ശബരിമലയിൽ നടവരവായി ലഭിച്ച 180 പവൻ സ്വർണം ആറന്മുളയിലെ സ്ട്രോങ് റൂമിലെത്തിച്ചത് 40 ദിവസം വൈകി

ശബരിമലയിൽ നടവരവായി ലഭിച്ച 180 പവൻ സ്വർണം ആറന്മുളയിലെ സ്ട്രോങ് റൂമിലെത്തിച്ചത് 40 ദിവസം വൈകിയെന്ന് കണ്ടെത്തൽ. ശബരിമലയിലെ സ്വർണം യഥാസമയം ദേവസ്വംബോർഡിന്റെ ആറന്മുളയിലെ സ്‌ട്രോങ് റൂമിൽ എത്തിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് തിരുവാഭരണം കമ്മീഷണർ കണ്ടെത്തിയിരിക്കുന്നത്.

ഡിസംബർ 27 മുതൽ ജനുവരി 19വരെ ലഭിച്ച 180 പവൻ സ്വർണം ഇന്നലെയാണ് സ്ട്രോങ് റൂമിൽ എത്തിച്ചത്. നടയടച്ചതിനുശേഷം ഒരാഴ്ചയ്ക്കുള്ളിൽ സ്വർണവും വെള്ളിയുമെല്ലാം സ്‌ട്രോങ്‌ റൂമിലെത്തിക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി.അതിനിടെ കെ.എസ്.എഫ്.ഇയില്‍ ജോലികിട്ടിപോയ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ സ്ട്രോങ് റൂമിന്‍റെ താക്കോല്‍ കൈമാറാതെ കൈവശം വച്ചെന്നും കണ്ടത്തിയിട്ടുണ്ട്.

ശബരിമലയിൽത്തന്നെ സ്വർണ ഉരുപ്പടികൾ സൂക്ഷിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചതായി തിരുവാഭരണം കമ്മിഷണർ അറിയിച്ചു. ശബരിമലയിൽ നടവരവായി ഇത്തവണത്തെ മണ്ഡല-മകരവിളക്ക് കാലഘട്ടത്തിൽ 410 പവൻ സ്വർണമാണ് ഇത്തവണ ലഭിച്ചത്.

ശബരിമലയിൽ നടവരവായി ലഭിച്ച സ്വർണവും വെള്ളിയും പൂർണമായും സ്ട്രോങ് റൂമിൽ സൂക്ഷിച്ചിട്ടില്ലെന്ന് സമൂഹമാധ്യമങ്ങളിൽ ആരോപണം ഉയർന്നിരുന്നു. ഇതേത്തുടർന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപൻ ആറന്മുളയിലെ സ്ട്രോങ്റൂം തുറന്നു പരിശോധന നടത്താൻ തിരുവാഭരണം കമ്മിഷണർ ജി. ബൈജുവിന് നിർദേശം നൽകിയിരുന്നു. ദേവസ്വം ജീവനക്കാരുടെ ഇടയിലെ തർക്കമാണു വിവരങ്ങൾ പുറത്തറിയാൻ ഇടയാക്കിയത്.

എന്നാൽ വഴിപാടായി ലഭിക്കുന്ന സ്വർണം സന്നിധാനത്തു സൂക്ഷിച്ചശേഷം ഒരുമിച്ച് കൊണ്ടുവന്ന് ആറന്മുളയിലെ സ്ട്രോങ് റൂമിൽ വയ്ക്കുകയാണ് പതിവെന്നും ഇപ്പോഴാണ് കണക്കു നോക്കി സ്വർണം എടുത്ത് കൊണ്ടുവരാൻ കഴിഞ്ഞതെന്നും കെ.അനന്തഗോപൻ വിശദീകരിച്ചു. കണക്കെടുപ്പിൽ സ്വർണം, വെള്ളി എന്നിവയിൽ കുറവ് കണ്ടെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Verified by MonsterInsights