റെക്കോഡ് തകര്‍ച്ച തുടരുന്നു: രൂപയുടെ മൂല്യം 82ലേയ്ക്ക്

വിദേശ നിക്ഷേപകരുടെ വില്പന സമ്മര്‍ദവും ഡോളര്‍ സൂചികയിലെ കുതിപ്പുമാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കുപിന്നില്‍.


യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. രാവിലത്തെ വ്യാപാരത്തിനിടെ മൂല്യം 81.93 നിലവാരത്തിലേയ്‌ക്കെത്തി. മുന്‍ വ്യപാര ദിനത്തിലെ ക്ലോസിങ് നിലവാരായ 81.58ല്‍നിന്ന് 0.42ശതമാനമാണ് ഇടിവ്.

വിദേശ നിക്ഷേപകരുടെ വില്പന സമ്മര്‍ദവും ഡോളര്‍ സൂചികയിലെ കുതിപ്പുമാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കുപിന്നില്‍. വിദേശ നിക്ഷേപകര്‍ ഒരാഴ്ചയ്ക്കുള്ളില്‍ 10,000 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിറ്റൊഴിഞ്ഞത്.


82-83 നിലവാരത്തിലേയ്ക്ക് രൂപയുടെ മൂല്യമിടിയുമെന്നാണ് വിലയിരുത്തല്‍. മൂല്യമുയര്‍ത്താന്‍ ആര്‍ബിഐ ശ്രമിക്കുന്നുണ്ടെങ്കിലും പരിമിതമായിമാത്രമാണ് അത് വിപണിയില്‍ പ്രതിഫലിക്കന്നത്. അതിനിടെ, യുഎസിലെ ട്രഷറി ആദായം നാലുശതമാനത്തിലെത്തി. അപകടകരമായി തുടരുന്ന പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ നിരക്ക് ഉയര്‍ത്തല്‍ തുടരേണ്ടതുണ്ടെന്ന കേന്ദ്ര ബാങ്ക് മേധാവി ജെറോം പവല്‍ ആവര്‍ത്തിച്ചതാണ് ആദായംകൂടാന്‍ ഇടയാക്കിയത്.

ഏഷ്യയിലെ പ്രധാന വികസ്വര വിപണികളിലെ കറന്‍സികള്‍ കടുത്ത സമ്മര്‍ദത്തിലാണ്.പ്രധാന കറന്‍സികളുമായി ഡോളറിന്റെ കരുത്ത് അളക്കുന്ന ഡോളര്‍ സൂചിക 114.53ലേയ്ക്ക് ഉയര്‍ന്നു.


Verified by MonsterInsights