രാജേഷ് ഗോപിനാഥന്‍ ടിസിഎസ് സിഇഒ സ്ഥാനം രാജിവെച്ചു; പുതിയ സിഇഒ കെ. കൃതിവാസൻ

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസിലെ സിഇഒ സ്ഥാനത്ത് നിന്ന് രാജിവെച്ച് രാജേഷ് ഗോപിനാഥന്‍. വ്യക്തിപരമായ കാരണങ്ങളാലാണ് അദ്ദേഹത്തിന്റെ രാജിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം, കമ്പനിയുടെ പുതിയ സിഇഒയായി കെ. കൃതിവാസന്‍ ചുമതലയേല്‍ക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

നോമിനേഷന്‍ ആന്‍ഡ് റെമ്യൂണറേഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം 2023 മാര്‍ച്ച് 16 ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ നിയുക്ത ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി കെ. കൃതിവാസനെ നിയമിച്ചതായും കമ്പനി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് 2023 മാര്‍ച്ച് 16 മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതാണ് എന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായി അദ്ദേഹം ചുമതലയേല്‍ക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. ഇവ പ്രാബല്യത്തിലാകുന്ന തീയതി പിന്നീട് അറിയിക്കുന്നതാണ്.

ട്രിച്ചിയിലെ എന്‍ഐടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദം നേടിയ വ്യക്തിയാണ് രാജേഷ് ഗോപിനാഥന്‍. പിന്നീട് ഐഐഎം-അഹമ്മദാബാദില്‍ നിന്ന് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും ഇദ്ദേഹം നേടിയിട്ടുണ്ട്.

കഴിഞ്ഞ 25 വര്‍ഷമായി രാജേഷിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഇക്കാലയളവില്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുടെ ജോലി ഉള്‍പ്പെടെ വിവിധ പദവികളില്‍ മാതൃകാപരമായ സേവനമാണ് രാജേഷ് കാഴ്ചവെച്ചത്. കഴിഞ്ഞ 6 വര്‍ഷമായി, രാജേഷ് കമ്പനിയുടെ എംഡിയും സിഇഒയും എന്ന നിലയില്‍ പ്രവര്‍ത്തിച്ച് വരുന്നു. ടിസിഎസിന്റെ വളര്‍ച്ചയിലേക്കുള്ള രാജേഷിന്റെ മഹത്തായ സംഭാവനയെ ഞാന്‍ അങ്ങേയറ്റം അഭിനന്ദിക്കുന്നു,’ എന്നാണ് രാജേഷ് ഗോപിനാഥന്റെ രാജിയെപ്പറ്റി ടിസിഎസ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ പറഞ്ഞത്.

”ടിസിഎസിലെ 22 വര്‍ഷത്തെ സേവനം ഞാന്‍ വളരെയധികം ആസ്വദിച്ചു. ഇക്കാലയളവില്‍ ചന്ദ്രനുമായി അടുത്ത് പ്രവര്‍ത്തിക്കാനും സാധിച്ചു. ഇക്കാലയളവില്‍ എനിക്ക് വളരെയധികം പ്രചോദനം നല്‍കിയതും ഇദ്ദേഹമാണ്. കഴിഞ്ഞ ആറ് വര്‍ഷം ഈ വലിയ സ്ഥാപനത്തെ മു്‌ന്നോട്ട് നയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. 10 ബില്യണ്‍ ഡോളറിലധികം വരുമാന വര്‍ധനവും വിപണി മൂലധനത്തില്‍ 70 ബില്യണ്‍ ഡോളറിന്റെ വര്‍ധനവും രേഖപ്പെടുത്തിയിരുന്നു,’ എന്നായിരുന്നു രാജേഷ് ഗോപിനാഥന്റെ പ്രതികരണം.

ആരാണ് കെ.കൃതിവാസന്‍ ?

നിലവില്‍ ടിസിഎസിലെ ബാങ്കിംഗ്-ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ് (BFSI) ബിസിനസ് ഗ്രൂപ്പിന്റെ പ്രസിഡന്റും ആഗോള തലത്തിലെ തലവന്‍ കൂടിയാണ് കെ. കൃതിവാസന്‍. 1989 ല്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ ചേര്‍ന്ന ഇദ്ദേഹം 34 വര്‍ഷത്തിലേറെയായി ആഗോള സാങ്കേതിക മേഖലയുടെ ഭാഗമായി പ്രവര്‍ത്തിച്ച് വരികയാണ്.

മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചീനയറിംഗില്‍ ബിരുദവും ഐഐടി കാണ്‍പൂരില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് മാനേജ്മെന്റ് എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും ഇദ്ദേഹം നേടിയിട്ടുണ്ട്. ടിസിഎസിലെ തന്റെ ദീര്‍ഘകാല സേവനത്തിനിടെ കമ്പനിയുടെ വിവിധ വിഭാഗങ്ങളില്‍ നേതൃപരമായ പദവികള്‍ ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

Verified by MonsterInsights