രാവിലെ ഷുഗര്‍ കൂടാതിരിക്കാൻ പ്രമേഹമുള്ളവര്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍.

പ്രമേഹം, നമുക്കറിയാം ഒരു ജീവിതശൈലീരോഗമാണ്. എന്നാല്‍ ജീവതശൈലീരോഗമെന്ന് പ്രമേഹത്തെ ഇന്ന് നിസാരവത്കരിക്കാൻ ആരും താല്‍പര്യപ്പെടാറില്ല. കാരണം മുൻകാലങ്ങളെ അപേക്ഷിച്ച് പ്രമേഹം എത്രമാത്രം അപകടകരമായ അവസ്ഥയാണെന്നും, അത് ശ്രദ്ധിച്ചില്ലെങ്കില്‍ ജീവൻ തന്നെ ഭീഷണിയിലാകുമെന്നും ഇന്ന് മിക്കവരും മനസിലാക്കുന്നുണ്ട്.

പ്രമേഹം പിടിപെട്ടാല്‍ അത് ജീവിതരീതികളിലൂടെയും ആവശ്യമെങ്കില്‍ ചികിത്സയിലൂടെയും നിയന്ത്രിച്ച് മുന്നോട്ട് കൊണ്ടുപോകാൻ മാത്രമേ നമുക്ക് സാധിക്കൂ. അല്ലാതെ അത് പൂര്‍ണമായും ഭേദപ്പെടുത്തല്‍ പ്രയാസമാണ്. മിക്കവരെയും പിടികൂടുന്ന ടൈപ്പ്- 2 പ്രമേഹം അങ്ങനെ ഭേദപ്പെടുത്തിയെടുക്കാൻ സാധിക്കില്ല.

രാവിലെകളില്‍ പ്രമേഹമുള്ളവരില്‍ ഷുഗര്‍ കൂടാറുണ്ട്. ഇത് ‘നോര്‍മല്‍’ തന്നെയാണ്. എന്നാല്‍ ഇതിനെ ശ്രദ്ധിക്കാതെയോ കൈകാര്യം ചെയ്യാതെയോ അങ്ങനെ തന്നെ വിടരുത്. അത് അപകടമാണ്. എന്നാല്‍ രാവിലെ ഷുഗര്‍ കൂടുമ്പോള്‍ അത് നിയന്ത്രിക്കാൻ എന്താണ് ചെയ്യാനാവുക? തീര്‍ച്ചയായും ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ഷുഗര്‍ നിയന്ത്രിക്കാൻ നമുക്ക് സാധിക്കുന്നതാണ്. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ് എന്നാണിനി വിശദമാക്കുന്നത്.

കഴിയുന്നതും എല്ലാ ദിവസവും സമയം തെറ്റാതെ തന്നെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുക. ബ്രേക്ക്ഫാസ്റ്റ് വളരെ ബാലൻസ്ഡ് ആയി, ആരോഗ്യകരമായ രീതിയില്‍ തന്നെ കഴിക്കാൻ ശ്രദ്ധിക്കണം. നല്ലതുപോലെ പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണങ്ങളാണ് പ്രമേഹരോഗികള്‍ക്ക് ബ്രേക്ക്ഫാസ്റ്റിന് നല്ലത്. ഇതിനൊപ്പം വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ കൂടി ഉറപ്പുവരുത്താനായാല്‍ അത്രയും നല്ലത്. അധികം കാര്‍ബ് കഴിക്കാതിരിക്കുക. ഇത് പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ അമിതമായി കഴിക്കുകയും അരുത്. “ആഡഡ് ഷുഗര്‍ കലര്‍ന്നിട്ടുള്ള ഭക്ഷണ-പാനീയങ്ങള്‍ രാവിലെ കഴിക്കുകയേ അരുത്. പാക്കറ്റില്‍ വാങ്ങുന്ന ജ്യൂസുകള്‍, സ്വീറ്റെൻഡ് സെറില്‍സ്, ഫ്ളേവേര്‍ഡ് യോഗര്‍ട്ട് എന്നിങ്ങനെയുള്ളവയെല്ലാം ഒഴിവാക്കണം. വീട്ടിലുണ്ടാക്കുന്ന ഹെല്‍ത്തിയായ ഭക്ഷണം തന്നെ കഴിക്കുന്നതാണ് നല്ലത്.

ഷുഗറുള്ളവര്‍ രാവിലെ നേരെ കാപ്പിയിലേക്ക് തിരിയുന്നതും അത്ര നല്ലതല്ല. ഇതൊഴിവാക്കാൻ പറ്റാത്ത ശീലമായിട്ടുള്ളവരാണെങ്കില്‍ മധുരം ചേര്‍ക്കാതെ അല്‍പം കാപ്പിയോ ചായയോ ആകാം. എന്നാല്‍ അധികമാകാതെ നോക്കണം. കാരണം കാപ്പിയിലും ചായയിലുമെല്ലാം അടങ്ങിയിരിക്കുന്ന കഫീൻ എന്ന പദാര്‍ത്ഥം അധികമാകുന്നത് പ്രമേഹമുള്ളവര്‍ക്ക് നല്ലതല്ല.

രാവിലെ ആവശ്യത്തിന് വെള്ളം കുടിക്കാനും മറക്കരുത്. രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിന് ഇതും ഏറെ സഹായിക്കും. ഉറമെഴുന്നേറ്റ് ആദ്യം തന്നെ ഒരു വലിയ ഗ്ലാസ് ഇളംചൂട് വെള്ളത്തില്‍ തുടങ്ങുകയാണ് വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights