അകലെ നിന്ന് ആനയുടെ ചെവിക്ക് പിന്നിലേക്ക് വെടിവെയ്ക്കുകയായിരുന്നു. തുടർന്ന് കുങ്കി ആനകളുടെ സഹായത്തോടെ ഏകദേശം നാല് മണിക്കൂർ എടുത്താണ് ആനയെ കാടിന് വെളിയിൽ എത്തിച്ചത്.2022 മുതൽ ധോണി, മായാപുരം, മുണ്ടൂർ മേഖലകളെ മുൾമുനയിൽ നിർത്തിയ കൊമ്പനായിരുന്നു പിടി 7. ആന ജനവാസ മേഖലയിൽ ഇറങ്ങി വലിയ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. മാത്രമല്ല പ്രഭാത സവാരിക്കിറങ്ങിയ ആളെ ആന ചവിട്ടിക്കൊല്ലുകയും ചെയ്തിരുന്നു. മായാപുരം സ്വദേശി ശിവരാമനായിരുന്നു കൊല്ലപ്പെട്ടത്. തുടർന്ന് നാട്ടുകാരെല്ലാം ആനയെ പിടികൂടണമെന്ന ആവശ്യം ശക്തമാക്കി. ഇതിന് പിന്നാലെയായിരുന്നു ദിവസങ്ങൾ നീണ്ട ദൗത്യത്തിനൊടുവിൽ പിടി 7 നെ പിടികൂടിയത്.




Verified by MonsterInsights