എന്ത് കഴിക്കുന്നു എന്നത് പോലെ തന്നെ പ്രധാനമാണ് എപ്പോള്‍ കഴിക്കുന്നു എന്നതും. രാവിലെയും രാത്രിയിലും ഭക്ഷണം നേരത്തെ കഴിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്‌ക്കുമെന്ന് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു.
സ്‌പെയ്‌നിലെ ബാര്‍സലോണ ഇന്‍സ്‌റ്റിറ്റിയൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്തിലെയും ഫ്രാന്‍സിലെ സെന്റര്‍ ഓഫ് റിസര്‍ച്ച് ഇന്‍ എപ്പിഡെമോളജി ആന്‍ഡ് സ്‌റ്റാറ്റിസ്‌റ്റിക്‌സിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. ഗവേഷണഫലം നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചു.
ശരാശരി 42 വയസ്സ് പ്രായമുള്ള 1,03,389 പേരില്‍ ഏഴ് വര്‍ഷത്തോളമാണ് പഠനം നടത്തിയത്. പഠനസമയത്ത് ഇതില്‍ 2036 പേര്‍ക്ക് ഹൃദ്രോഗം ബാധിക്കപ്പെട്ടു. പ്രഭാതഭക്ഷണത്തിന്റെയും അത്താഴത്തിന്റെയും സമയം വൈകിക്കുന്നത് വര്‍ദ്ധിച്ച ഹൃദ്രോഗസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു.
രാവിലെ ഭക്ഷണം കഴിക്കാന്‍ വൈകുന്ന ഓരോ മണിക്കൂറും ഹൃദ്രോഗ സാധ്യത ആറ് ശതമാനം വച്ച് വര്‍ദ്ധിച്ചു കൊണ്ടിരിക്കും. രാത്രിയിലെ ഭക്ഷണം ഒന്‍പത് മണിക്ക് ശേഷം കഴിക്കുന്നവരില്‍ എട്ട് മണിക്ക് മുന്‍പ് ഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത 28 ശതമാനം അധികമാണെന്നും ഗവേഷകര്‍ കണ്ടെത്തി. നേരത്തെ ഭക്ഷണം കഴിച്ച് രാത്രി മുഴുവനുള്ള ഉപവാസത്തിന്റെ നേരം ഓരോ മണിക്കൂര്‍ വര്‍ദ്ധിക്കുന്നതും ഹൃദ്രോഗ സാധ്യത ഏഴ് ശതമാനം വച്ച് കുറയ്‌ക്കുന്നതായും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
കലോറി കത്തിക്കാനും വിശപ്പ് നിയന്ത്രിക്കാനുമുള്ള ശരീരത്തിന്റെ ശേഷി ശരീരത്തിലെ സ്വാഭാവിക ക്ലോക്കായ സിര്‍കാഡിയന്‍ റിഥവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. ഭക്ഷണം കഴിക്കുന്ന നേരങ്ങള്‍ ഈ റിഥവുമായി യോജിക്കാത്ത പക്ഷം കൊഴുപ്പിനെ ശേഖരിക്കുന്ന ഹോര്‍മോണുകളുടെ തോത് ഉയരുകയും ഇത് വഴി ഭാരവര്‍ധനയുണ്ടാകുകയും ചെയ്യും. അതേ സമയം ഭക്ഷണത്തിന്റെ സമയക്രമത്തിനൊപ്പവും നിലവാരവും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും പഠനറിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു.