യുവാക്കളില്‍ ഹൃദയാഘാത മരണങ്ങള്‍ വ്യാപകം; കരുതിയിരിക്കാം ഈ ലക്ഷണങ്ങളെ

നല്ല ആരോഗ്യവാന്മാരായ യുവാക്കളില്‍ പലരും ഹൃദയാഘാതം മൂലം പെട്ടെന്നു കുഴഞ്ഞ്‌ വീണ്‌ മരിക്കുന്ന ദാരുണ സംഭവങ്ങള്‍ കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി വ്യാപകമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌. ഇതില്‍ സാധാരണക്കാര്‍ തൊട്ട്‌ ഫിറ്റ്‌നസ്‌ ട്രെയ്‌നറുള്ള, നിത്യേന ജിമ്മും വര്‍ക്ക്‌ഔട്ടുമൊക്കെ ചെയ്യുന്ന സെലിബ്രിറ്റികളും സിനിമ താരങ്ങളും വരെ ഉള്‍പ്പെടുന്നു. മലയാള സിനിമ നടി ലക്ഷ്‌മിക സജീവന്റെ മരണമാണ്‌ ഇത്തരത്തില്‍ ഏറ്റവും അടുത്ത്‌ നമ്മെ നടുക്കിയ ഒരു ഹൃദയാഘാത മരണം. വെറും 27 വയസ്സായിരുന്നു ലക്ഷ്‌മികയുടെ പ്രായം. പുനീത്‌ രാജ്‌കുമാര്‍, ചിരഞ്‌ജീവി സര്‍ജ. സിദ്ധാര്‍ത്ഥ ശുക്ല തുടങ്ങിയ പല സിനിമ, ടിവി താരങ്ങളുടെ അകാല മരണങ്ങളും ഹൃദയാഘാതം മൂലമായിരുന്നു.

പല കാരണങ്ങള്‍ കൊണ്ട്‌ യുവാക്കളില്‍ ഹൃദയാഘാത മരണം സംഭവിക്കാറുണ്ടെന്ന്‌ സ്‌പര്‍ഷ്‌ ഹോസ്‌പിറ്റലിലെ അഡ്വാന്‍സ്‌ഡ്‌ ഹാര്‍ട്ട്‌ ഫെയിലര്‍ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ ട്രാന്‍സ്‌പ്ലാന്റ്‌ കാര്‍ഡിയോളജിസ്‌റ്റ്‌ ഡോ. പി. അശോക്‌ കുമാര്‍ എച്ച്‌ടി ലൈഫ്‌സ്റ്റൈലിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഹൃദയത്തിലെ രക്തധമനികള്‍ ബ്ലോക്കാകുന്ന കൊറോണറി ആര്‍ട്ടറി രോഗമാണ്‌ സര്‍വസാധാരണമായ കാരണങ്ങളില്‍ ഒന്ന്‌. രക്തധമനികളുടെ ഭിത്തികളില്‍ കൊഴുപ്പും കൊളസ്‌ട്രോളും മറ്റ്‌ വസ്‌തുക്കളും അടിയുന്ന അതെറോസ്‌ക്ലിറോസിസ്‌ ആണ്‌ മറ്റൊരു കാരണം.

ഹൃദയതാളത്തിന്‌ വരുന്ന പ്രശ്‌നങ്ങളും ജനിതക കാരണങ്ങളും പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതത്തിനു പിന്നിലുണ്ടാകാം. ജന്മനാലുള്ള ഹൃദയതകരാറുകളാകാം മറ്റൊരു കാരണം. ഹൃദയപേശികളെ കട്ടിയാക്കുന്ന കാര്‍ഡിയോമയോപതിയും ചിലപ്പോള്‍ ഹൃദയാഘാതത്തിന്‌ കാരണമാകാം. പുകവലി, മദ്യപാനം, സംസ്‌കരിച്ചതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങളുടെ അമിതഉപയോഗം, അലസ ജീവിതശൈലി എന്നിവയും ഹൃദ്രോഗപ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകാം. അമിത വണ്ണവും ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒരു ഘടകമാണ്‌.

വിദേശികളെ അപേക്ഷിച്ച്‌ ഇന്ത്യക്കാര്‍ക്ക്‌ ഹൃദ്രോഗം നേരത്തെ തന്നെ വരാനുള്ള സാധ്യത അധികമാണെന്നും ഡോ. അശോക്‌ ചൂണ്ടിക്കാട്ടി. നെഞ്ച്‌ വേദന, നെഞ്ചിന്‌ അസ്വസ്ഥത പോലുള്ള ലക്ഷണങ്ങളെ കരുതിയിരിക്കേണ്ടതുണ്ട്‌. പലരും വയറിന്റെ പ്രശ്‌നമായി കണ്ട്‌ നെഞ്ച്‌ വേദനയെ അവഗണിക്കാറുണ്ട്‌. നെഞ്ചെരിച്ചില്‍, കഴുത്ത്‌ വേദന, ഇടത്‌ കൈയ്‌ക്ക്‌ വേദന തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കരുതെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. ക്രമം തെറ്റിയ ശ്വാസവും കിതപ്പും ഹൃദയാഘാതം വരാന്‍ പോകുന്നതിന്റെ ലക്ഷണമാകാം. തലകറക്കം, ബോധം കെടല്‍ , ഓക്കാനം, ഛര്‍ദ്ദി പോലുള്ള ലക്ഷണങ്ങളും ഹൃദയാഘാതത്തോട്‌ അനുബന്ധിച്ച്‌ വരാറുണ്ട്‌. ഇത്തരം ലക്ഷണങ്ങളെ കരുതിയിരുന്ന്‌ അടിയന്തിരമായി വൈദ്യസഹായം തേടുന്നത്‌ വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാന്‍ സഹായിക്കും. 

friends catering

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights