പത്തനാപുരം,ചടയമംഗലം മണ്ഡലങ്ങളിലെ റോഡ് നിര്‍മ്മാണത്തിനുള്ള യന്ത്രസാധനസാമഗ്രികള്‍ റെയില്‍ മാര്‍ഗം കൊല്ലത്ത് എത്തിച്ചു. 30 ടോറസ് ലോറികളടക്കം അറുപതിലേറെ വാഹനങ്ങളും യന്ത്രസാമഗ്രികളുമാണ് റെയിൽവേ ഫ്ലാറ്റ് ഗുഡ്സ് വാഗണുകളിലെത്തിച്ചത്. കേരളത്തിലാദ്യമായാണ് ഇത്തരത്തില്‍ ഫ്ലാറ്റ് ഗുഡ്സ് വാഗണുകൾ ഉപയോഗിച്ചു വാഹനങ്ങൾ റെയിൽ മാർഗം എത്തിക്കുന്നത്. 19 ന് ചണ്ഡിഗഡിൽ നിന്ന് വാഹനങ്ങളുമായി പുറപ്പെട്ട ഗുഡ്സ് ട്രെയിൻ പത്ത് ദിവസത്തിന് ശേഷമാണ് ഇന്നലെ രാവിലെ 11 മണിയോടെ കൊല്ലത്ത് എത്തിച്ചേര്‍ന്നത്.
പത്തനാപുരം, ചടയമംഗലം നിയോജക മണ്ഡലങ്ങള്‍ക്ക് പുറമെ തിരുവനന്തപുരം ജില്ലയിലും കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) കിഫ്ബി സഹായത്തോടെ നിർമിക്കുന്ന റോഡുകളുടെ നിർമാണത്തിന് കരാറെടുത്തിരിക്കുന്നത് ചണ്ഡിഗഡ് ആസ്ഥാനമായ എൽഎസ്ആർ ഇൻഫ്രാ കോൺ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്.
കമ്പനിയുടെ വാഹനങ്ങളും യന്ത്ര സാമഗ്രികളുമടക്കം 1321 ടൺ ഭാരം 3211 കിലോമീറ്റർ ദൂരം കൊണ്ടുവരാൻ 45 ലക്ഷം രൂപയാണ് റെയിൽവേ ഈടാക്കിയത്. റോഡ് മാർഗം എത്തിച്ചാൽ ഉണ്ടാകുന്ന 2 കോടിയോളം രൂപയുടെ ചെലവും പാരിസ്ഥിതിക പ്രശ്നങ്ങളും റെയിൽവേ ചരക്ക് നീക്കത്തിലൂടെ ഒഴിവാക്കാൻ കഴിഞ്ഞു എന്നതാണ് ഇതിന്‍റെ സവിശേഷത.
ദേശീയപാത വികസനവും ഗ്രീൻഫീൽഡ് ഹൈവേയും അടക്കം ഒട്ടേറെ റോഡ് വികസനങ്ങൾ ജില്ലയിൽ നടക്കാനിരിക്കെ റെയിൽ മാർഗം യന്ത്രസാമഗ്രികളും വാഹനങ്ങളും എത്തിക്കുന്നത് പദ്ധതിച്ചെലവു കുറയ്ക്കും. ദേശീയപാതയോട് 100 മീറ്റർ മാത്രം അകലമുള്ള കൊല്ലം റെയിൽവേ സ്റ്റേഷൻ ചരക്ക് നീക്കത്തിന് തിരുവനന്തപുരം ഡിവിഷനിലെ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്.
റോഡ് നിര്‍മ്മാണത്തിന് ആധുനിക രീതി; ചെലവ് കുറവ്, പരിസ്ഥിതി സൗഹൃദം
കെആർഎഫ്ബി മേൽനോട്ടത്തിൽ ഫുൾ ഡെപ്ത്ത് റെക്ലമേഷൻ (എഫ്ഡിആർ) സാങ്കേതികവിദ്യയിൽ സംസ്ഥാനത്തെ ആദ്യ റോഡുകളുടെ നിർമാണമാണ് പത്തനാപുരത്തും ചടയമംഗലത്തും ആരംഭിക്കുന്നത്. രണ്ട് മണ്ഡലങ്ങളിലും തിരുവനന്തപുരം ജില്ലയിലുമായി 200 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് എൽഎസ്ആർ ഇൻഫ്രാകോൺ നടപ്പിലാക്കുന്നത്.
നിലവിൽ റോഡ് നിർമാണത്തിനായി ബിഎം ആൻഡ് ബിസി സാങ്കേതിക വിദ്യയാണ് കേരളത്തില്‍ ഉപയോഗിക്കാറുള്ളത്. ഇതിനെക്കാള്‍ പണച്ചെലവ് ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദമായ നിർമാണ രീതിയുമാണ് എഫ്ഡിആർ. റോഡുകളുടെ പുനരുപയോഗ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നതാണ് ഈ സാങ്കേതികവിദ്യയുടെ പ്രത്യേകത.
- നിലവിലെ റോഡ് യന്ത്രസഹായത്തോടെ പൊളിച്ചു തരികളാക്കി സിമന്റും ചുണ്ണാമ്പുകല്ലും കാൽസ്യം ക്ലോറൈഡ് അടക്കമുള്ള രാസപദാർഥങ്ങളും കലർത്തി മിശ്രിതമാക്കി റോഡ് നിർമാണത്തിന് ഉപയോഗിക്കുന്നതാണ് എഫ്ഡിആർ സാങ്കേതികവിദ്യ.
- മെറ്റൽ, രാസപദാർഥങ്ങൾ ചേർത്ത് തയാറാക്കിയ മിശ്രിതം എന്നിവയുടെ 4 അടുക്കുകളായി 5.5 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുന്നത്. റോഡ് നിർമാണത്തിൽ ഉണ്ടാകുന്ന മാലിന്യ പ്രശ്നങ്ങളും ഭീമമായ ചെലവും ഇതിലൂടെ കുറയ്ക്കാനാകും.
- മറ്റ് റോഡുകളെ അപേക്ഷിച്ചു കൂടുതൽ കാലം നിലനിൽക്കുമെന്നതും എഫ്ഡിആർ സാങ്കേതിക വിദ്യയുടെ മേന്മയാണ്.