സർക്കാർ ജീവനക്കാരുടെ ശബളം അടുത്ത മാസവും വൈകാൻ സാധ്യത”

 സാമ്പത്തിക പ്രതിസന്ധി  കാരണം സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ ഏപ്രിൽ മാസത്തെ ശമ്പള വിതരണവും വൈകിയേക്കും.  രണ്ടാം തീയതിയോട് കൂടി ആദ്യ പ്രവൃത്തി ദിവസം ശമ്പളം ലഭിക്കേണ്ട ബില്ലുകൾ ട്രഷറിയിൽ നിന്നു പാസാകുമെങ്കിലും അക്കൗണ്ടിൽ എത്താൻ അഞ്ചാം തീയതി ആകുമെന്നാണ്  ലഭിക്കുന്ന വിവരം.

 

രണ്ട്, മൂന്ന് പ്രവൃത്തി ദിവസങ്ങളിൽ ശമ്പളം ലഭിക്കേണ്ടവർക്ക് അതിനു ശേഷം ശമ്പളം ലഭിക്കും. പത്താം തീയതിയോട് കൂടി ശമ്പളം എല്ലാവരുടെയും കയ്യിലെത്തും. മാർച്ച് മാസത്തെ അതേ മാതൃകയിലായിരിക്കും ഏപ്രിലിലും ശമ്പള വിതരണമെന്ന് അറിയുന്നു.

 

ഗ്രാൻ്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളിലും പല പൊതുമേഖല സ്ഥാപനങ്ങളിലും മാർച്ചിൽ ലഭിക്കേണ്ട ശമ്പളം ഇതുവരെയും കൊടുത്തിട്ടില്ല.വിഷുവിന് മുൻപ് രണ്ട് മാസത്തെ ക്ഷേമപെൻഷൻ കൊടുക്കാമെന്ന വാഗ്ദാനവും സർക്കാരിന് പാലിക്കാനുണ്ട്. 1800 കോടിയോളം രൂപ ഇതിന് കണ്ടെത്തണം.പുതിയ സാമ്പത്തിക വർഷം ആയതിനാൽ 34000 കോടിയോളം കടമെടുക്കാൻ വകുപ്പുണ്ട്. കടം എടുക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാൻ പത്താം തീയതി വരെ കാത്തിരിക്കേണ്ടി വരും.

ചരിത്രത്തിലാദ്യമായി ശമ്പളം മുടങ്ങിയത് 2023- 24 സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തെ മാസമെങ്കിൽ 2024 – 25 സാമ്പത്തിക വർഷത്തെ ആദ്യമാസം ശമ്പളം വൈകും എന്നത് ആശങ്കയോടെയാണ് ജീവനക്കാർ കാണുന്നത്.

 

ആഭ്യന്തരം, റവന്യു, ട്രഷറി, ജിഎസ്‌ടി വകുപ്പുകളിലും സെക്രട്ടേറിയേറ്റിലുമായി ഏകദേശം 97000 പേർക്കാണ് മാസത്തിലെ ആദ്യ ദിനം ശമ്പളം കിട്ടേണ്ടത്. ലോക്സഭ തെരെഞ്ഞടുപ്പ് നടക്കാനിരിക്കെ ശബളം വൈകുന്നത് പ്രതിപക്ഷം ആയുധമാക്കാനിടയുണ്ട്.

Verified by MonsterInsights